ഗള്‍ഫിലേക്ക് വിസ വാഗ്ദാനം ചെയ്ത് 90 ലക്ഷത്തോളം രൂപ തട്ടി; മലയാളി മുംബൈയില്‍ അറസ്റ്റില്‍
ഗൾഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി മുംബൈയില്‍ അറസ്റ്റില്‍. 90 ലക്ഷത്തോളം രൂപ തട്ടിയെടുത്ത തിരുവല്ല കാരക്കൽ സ്വദേശി റോബിൻ സക്കറിയയെ (40) ആണ് കണ്ണമാലി പോലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പുത്തൻതോട് സ്വദേശിക്ക് കുവൈത്തിൽ റിഗ്ഗിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 4,95,000 രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. പണം കൈപ്പറ്റിയശേഷം കുവൈത്തിലേക്കു പോകാൻ തയാറായി മുംബൈയിലേക്ക് വരാൻ ആവശ്യപ്പെട്ട പ്രതി, പരാതിക്കാരൻ മുംബൈയിൽ എത്തിയപ്പോൾ മുങ്ങുകയായിരുന്നു. രണ്ട് മാസത്തോളം മുംബൈയിൽ താമസിച്ച ശേഷവും റോബിൻ സക്കറിയയെക്കുറിച്ച് വിവരമൊന്നും കിട്ടാതിരുന്നതോടെ നാട്ടിലേക്ക് മടങ്ങിയ പുത്തൻതോട് സ്വദേശി പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് മുംബൈയിലെത്തി റോബിനെ പിടികൂടുകയായിരുന്നു. കണ്ണമാലി പോലീസ് എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിൽ എഎസ്ഐ ഫ്രാൻസിസ്, സിപിഒ അരുൺജി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. റോബിനെ അറസ്റ്റ് ചെയ്തതറിഞ്ഞ് തട്ടിപ്പിനിരയായ ഒട്ടേറെ പേർ പരാതിയുമായി എത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)