Posted By user Posted On

യാത്രക്കാരന് സ്വന്തം ഭക്ഷണം നല്‍കി മലയാളി എയര്‍ഹോസ്റ്റസ്; കരുതലിന്‍റെ മുഖമായി അശ്വതി

യാത്രക്കാരന്‍റെ വിശപ്പകറ്റി മാതൃകയായി മലയാളി എയര്‍ഹോസ്റ്റസ്. വയറും മനസ്സും ഒരുപോലെ നിറഞ്ഞ അനുഭവം പങ്കുവെയ്ക്കുകയാണ് പ്രവാസി വ്യവസായിയും ദുബായ് കെഎംസിസി ജനറൽ സെക്രട്ടറിയുമായ യഹ്യ തളങ്കര. കാസര്‍കോട് തളങ്കര സ്വദേശിയായ ഇദ്ദേഹം ദുബൈയിൽ നിന്ന് മംഗലാപുരത്തേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാന യാത്രക്കിടെയുണ്ടായ (ഐഎക്സ് 832) സംഭവമാണ് സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.05നാണ് ഇദ്ദേഹം ദുബായില്‍ നിന്ന് വിമാനം കയറിയത്. ഭാര്യാ സഹോദരന്‍ ഹാഷിം മരണപ്പെട്ടതിനെ തുടര്‍ന്ന് വളരെ പെട്ടെന്ന് വിമാനത്താവളത്തിലേക്ക് എത്തിയതായിരുന്നു. പെട്ടെന്നുള്ള യാത്ര ആയതിനാല്‍ വിമാനത്തില്‍ കയറാനുള്ള തിടുക്കത്തില്‍ 69കാരനായ ഇദ്ദേഹത്തിന് പ്രഭാതഭക്ഷണം കഴിക്കാന്‍ സമയം കിട്ടിയിരുന്നില്ല. ചെക്ക് – ഇന്‍ കൗണ്ടര്‍ അടയ്ക്കുന്നതിന് തൊട്ടുമുന്‍പാണ് വിമാനത്താവളത്തിലെത്തിയത്. വീല്‍ചെയറിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. സഹായത്തിനായി വന്ന ഉദ്യോഗസ്ഥനോട് കഴിക്കാനെന്തെങ്കിലും വാങ്ങണമെന്ന് യഹ്യ പറഞ്ഞെങ്കിലും സമയം വൈകിയതിനാല്‍ ഭക്ഷണം വാങ്ങാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ക്ക് ശേഷം ഗേറ്റിലെത്തുമ്പോള്‍ നീണ്ട നിര ഉണ്ടായിരുന്നെങ്കിലും വീല്‍ചെയറിലായതിനാല്‍ ഇദ്ദേഹത്തിനെ ലിഫ്റ്റ് മാര്‍ഗം നേരെ വിമാനത്തിനുള്ളില്‍ എത്തിച്ചു. വിമാനത്തിലേക്ക് സ്വാഗതം ചെയ്ത എയര്‍ഹോസ്റ്റസിനോട് താന്‍ പ്രഭാത ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവശനാണെന്നും അറിയിച്ചു. പെട്ടെന്ന് എടുത്ത ടിക്കറ്റ് ആയത് കൊണ്ട് ഭക്ഷണത്തിന് പ്രീ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. യാത്രക്കാര്‍ക്ക് കൊടുത്ത ശേഷം ഭക്ഷണം അധികമുണ്ടെങ്കിലും തരണമെന്നും ഇതിന് പണം അടയ്ക്കാമെന്നും യഹ്യ എയര്‍ഹോസ്റ്റസിനോട് പറഞ്ഞു. ‘ഞാന്‍ പരിശോധിക്കാ’മെന്ന് എയര്‍ഹോസ്റ്റസ് പുഞ്ചിരിച്ചു കൊണ്ട് മറുപടിയും നല്‍കി. തുടര്‍ന്ന് യഹ്യ സീറ്റിലിരുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ക്യാബിന്‍ ക്രൂ ഭക്ഷണം നല്‍കിയെങ്കിലും യഹ്യക്ക് ലഭിച്ചില്ല. ഭക്ഷണം അധികം വരാത്തത് കൊണ്ടാകുമെന്ന് കരുതി ഇരിക്കുമ്പോഴാണ് തന്നെ സ്വാഗതം ചെയ്ത എയര്‍ഹോസ്റ്റസ് പ്രത്യേക ട്രേയില്‍ ഭക്ഷണവുമായി വരുന്നത് കണ്ടത്. ഈ ഭക്ഷണം കഴിച്ചോളൂ എന്ന് എയര്‍ഹോസ്റ്റസ് പറഞ്ഞു. പണം നല്‍കാന്‍ തുനിഞ്ഞെങ്കിലും അവര്‍ നിരസിച്ചു, ‘പണം വേണ്ട, ഇതെന്‍റെ സ്വന്തം ഭക്ഷണമാണ് രാവിലെ ഒരു നല്ല കാര്യം ചെയ്യാന്‍ അവസരം നല്‍കിയതിന് നന്ദി’- പുഞ്ചിരിച്ചു കൊണ്ട് എയര്‍ഹോസ്റ്റസ് പറ‌ഞ്ഞു. 50 വര്‍ഷത്തോളമായി വിമാന യാത്ര ചെയ്യുന്ന യഹ്യക്ക് ഇങ്ങനെയൊരു അനുഭവം ഇതാദ്യമായാണ്. മാലാഖമാരെ പോലെയുള്ള എയര്‍ഹോസ്റ്റസുമാര്‍ നമുക്കിടയിലുണ്ടെന്നും ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 13 വർഷമായി എയർഹോസ്റ്റസ് ആയി ജോലി ചെയ്യുന്ന കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കോടോത്ത് അശ്വതി ഉണ്ണികൃഷ്ണനാണ് യഹ്യയുടെ ജീവിതത്തില്‍ വിശന്നുവലഞ്ഞപ്പോള്‍ മാലാഖയായി എത്തിയത്. യഹ്യ പങ്കുവെച്ച പോസ്റ്റിന് താഴെ അശ്വതി നന്ദി അറിയിച്ച് കമന്‍റിട്ടിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version