വിഷമിക്കേണ്ട; പ്രവാസികളുടെ ശമ്പളം മുടങ്ങില്ല; തൊഴിലാളികൾക്ക് വേതന സുരക്ഷ ഉറപ്പ് നൽകുന്ന ഖത്തറിലെ ഡബ്ല്യൂപിഎസ്, അറിയാം വിശദമായി
ദോഹ: ഖത്തറിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. വേറൊന്നുമല്ല, നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയിലെ തൊഴിലുടമ കൃത്യമായി ശമ്പളം നൽകാതിരിക്കുകയോ അല്ലെങ്കിൽ വൈകിപ്പിക്കുകയോ ചെയ്താൽ അക്കാര്യം അധികൃതരെ അറിയിക്കാൻ മറക്കേണ്ട. പരാതി നൽകാൻ കൃത്യമായ സംവിധാനവും തർക്ക പരിഹാര സമിതിയും തൊഴിൽ മന്ത്രാലയത്തിന് കീഴിലുണ്ട്. പരാതി ലഭിച്ചാൽ നടപടിയും താമസിക്കുമോ എന്ന ആശങ്ക ഉണ്ടെങ്കില്‍ അത് വേണ്ട. വേഗത്തിൽ തന്നെ നടപടിയെടുക്കുമെന്നാണ് പുതിയ നിയമപ്രകാരം അധികൃതര്‍ അറിയിക്കുന്നത്.
വേതന സംരക്ഷണ സംവിധാന (ഡബ്ല്യൂപിഎസ്)ത്തിന് കീഴിലാണ് ഖത്തറിൽ തൊഴിലാളികൾക്ക് വേതനം നൽകുന്നത്. വേതന ചൂഷണത്തിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ 2015 ലാണ് ഖത്തർ സർക്കാർ ഡബ്ല്യൂപിഎസ് നടപ്പാക്കിയത്. ശമ്പളം ലഭിച്ചില്ലെങ്കിൽ എങ്ങനെയാണ് പരാതി നൽകുക, ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ എന്തൊക്കെ സംവിധാനങ്ങളാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത് എന്നറിയാം.
∙ എന്താണ് ഡബ്ള്യൂപിഎസ്?
2004 ലെ 14–ാം നമ്പർ തൊഴിൽ നിയമത്തിന് കീഴിൽ വരുന്ന എല്ലാ കമ്പനികളും നിശ്ചിത ശമ്പള തീയതിയുടെ 7 ദിവസത്തിനുള്ളിൽ ജീവനക്കാർക്ക് അവരുടെ ബാങ്ക് അക്കൗണ്ട് മുഖേന തൊഴിൽ കരാറിൽ പറഞ്ഞിരിക്കുന്ന മുഴുവൻ ശമ്പളവും നൽകണമെന്നാണ് ഡബ്ല്യുപിഎസ് വ്യവസ്ഥ ചെയ്യുന്നത്.
∙പ്രാബല്യത്തിൽ വന്നത്…
ശമ്പളം ഒപ്പിട്ട് കയ്യിൽ വാങ്ങുന്ന സംസ്ക്കാരം നിർത്തലാക്കി കൊണ്ടാണ് ഡബ്ല്യൂപിഎസ് പ്രാബല്യത്തിൽ വന്നത്. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ശമ്പളം യഥാസമയം മുഴുവനായും കൃത്യമായും നൽകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഡബ്ല്യൂപിഎസ് നിലവിൽ വന്നത്.
∙ എങ്ങനെ പരാതി നൽകാം?
ശമ്പളം ലഭിക്കാതിരിക്കൽ, വൈകൽ എന്നിവയും തൊഴിൽ സംബന്ധമായ മറ്റ് പരാതികളും തൊഴിൽ മന്ത്രാലയത്തിന്റെ ഏകീകൃത ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന വേണം നൽകാൻ. രാജ്യത്തെ സ്വദേശികൾക്കും പ്രവാസികൾക്കും ഓൺലൈൻ ആയി തന്നെ പരാതികൾ നൽകുകയും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ആകാം. പരാതികൾ നൽകുന്നത് സംബന്ധിച്ച കൂടുതൽ അന്വേഷണങ്ങൾക്ക് 16505, 44068979 എന്നീ നമ്പറുകളിലോ അല്ലെങ്കിൽ info@moi.gov.qa എന്ന ഇ–മെയിൽ വിലാസത്തിലോ മന്ത്രാലയത്തെ ബന്ധപ്പെടാം.
∙പരാതി സമർപ്പിക്കുന്ന വിധം
ലിങ്കിൽ പ്രവേശിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത ശേഷം പേരും ഖത്തർ ഐഡിയും ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകിയ ശേഷം വേണം പരാതി സമർപ്പിക്കാൻ. പരാതി സമർപ്പിച്ചാലുടൻ തൊഴിൽ മന്ത്രാലയത്തിൽ നിന്ന് അപേക്ഷകന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമെത്തും. പരാതി സംബന്ധിച്ച് മന്ത്രാലയത്തിലെ ഓഫിസറുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള തീയതി വിവരങ്ങളാണ് സന്ദേശത്തിലുണ്ടാകുക. കേസിന്റെ സ്വഭാവം അനുസരിച്ച് അധികൃതർ ആവശ്യമായ നടപടികൾ സ്വീകരിക്കും.
∙ ചട്ട ലംഘനം നടത്തിയാലുള്ള ശിക്ഷ
കമ്പനികൾ ഡബ്ല്യൂപിഎസിലെ ചട്ടങ്ങൾ ലംഘിച്ചാൽ നല്ലൊരു തുക പിഴയായി ഈടാക്കുമെന്നതിന് പുറമെ കമ്പനികളെ കരിമ്പട്ടികയിലും ഉൾപ്പെടുത്തും. നിശ്ചിത തീയതിയിൽ ശമ്പളം ലഭിച്ചില്ലെങ്കിൽ തൊഴിലാളിക്ക് തൊഴിൽ മന്ത്രാലയത്തിൽ നേരിട്ട് പരാതി നൽകാം.
∙ മുന്നറിയിപ്പ് നൽകും
പരാതി ലഭിച്ചാലുടൻ ഓൺലൈനായി തന്നെ കമ്പനിക്ക് മന്ത്രാലയം മുന്നറിയിപ്പ് നൽകും. മുന്നറിയിപ്പ് ലഭിച്ചിട്ടും കമ്പനി ശമ്പളം നൽകിയില്ലെങ്കിൽ കമ്പനിയുടെ എല്ലാ ബാങ്ക് ഇടപാടുകളും അധികൃതർ മരവിപ്പിക്കും. എന്തുകൊണ്ടാണ് ശമ്പളം യഥാസമയം നൽകാൻ കഴിയാതെ വന്നത് എന്നത് സംബന്ധിച്ച് കമ്പനി പ്രതിനിധി തൊഴിൽ മന്ത്രാലയത്തിലെത്തി അധികൃതരെ വ്യക്തമായി ബോധ്യപ്പെടുത്തിയാൽ മാത്രമേ ബാങ്ക് ഇടപാടുകളിലെ ബ്ലോക്ക് മാറ്റുകയുള്ളു. ഡബ്ല്യൂപിഎസ് ചട്ട ലംഘനം നടത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)