രാമചന്ദ്രൻ മരിച്ചതറിയാതെ ഭാര്യ; കൺമുന്നിൽ വെച്ച് അച്ഛൻ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ മകൾ; കാശ്മീർ ഭീകരാക്രമണത്തിൽ മരിച്ചവരിൽ മുൻ യുഎഇ പ്രവാസിയും
കശ്മീരിലെ പഹൽഗാമിൽ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് ഇടപ്പള്ളിയിലെ മങ്ങാട്ട് നീരാഞ്ജനം വീട്. ഭാര്യയ്ക്കും മകൾക്കും ഇരട്ടകളായ പേരക്കുട്ടികൾക്കുമൊപ്പം യാത്രപോയ എൻ രാമചന്ദ്രൻ മകളുടെ കൺമുന്നിൽവെച്ചാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മകൾ ആരതിക്കു നേരേ തോക്കു ചൂണ്ടിയെങ്കിലും വെടിവയ്ക്കാതെ ഒഴിവാക്കി. ഇതിനെല്ലാം സാക്ഷികളായ ആരതിയുടെ ആറുവയസ്സുകാരായ ഇരട്ടക്കുട്ടികൾ അലമുറയിട്ട് കരഞ്ഞു.ഹൃദ്രോഗിയായ ഭാര്യ ഷീല ഈ സമയം കാറിൽ ഇരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സംഭവമൊന്നും അറിഞ്ഞില്ല. ഇവരെല്ലാം കശ്മീരിലെ ഹോട്ടലിൽ സുരക്ഷിതരാണ്. രാമചന്ദ്രൻ മരിച്ച വിവരം ഷീലയെ ഇതുവരെ അറിയിച്ചിട്ടില്ല. ഹൈദരാബാദിലേക്കും അവിടെ നിന്ന് കശ്മീരിലേക്കുമായിരുന്നു രാമചന്ദ്രനും കുടുംബവും യാത്ര പോയത്. ദുബായിൽ സ്ഥിരതാമസക്കാരിയായ മകൾ ആരതിയും കുട്ടികളും വിഷു ആഘോഷിക്കാൻ ഇടപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഹൈദരാബാദിലെ ബന്ധുവിനെ സന്ദർശിച്ച ശേഷമായിരുന്നു ഇവരുടെ കശ്മീർ യാത്ര. ഏറെക്കാലം ദുബായിലും ഖത്തറിലും രാമചന്ദ്രൻ സെക്യൂരിറ്റി സർവീസ് ഏജൻസി നടത്തിയിരുന്നു. ഭാരതീയ വിദ്യാഭവനിൽ അധ്യാപികയായിരുന്നു ഭാര്യ ഷീല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)