Posted By user Posted On

ഗൾഫിൽ നിന്നും സ്വർണം കൊണ്ടുവരണോ? 8 പവന്‍ വരെ ‘ഫ്രീ’: ഇതാണ് നിബന്ധനകള്‍

കുറഞ്ഞ അളവിലാണെങ്കിലും സ്വർണം കൊണ്ടുവരുമ്പോള്‍ വിമാനത്താവളങ്ങളില്‍ വലിയ തോതിലുള്ള പരിശോധനകള്‍ക്കും ആളുകള്‍ വിധേയമാകാറുണ്ട്. എന്നാല്‍ ഇനി മുതല്‍ ഇത്തരം സമീപനം പാടില്ലെന്നാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരിക്കുന്നത്. പൈതൃകമായി ലഭിച്ചതോ അല്ലെങ്കിൽ വ്യക്തിഗത ആവശ്യത്തിനോയുള്ള സ്വർണാഭരണങ്ങളുമായി ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസി യാത്രക്കാരിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ സ്വർണം പിടിച്ചെടുക്കാനോ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാനോ പാടില്ലെന്നാണ് ഡല്‍ഹി കോടതി പറഞ്ഞത്. ഗൾഫിൽ നിന്നെത്തുന്ന യാത്രക്കാർ അണിഞ്ഞിരിക്കുന്ന ആഭരണങ്ങളെച്ചൊല്ലി ഇന്ത്യൻ വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതർ വലിയ രീതിയിലുള്ള ചോദ്യം ചെയ്യല്‍ നടത്താറുണ്ട്. ഇതിനെതിരായ ലഭിച്ച മുപ്പതോളം പരാതികൾ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പ്രതിഭ എം സിങ്, രജനീഷ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചത്.

വ്യക്തിഗത ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങളുമായെത്തുന്ന പ്രവാസികൾ നിരവധിയാണ്. പാരമ്പര്യമായി കൈവശം വയ്ക്കുന്ന ആഭരണങ്ങളാണെങ്കില്‍ പോലും കസ്റ്റംസ് ബില്ല് ചോദിക്കുന്ന പ്രവണതയുണ്ട്. മുത്തശ്ശി നൽകിയ പൈതൃക ആഭരണമായ വള അണിഞ്ഞ് ലക്നൗ വിമാനത്താവളത്തിലെത്തിയപ്പോൾ കള്ളക്കടത്തുകാരോടെന്ന പേരിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്നാണ് യു എ ഇ പ്രവാസിയായ ഒരു യുവതി പറഞ്ഞത്.

2016 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ബാഗേജ് നിയമപ്രകാരം വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന പ്രവാസികളില്‍ സ്ത്രീകൾക്ക് 40 ഗ്രാമും (8 പവൻ) പുരുഷന്മാർക്ക് 20 ഗ്രാം (2.5 പവന്‍) സ്വർണവും നികുതി രഹിതമായി കൊണ്ടുവരാന്‍ സാധിക്കും. ഈ പരിധിക്ക് മുകളിലാണെങ്കില്‍ നിശ്ചിത നിരക്കിലുള്ള നികുതി അടയ്ക്കേണ്ടി വരും. എന്നാല്‍ പൈതൃകമായി ലഭിച്ച സ്വർണാഭരണങ്ങൾക്ക് ഈ ചട്ടം ബാധകമാണോ അല്ലയോ എന്നത് നിയമത്തിൽ വ്യക്തമാക്കുന്നില്ലെന്നത് ഒരു പ്രതിസന്ധിയാണ്.

അതേസമയം, കസ്റ്റംസ് പിടിച്ചെടുത്ത തന്റെ സ്വകാര്യ ആഭരണങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പൂജ സേത്ത് എന്ന യുവതി സമർപ്പിച്ച ഹർജിയില്‍ കോടതി കസ്റ്റംസിന് 25000 രൂപ പിഴ ചുമത്തുകയും ചെയ്തു. ജനുവരിയിൽ ബാങ്കോക്ക് യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പൂജ സേത്തിന്റെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തത്. പൂജ സേത്തിന് കേസിന് ചെലവായ തുക നിരികെ നൽകണമെന്നും പ്രസ്താവനയിൽ ഒപ്പിടാൻ നിർബന്ധിച്ച ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

‘ഈ കേസിൽ, കസ്റ്റംസ് വകുപ്പിന്റെ നിർദ്ദേശപ്രകാരം ഹർജിക്കാരന്റെ സ്വർണ്ണാഭരണങ്ങൾ തടഞ്ഞുവച്ചത് തീർത്തും നീതീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതിക്ക് ബോധ്യമുണ്ട്’ ജസ്റ്റിസുമാരായ പ്രതിഭ സിംഗ്, രജനീഷ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ജനുവരി 20 ന് കസ്റ്റംസ് കമ്മീഷണർ കസ്റ്റഡിയിലെടുത്ത തന്റെ സ്വകാര്യ ആഭരണങ്ങളായ 78 ഗ്രാം ഭാരമുള്ള നാല് കല്ല് പതിച്ച സ്വർണ്ണ വളകൾ, 45 ഗ്രാം ഭാരമുള്ള ഒരു സ്വർണ്ണ വള, 67 ഗ്രാം ഭാരമുള്ള മറ്റൊരു ആഭരണം എന്നിവ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൂജ സേത്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ജനുവരി 16 ന് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ സേത്തും ഭർത്താവും രണ്ട് കുട്ടികളും തായ്‌ലൻഡിലെ ബാങ്കോക്കിലേക്ക് പോകുകയും ജനുവരി 20 ന് ഇന്ത്യയിലേക്ക് മടങ്ങി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഇവരെ കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. കുടുംബത്തിന്റെ കൈവശം ആകെയുണ്ടായിരുന്ന 190 ഗ്രാം ഭാരമുള്ള എല്ലാ സ്വർണ്ണാഭരണങ്ങളും കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ആഭരണങ്ങൾ 2018 ഡിസംബർ 21-ന് മുത്തശ്ശിയുടെ വിൽപത്ര പ്രകാരം തനിക്ക് കിട്ടിയതാണെന്ന് പറഞ്ഞെങ്കിലും കസ്റ്റംസ് വഴങ്ങിയില്ല. ഇതോടെയാണ് അവർ രേഖകളുമായി കോടതിയെ സമീപിച്ചത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version