Posted By user Posted On

24 ലക്ഷം രൂപയടങ്ങിയ ബാ​ഗ് വിമാനത്താവളത്തിൽ മറന്നുവെച്ചു, വെറും 30 മിനിറ്റ്, ബാ​ഗ് കണ്ടെത്തി യുഎഇ പോലീസ്

ദുബൈ വിമാനത്താവളത്തിൽ നഷ്ടമായ പണമടങ്ങിയ ബാഗ് അര മണിക്കൂറിനുള്ളിൽ കണ്ടെത്തി ദുബൈ പോലീസ്. എയർപോർട്ടിലെ ടെർമിനൽ 1ലാണ് യാത്രക്കാരന്റെ പണമടങ്ങിയ ബാഗ് നഷ്ടമായത്. 24 ലക്ഷത്തിലധികം രൂപയും സുപ്രധാന രേഖകളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. കുവൈത്തിൽ നിന്നെത്തിയ സഹോദരങ്ങൾ തിരികെ നാട്ടിലേക്ക് പോകുമ്പാഴായിരുന്നു ബാഗ് നഷ്ടപ്പെട്ടത്. കുടുംബത്തിലെ ഒരാൾ മരിച്ചെന്നറിഞ്ഞ് തിരികെ പോകാനായി തീരുമാനിക്കുകയായിരുന്നു. തിരികെയുള്ള ടിക്കറ്റ് തിടുക്കത്തിൽ എടുക്കാനായി പോയപ്പോൾ പണവും രേഖകളുമടങ്ങിയ ബാഗ് എയർപോർട്ടിൽ മറന്നുവെക്കുകയായിരുന്നു. വിമാനത്തിൽ കയറിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇരുവരും അറിയുന്നത്. ഉടൻതന്നെ വിമാനത്താവളത്തിൽ കൊണ്ടുവിട്ട തങ്ങളുടെ സഹോദരിയെ വിളിച്ച് വിവരം പറയുകയായിരുന്നു. സഹോദരിയാണ് വിമാനത്താവളത്തിലുള്ള പോലീസ് ഓഫീസിൽ ബാഗ് നഷ്ടപ്പെട്ട വിവരം അറിയിച്ചത്. വിവരം ലഭിച്ചയുടൻ തന്നെ ദുബൈ പോലീസ് ബാഗ് തിരയുകയും 30 മിനിറ്റിനുള്ളിൽ കണ്ടെത്തി സഹോദരിയെ തിരികെ ഏൽപ്പിക്കുകയും ചെയ്തതായി എയർപോർട്ട് സെക്യൂരിറ്റി ജനറൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഹമൂദ ബെൽസുവൈദ അൽ അമേറി പറഞ്ഞു. ഇത്തരം കേസുകൾ വളരെ കൃത്യമായും കാര്യക്ഷമമായും കൈകാര്യം ചെയ്ത പ്രത്യേക സംഘത്തെയും അദ്ദേഹം പ്രശംസിച്ചു. മുൻ കാലങ്ങളിൽ ഉടമകൾ മറന്നുവെക്കുന്ന വസ്തുക്കൾ അവരുടെ ശ്രദ്ധയിൽപ്പെടുന്നതിന് മുൻപ് തന്നെ ദുബൈ പോലീസ് കണ്ടെത്തുകയും തിരിച്ചേൽപ്പിക്കുകയും ചെയ്യുമായിരുന്നു. ദുബൈ വിമാനത്താവളത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ദുബൈ പോലീസിന്റെ പ്രതിബദ്ധതയും അൽ അമേറി എടുത്തുപറഞ്ഞു. എല്ലാവിധത്തിലുള്ള റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിനും ഞങ്ങളുടെ ടീമുകൾ എപ്പോഴും സജ്ജരായിരിക്കും. യാത്രക്കാർക്ക് സുഗമമായ യാത്ര അനുഭവം ഉറപ്പുവരുത്തുന്നതിനും ദുബൈയിലുള്ള സമയത്ത് അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ടെന്നും അൽ അമേറി പറഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version