പുരുഷന്മാർക്കും പ്രസവവേദന വരുമോ? അറിയാം കൂവേഡ് സിന്‍ഡ്രോമിനെ കുറിച്ച്
അത് വരെയുണ്ടായിരുന്ന ജീവിതത്തിന്റെ താളം തെറ്റിക്കുന്ന പല വിധ പ്രശ്‌നങ്ങളുമായാണ് ഗര്‍ഭകാലം സ്‌ത്രീകളിലേക്ക് കടന്ന് വരുന്നത്. എന്നാല്‍ ഗര്‍ഭകാല പ്രശ്‌നങ്ങള്‍ അമ്മയാകാന്‍ പോകുന്നവര്‍ക്ക് മാത്രമാകണമെന്നില്ല, ചിലപ്പോഴൊക്കെ അച്ഛനാകാന്‍ പോകുന്നവര്‍ക്കും വരാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. മോണിങ് സിക്‌നെസ്സും, ഓക്കാനവും ഛര്‍ദിയും എന്തിനേറെ പറയുന്നു വയര്‍ വേദനയടക്കം ഒരു സ്‌ത്രീ അനുഭവിക്കുന്ന ഗര്‍ഭകാല ബുദ്ധിമുട്ടുകള്‍ എല്ലാം പുരുഷനും വരുന്ന അപൂര്‍വ സാഹചര്യമാണ് കൂവേഡ് സിന്‍ഡ്രോം.
സിംപതെറ്റിക് പ്രെഗ്നന്‍സി, മെയില്‍ പ്രെഗ്നന്‍സി എക്‌സ്‌പീരിയന്‍സ് എന്നെല്ലാം അറിയപ്പെടുന്ന സ്ഥിതിവിശേഷമാണ് കൂവേഡ് സിന്‍ഡ്രോം. സ്‌ത്രീകളുടേതിന് സമാനമായി ഓക്കാനം, ഭാരവര്‍ധന, വയര്‍ വേദന, വയര്‍ കമ്പനം, മൂഡ് മാറ്റങ്ങള്‍, ഉത്‌കണ്‌ഠ, ദേഷ്യം, പ്രസവ വേദന, അച്ചാര്‍ അടക്കം ചില ഭക്ഷണങ്ങളോട് താത്‌പര്യം, ചില ഭക്ഷണങ്ങളോട് വെറുപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കൂവേഡ് സിന്‍ഡ്രോം ബാധിച്ച പുരുഷന്മാര്‍ക്കും ഉണ്ടാകാം. ഉറക്കമില്ലായ്‌മയും ഇതിന്റെ ഭാഗമായി ചിലരില്‍ ഉണ്ടാകാറുണ്ടെന്ന് ചണ്ഡീഗഢ് ക്ലൗഡ് നയന്‍ ഗ്രൂപ്പ് ഓഫ് ഹോസ്‌പിറ്റല്‍സിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. റിതംഭര ഭല്ല ഇന്ത്യന്‍ എക്‌സ്‌പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
തന്റെ പങ്കാളിയായ സ്‌ത്രീ ഗര്‍ഭകാലത്ത് കടന്ന് പോകുന്ന അവസ്ഥകളോടുള്ള തന്മയീഭാവമാണ് കൂവേഡ് സിന്‍ഡ്രോം പ്രകടിപ്പിക്കുന്ന പുരുഷന്മാരില്‍ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത്. പിതാവാകാന്‍ പോകുന്നതിന്റെ ഉത്‌കണ്‌ഠയും സ്വത്വമാറ്റത്തെ ചൊല്ലിയുള്ള ഉപബോധ മനസ്സിന്റെ സമ്മര്‍ദ്ദവും ഉറക്കമില്ലായ്‌മയുമെല്ലാം കൂവേഡ് സിന്‍ഡ്രോമിന് പിന്നിലുള്ള മാനസികമായ ഘടകങ്ങളാകാം. അച്ഛാനാകാന്‍ പോകുന്നതിന്റെ ഭാഗമായി ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണല്‍ വ്യതിയാനങ്ങളും ഇതിലേക്ക് നയിക്കാം.
ഗര്‍ഭകാലത്തിലെ പുരുഷന്മാരുടെ പങ്കാളിത്തത്തെ ചുറ്റിപറ്റിയുള്ള ആചാരങ്ങളും പ്രതീക്ഷകളും ചില സംസ്‌കാരങ്ങള്‍ വച്ചു പുലര്‍ത്തുന്നുണ്ട്. ഈ സാംസ്‌കാരിക സ്വാധീനവും കൂവേഡ് സിന്‍ഡ്രോമിന് പിന്നിലുണ്ടാകാം. ഈ സിന്‍ഡ്രോമിനെ മരുന്നുകള്‍ വഴി ചികിത്സിക്കാന്‍ കഴിയില്ലെങ്കിലും തെറാപ്പി, സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍, തുറന്ന ആശയവിനിമയം എന്നിവ വൈകാരിക വെല്ലുവിളികളെ നിയന്ത്രിക്കാന്‍ സഹായിക്കും. നല്ല ഭക്ഷണം, വ്യായാമം, ആവശ്യത്തിന് ഉറക്കം എന്നിവ വഴി ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതും കൂവേഡ് സിന്‍ഡ്രോം ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് ഡോ. റിതംഭര ഭല്ല കൂട്ടിച്ചേര്‍ക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)