യുഎഇയിൽ ചൂട് കൂടുന്നു; മുന്നറിയിപ്പുമായി അധികൃതർ
രാജ്യത്താകമാനം ചൂട് വർധിക്കുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(എൻ.സി.എം). ഈ സാഹചര്യത്തിൽ താമസക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ സമൂഹ മാധ്യമ സന്ദേശത്തിൽ പറഞ്ഞു. തിങ്കളാഴ്ച രാജ്യത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് അബൂദബിയിലെ അൽ ശവാമിഖിലും ഫുജൈറയിലെ തവായിനിലുമാണ്. ഇവിടങ്ങളിൽ ഉച്ച 1.15ന് 45.9ഡിഗ്രിയാണ് താപനില രേഖപ്പെടുത്തിയത്. സാധാരണ അൽഐനിലെ ചില ഉൾപ്രദേശങ്ങളിലാണ് ഉയർന്ന താപനില രേഖപ്പെടുത്താറുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിലാണ് രാജ്യത്താകമാനം താപനില 38ഡിഗ്രിക്കും 45ഡിഗ്രിക്കും ഇടയിലെത്തിയത്.കാലാവസ്ഥ കേന്ദ്രത്തിൻറെ മുന്നറിയിപ്പ് പ്രകാരം രാജ്യത്തെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതൽ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളിൽ 40ഡിഗ്രി മുതൽ 45ഡിഗ്രി വരെ ചൂട് അനുഭവപ്പെടും. രാത്രി സമയങ്ങളിൽ ഈർപ്പ നിലവാരം വർധിക്കുന്നത് രാവിലെ സമയങ്ങളിൽ മൂടൽ മഞ്ഞിന് കാരണമായേക്കും. ചൂട് വർധിക്കുന സാഹചര്യത്തിൽ കൂടുതലായി വെള്ളം കുടിക്കാനും കനത്ത വെയിലിൽ ജോലി ചെയ്യുന്നത് ഒഴിവാക്കാനും സംരക്ഷണ വസ്ത്രങ്ങൾ ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്. അതിനിടെ, ഈ വർഷം മാത്രം 110 ക്ലൗഡ് സീഡിങ് ഫ്ലൈറ്റുകൾ പറത്തിയെന്ന് എൻ.സി.എം വെളിപ്പെടുത്തി. എന്നാൽ, കാലാവസ്ഥ സാഹചര്യം കാരണമായി ഇത്തവണ കൂടുതലായി മഴ ലഭിച്ചിട്ടില്ല. ഇ വർഷം ശൈത്യകാലത്ത് മഴ വളരെ കുറവാണ് ലഭിച്ചത്. ജനുവരി 14ന് റാസൽഖൈമയിലെ ജബൽ ജെയ്സിൽ പെയ്ത 20.1 മില്ലിമീറ്റർ രേഖപ്പെടുത്തിയ മഴയാണ് ശൈത്യകാലത്തെ ഏറ്റവും ശക്തമായ മഴ. കഴിഞ്ഞ വർഷം ശക്തമായ മഴയാണ് ഇതേ സമയം രാജ്യത്ത് ലഭിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)