സ്കൂൾ വിദ്യാഭ്യാസത്തിൽ രക്ഷിതാക്കളുടെ പങ്ക് ഉറപ്പാക്കാൻ യുഎഇ; പദ്ധതികൾ ഇങ്ങനെ
പഠനത്തിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികളുടെ ഉന്നമനം ഉറപ്പാക്കാൻ സ്കൂളുകളോടൊപ്പം രക്ഷിതാക്കളും കൈകോർക്കണമെന്ന് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. ഇതിനായി സ്കൂളുകളിൽ മാതാപിതാക്കൾ പ്രത്യേക സത്യവാങ്മൂലം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മക്കളെ സ്കൂളിലേക്ക് അയയ്ക്കുന്നതോടെ മാതാപിതാക്കളുടെ ഉത്തരവാദിത്തം തീരുന്നില്ല. പഠനം മെച്ചപ്പെടുത്താനുള്ള പിന്തുണ തുടർച്ചയായി ഉണ്ടാകണം. അക്കാദമിക നിലവാരം ഉയർത്തുന്നതിനുള്ള പുതിയ നീക്കവുമായി സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ സ്കൂൾ അധികൃതരുമായി യോഗങ്ങളിൽ പങ്കെടുക്കുകയും നിർദേശം അനുസരിച്ച് പ്രവർത്തിക്കുകയുംവേണം.
പരീക്ഷകളിൽ ഡി, ഇ, എഫ് ഗ്രേഡുകൾ ലഭിക്കുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി. പഠനം മെച്ചപ്പെടുത്തുന്നതിൽ മാതാപിതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനാണ് സത്യവാങ്മൂലം സമർപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം കുട്ടികളുടെ രക്ഷിതാക്കളും സ്കൂളിലെ അക്കാദമിക് വിദഗ്ധരും കൂടിക്കാഴ്ച നടത്തണം. ഈ ചർച്ചകളിൽ ഓരോ വിദ്യാർഥിയുടെയും നേട്ടവും കോട്ടവും വിലയിരുത്തി അനുയോജ്യമായ പിന്തുണാ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാനാണ് നിർദേശം. സർക്കാർ, സ്വകാര്യ സ്കൂളുകളിലെ പ്രാദേശിക, വിദേശ സിലബസ് വിദ്യാർഥികൾക്കെല്ലാം നിയമം ബാധകമാണ്.
രക്ഷകർത്താവിനുള്ള സന്ദേശം എന്ന പേരിലുള്ള രേഖയിൽ വിദ്യാർഥിയുടെ നിലവിലെ പഠന നിലവാരം വിശദമാക്കുന്നതിനൊപ്പം വിദ്യാഭ്യാസ ഉന്നമനത്തിനായി രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ചെയ്യേണ്ട കാര്യങ്ങളും അക്കമിട്ട് നിരത്തണമെന്നും നിർദേശിച്ചു. ഇവയെല്ലാം വായിച്ച് മനസ്സിലാക്കുകയും സ്കൂളുമായി ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധരാണെന്ന് ഒപ്പിട്ടു നൽകുകയും വേണം. ഓരോ വിദ്യാർഥികളുടെയും കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് വ്യക്തിഗത പരിഹാര പദ്ധതികൾ വികസിപ്പിക്കണമെന്ന് സ്കൂളുകൾക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
വിദ്യാർഥികളുടെ മോശം പ്രകടനത്തിനു പിന്നിൽ വ്യക്തിഗത സവിശേഷതകൾ മുതൽ സാമൂഹിക ഘടകങ്ങൾ വരെയുണ്ട്. ബൗദ്ധിക വെല്ലുവിളികൾ, പഠിക്കാതിരിക്കുക, മടിയൻമാരുമായുള്ള സഹവാസം, വിദ്യാർഥിയുടെ താൽപര്യത്തിനും ശേഷിക്കും വിരുദ്ധമായി സ്ട്രീമുകൾ തിരഞ്ഞെടുക്കുക, ക്ലാസിൽ ഹാജരാകാതിരിക്കുക, ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുക, വീട്ടിൽ പഠിക്കാനുള്ള അന്തരീക്ഷമില്ലായ്മ തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ. ഇത്തരം പ്രശ്നങ്ങൾ മറികടക്കാൻ പ്രത്യേക സമിതികൾ രൂപീകരിച്ച് പിന്തുണ നൽകി വിദ്യാർഥിയെ മകവിന്റെ ഉയരങ്ങളിലേക്ക് കൈപിടിച്ചാനയിക്കണമെന്നും ഇതിന് സ്കൂളുകളുടെയും രക്ഷിതാക്കളുടെയും കൂട്ടായ ശ്രമം അനിവാര്യമാണെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പ്രശ്നം നേരത്തെ കണ്ടെത്തി ഫലപ്രദമായ നടപടി സ്വീകരിക്കാൻ വൈകരുതെന്നും ഓർമിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)