
അവൻ ഹീറോയാണ്, ഞങ്ങൾക്ക് ജീവിതം നൽകിക്കൊണ്ടാണ് അവൻ മരണത്തിലേക്ക് എടുത്തുചാടിയത്; യുഎഇ തീപിടിത്തത്തിൽ മരിച്ച പ്രവാസിയുടെ ഓർമകളിൽ വിതുമ്പി സുഹൃത്തുക്കൾ
അവൻ ഹീറോയാണ്, ഞങ്ങൾക്ക് ജീവിതം നൽകിക്കൊണ്ടാണ് അവൻ മരണത്തിലേക്ക് എടുത്തുചാടിയത്. എന്നും ഞങ്ങളുടെ ഓർമയിൽ അവനുണ്ടാകും'- ഷാർജയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ട കെനിയൻ പ്രവാസിയായ ബികെയുടെ സുഹൃത്തുക്കളുടെ വാക്കുകളാണിത്. കഴിഞ്ഞ ദിവസമാണ് അൽ നഹ്ദ ഏരിയയിൽ 52 നില കെട്ടിടത്തിന് തീപിടിച്ചത്. ഇതിൽ അഞ്ച് പേർ മരിച്ചിരുന്നു. കെട്ടിടത്തിന്റെ 44ാമത്തെ നിലയിലാണ് തീപിടിച്ചത്. മരണപ്പെട്ട കെനിയൻ പ്രവാസിയുൾപ്പടെ 11 പേർ ഈ നിലയിലുള്ള ഒരു അപ്പാർട്ട്മെന്റിലായിരുന്നു താമസിച്ചിരുന്നത്. അന്ന് രാവിലെ റൂമിനുള്ളിലേക്ക് കറുത്ത പുകയെത്തുന്നത് മരണപ്പെട്ട ബികെ ആയിരുന്നു ആദ്യം കണ്ടതെന്ന് ഇദ്ദേഹത്തിന്റെ സൃഹൃത്തുക്കൾ പറയുന്നു.
അന്ന് അവധി ദിവസമായിരുന്നതിനാൽ ഞങ്ങളെല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. മുറി മുഴുവനും അപ്പോഴേക്കും പുക നിറഞ്ഞിരുന്നു. ആകെ കേൾക്കുന്നത് ബികെയുടെ നിലവിളി മാത്രമായിരുന്നു. ഞങ്ങളിൽ പലരും ചുമയ്ക്കാൻ തുടങ്ങിയിരുന്നു. ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി. ചുറ്റുമുള്ളതൊന്നും കാണാൻ കഴിയുന്നില്ല. ആകെ ഭയത്താൽ നിറഞ്ഞ അവസ്ഥയായിരുന്നു. ഞങ്ങളോട് ഭയപ്പെടേണ്ടെന്നും മുഖം മൂടിപ്പിടിക്കാനും ബികെ പറഞ്ഞു. ഞങ്ങളെല്ലാവരും പെട്ടെന്ന് റൂമിന് പുറത്തായെത്തുകയും സിവിൽ ഡിഫൻസ് അധികൃതർ എത്തി രക്ഷപ്പെടുത്തുകയുമായിരുന്നു. ഈ സമയം റൂമിലകപ്പെട്ടു പോയ ബികെ ജനലുകൾ തുറന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് കെട്ടിടത്തിന്റെ മുകളിൽ അറ്റകുറ്റപ്പണികൾക്കായുള്ള കേബിളുകൾ തൂങ്ങിക്കിടന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് ഉപയോഗിച്ച് താഴെയെത്താമെന്നായിരിക്കാം ചിലപ്പോൾ അവൻ കരുതിയിരുന്നത്. എന്നാൽ, ബാലൻസ് തെറ്റി താഴേക്ക് വീഴുകയായിരുന്നു’ – ബികെയുടെ ഉറ്റ സൃഹൃത്തായ എബി പറഞ്ഞു. രക്ഷാപ്രവർത്തകർ ഞങ്ങളെയെല്ലാവരെയും സുരക്ഷിതമായി താഴെയെത്തിച്ചപ്പോഴാണ് ഇക്കാര്യം ഞങ്ങൾ അറിയുന്നത്. കെട്ടിടത്തിന്റെ താഴെയെത്തിയപ്പോൾ ആരോ ഒരാൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ താഴെ വീണ് മരിച്ചു എന്ന് പറയുന്നതാണ് കേട്ടത്. പിന്നീട് അത് ബികെ ആണെന്ന് അറിയുകയായിരുന്നു. ഞങ്ങൾക്ക് അതൊരു ഞെട്ടലായിരുന്നു. വിശ്വസിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല – ബികെയുടെ സൃഹൃത്തുക്കൾ പറയുന്നു. ഷാർജയിലുള്ള ഒരു മാളിൽ ഹെയർസ്റ്റൈലിസ്റ്റ് ആയിട്ടായിരുന്നു ബികെ ജോലി ചെയ്തിരുന്നത്. പൊതുവെ തമാശകൾ പറയുന്ന ബികെ എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്നു. എപ്പോഴും ചിരിച്ചുകൊണ്ടുള്ള ആ മുഖം ഒരിക്കലും മറക്കാനാകില്ല. ഓരോ ദിവസത്തെ കാര്യങ്ങളും അദ്ദേഹം അന്വേഷിക്കുമായിരുന്നു. ഇങ്ങനെയൊരു അന്ത്യം അവൻ അർഹിക്കുന്നതായിരുന്നില്ലെന്നും അവർ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)