ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്; കാഴ്ച പരിധി കുറയുന്നതിന് സാധ്യത, മുന്നറിയിപ്പ്
ദോഹ∙ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഴ്ച പരിധി കുറയുമെന്നും കടലില്‍ ശക്തമായ തിരമാലകളുണ്ടാകുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടതെന്ന് ദോഹ ഹിലാലിലുളള ജിനേഷ് കോഴിശ്ശേരി പറയുന്നു.രാവിലെ മകളെ സ്കൂളില്‍ വിടാനുളള യാത്രയില്‍ കാഴ്ച പരിധി കുറഞ്ഞതിനാല്‍ വാഹനമോടിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഗതാഗത തടസ്സവുമുണ്ടായിരുന്നു. പല ഭാഗങ്ങളിലും ഇപ്പോഴും പൊടിക്കാറ്റുണ്ടെന്നും ജിനേഷ് പറയുന്നു.
തീരപ്രദേശങ്ങളില്‍ ശക്തമായ രീതിയില്‍ പൊടിക്കാറ്റ് തുടരുമെന്നാണ് മുന്നറിയിപ്പ്. രാജ്യത്ത് താപനിലയും ഉയരും. മേഘങ്ങള്‍ രൂപപ്പെടാനുളള സാധ്യതയുമുണ്ട്. വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ 14 മുതല്‍ 24 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വീശുന്ന കാറ്റ് 30 നോട്ടിക്കല്‍ മൈല്‍ വരെയാകും. അതേസമയം തീരദേശ മേഖലയില്‍ 32 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ കാറ്റ് വീശുമെന്നും നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പില്‍ പറയുന്നു.
രാവിലെ എഴുന്നേറ്റപ്പോള്‍ തന്നെ പൊടിക്കാറ്റുണ്ടായിരുന്നുവെന്ന് ഖത്തർ വക്റയില്‍ താമസിക്കുന്ന ജിജോ. കുട്ടികളെ സ്കൂള്‍ ബസില്‍ വിടാനായി ചെന്നപ്പോഴും നല്ല പൊടിക്കാറ്റ് അനുഭവപ്പെട്ടു. പലരും മാസ്ക് വച്ചാണ് പുറത്തേക്ക് ഇറങ്ങിയത്. ഖത്തർ പേളിലാണ് ഓഫിസ്. യാത്രയില്‍ കാഴ്ചപരിധി കുറവായിരുന്നുവെങ്കിലും, വലിയ ഗതാഗത തടസ്സം അനുഭവപ്പെട്ടില്ല. എന്നാല്‍ സഹപ്രവർത്തകരില്‍ പലർക്കും ഗതാഗത തടസ്സമുണ്ടായി. ഉഷ്ണകാലത്തേക്ക് മാറ്റുന്നതിന് മുന്നോടിയായാണ് പൊടിക്കാറ്റെന്നാണ് കരുതുന്നത്. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് താപനില ഉയർന്നിട്ടുണ്ട്. ഇത്തവണ ചൂട് കൂടുതലാകുമെന്നാണ് കരുതുന്നതെന്നും ജിജോ വിലയിരുത്തുന്നു.
കാഴ്ചപരിധി 3 മുതല്‍ 8 കിലോമീറ്റർ വരെയാകാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പ്.എന്നാല്‍ പൊടിക്കാറ്റ് ശക്തമായാല്‍ 1 കിലോമീറ്ററിൽ താഴെ കാഴ്ചപരിധി കുറയും. 11 അടിവരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യയയുളളതിനാല്‍ കടലില്‍ പോകുന്നവരും ശ്രദ്ധിക്കണം. ദോഹയില്‍ പ്രതീക്ഷിക്കുന്ന പരമാവധി താപനില 34 ഡിഗ്രി സെല്‍ഷ്യസാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)