വ്യാജ ചെക്ക് കേസ്; ഖത്തറിൽ ഇരക്ക് 20 ലക്ഷം റിയാൽ നഷ്ടപരിഹാരം
ദോഹ: വ്യാജചെക്ക് കേസ് പരാതിയില്‍ ഇരക്ക് 20 ലക്ഷം റിയാല്‍ നഷ്ടപരിഹാരം വിധിച്ച് ഖത്തര്‍ കോടതി. ബിസിനസ് പങ്കാളി നൽകിയ വ്യാജചെക്ക് കേസിലാണ് ഇരക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചത്. പ്രാദേശിക അറബി മാധ്യമമായ അല്‍ ശര്‍ഖാണ് ഇതു സംബന്ധിച്ച വിധി റിപ്പോർട്ട് ചെയ്തത്.
സംഭവം ഇങ്ങനെ: ബിസിനസ് പങ്കാളിയായ സുഹൃത്തിനെ ജാമ്യക്കാരനാക്കി ഇരയായ പരാതിക്കാരൻ ധനകാര്യ സ്ഥാപനത്തിൽനിന്നും 1.62 ലക്ഷം റിയാലിന്റെ വാഹന വായ്പയെടുത്തുകൊണ്ടാണ് സംഭവങ്ങളുടെ തുടക്കം. ജാമ്യക്കാരന് ഗ്യാരണ്ടിയായി ബ്ലാങ്ക് ചെക്കും നല്കി. എന്നാല്‍, പത്തു വര്‍ഷത്തിനുശേഷം പരാതിക്കാരനെതിരെ ബിസിനസ് പങ്കാളി ഈ ബ്ലാങ്ക് ചെക്ക് ഉപയോഗിച്ചു. ഗ്യാരണ്ടി ചെക്കിൽ മാറ്റം വരുത്തി 2.85 കോടി ഖത്തര്‍ റിയാലിന്റെ വ്യാജ ചേക്ക് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇതിന്റെ ഫലമായി പരാതിക്കാരന് മൂന്നു വര്‍ഷം തടവും യാത്രവിലക്കും കോടതി വിധിച്ചു. പക്ഷേ ചെക്കിലെ കൈയക്ഷരത്തില്‍ മാറ്റമുണ്ടെന്ന് കാണിച്ച് പരാതിക്കാരന് നൽകിയ അപ്പീല്‍ വഴിത്തിരിവായി. സത്യം വെളിവായതോടെ തട്ടിപ്പ് നടത്തിയ ബിസിനസ് പങ്കാളി പരാതിക്കാരന് 20 ലക്ഷം ഖത്തര്‍ റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പോലും ചെക്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ അതീവ സൂക്ഷ്മത പാലിക്കണമെന്ന് നിയമ വിദഗ്ധര്‍ ഓര്‍മിപ്പിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)