‘സുരക്ഷിതത്വമാണ് പ്രധാനം’, ഖത്തറിൽ സെയ്ഫ് അലി ഖാന് പുതിയ അവധിക്കാല വസതി
ദോഹ: ഖത്തറിൽ സ്വന്തമായൊരു പുതിയ വീട് സ്വന്തമാക്കി ബോളിവുഡ് താരം സൈഫ് അലി ഖാൻ. മുംബൈയിലെ വീട്ടിൽ വെച്ച് അക്രമിയുടെ കുത്തേറ്റ് പരിക്കു പറ്റിയതിനു പിന്നാലെയാണ് സുരക്ഷ കൂടി കണക്കിലെടുത്ത് താരം ഖത്തറിൽ ആഢംബര വീട് സ്വന്തമാക്കിയത്. ഖത്തറിലെ ആഢംബര മേഖലയായ പേൾ ഖത്തറിലെ മർസ അറേബ്യ ഐലൻഡിൽ ദി സെൻറ് റേജിസിലാണ് സൂപ്പർ താരം പുതിയ വീട് വാങ്ങിയത്. പ്രമുഖ ബിസിനസ്, റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ അൽ ഫർദാൻ മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബോളിവുഡ് താരത്തിൻെറ പുതിയ വീട് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഖത്തറിലെ സുരക്ഷയും, ഭംഗിയും പ്രശംസിച്ച അദ്ദേഹം ഇന്ത്യയുമായുള്ള അടുപ്പവും പരിഗണിച്ചാണ് കുടുംബത്തിന് സുരക്ഷിതമായൊരു രണ്ടാം വീട് അറബ് രാജ്യത്ത് സ്വന്തമാക്കാൻ തീരുമാനിച്ചതെന്ന് വെളിപ്പെടുത്തി. സുരക്ഷയോടൊപ്പം വീട്ടിൽ നിന്ന് അകലെയുള്ള തൻെറ രണ്ടാം വീടാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജനുവരി 16ന് മുംബൈ ബാന്ദ്രയിലെ വസതിയിൽ വെച്ച് സൈഫ് അലി ഖാന് കുത്തേറ്റത് വലിയ വാർത്തയായിരുന്നു. അർധരാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമിയുമായുള്ള ഏറ്റുമുട്ടലിൽ സൈഫിന് കഴുത്തിലും പുറത്തും കൈയിലുമായി ആഴത്തിൽ കുത്തേറ്റിരുന്നു. അഞ്ചു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമായിരുന്നു താരം വീട്ടിലേക്ക് മടങ്ങിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)