ചരിത്രത്തിലേക്ക് പറക്കാൻ എയർ കേരള; പ്രവാസികൾക്ക് വമ്പൻ സമ്മാനം
ഇന്ത്യൻ വ്യോമയാന മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി കേരളത്തിന്റെ സ്വന്തം എയർലൈൻ കമ്പനിയായ ‘എയർ കേരള’. കേരളത്തിൽനിന്ന് ആദ്യ വിമാന സർവിസ് ആരംഭിക്കാൻ തയാറെടുക്കുന്ന എയർ കേരളയുടെ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ഏപ്രിൽ 15ന് നടക്കും.
ആലുവയിൽ നിർമാണം പൂർത്തിയായ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോർപറേറ്റ് ഓഫിസിന്‍റെ ഉദ്ഘാടനം 15ന് വൈകീട്ട് 5.30ന് കേരള വ്യവസായ മന്ത്രി പി.പി. രാജീവ് നിർവഹിക്കും. പ്രൗഢമായ ചടങ്ങിൽ ലോക്സഭ എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, രാജ്യസഭ എം.പി ഹാരിസ് ബീരാൻ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, വൈസ് ചെയർപേഴ്സൻ സൈജി ജോളി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ, മുൻ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ വി. മുരളീധരൻ, ബിസിനസ് പ്രമുഖർ, സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖ അഭ്യുദയകാംക്ഷികൾ, എയർ കേരളയുടെ സാരഥികൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. മൂന്ന് നിലകളിലായി അത്യാധുനിക പരിശീലന സൗകര്യങ്ങൾ ഉൾപ്പെടെ വിശാലമായ ഓഫിസ് സമുച്ചയം ആലുവ മെട്രോ സ്റ്റേഷനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്.ഒരേ സമയം 200ൽ പരം വ്യോമയാന വിദഗ്ധർക്ക് ജോലി ചെയ്യാൻ കഴിയുന്ന വിധത്തിലാണ് ഓഫിസ് ക്രമീകരിച്ചിട്ടുള്ളത്. ഈ വർഷം അവസാനത്തോടെ സ്ഥാപനത്തിൽ 750 ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് എയർ കേരള മാനേജ്മെന്‍റ് അറിയിച്ചു. ആദ്യ ഘട്ടത്തിൽ ആഭ്യന്തര സർവിസ് ആരംഭിക്കുന്ന എയർ കേരള വൈകാതെ അന്താരാഷ്ട്ര സർവിസിനും തുടക്കമിടും.എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചിയിൽനിന്നു പറന്നുയരും. അൾട്രാ ലോ കോസ്റ്റ് വിമാന സർവിസുകളാണ് കമ്പനി നടത്തുകയെന്ന് ചെയർമാൻ അഫി അഹ്മദ് പറഞ്ഞു. അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് ഐറിഷ് കമ്പനികളുമായി കരാറായിട്ടുണ്ട്.
വിമാനങ്ങൾ സ്വന്തമായി വാങ്ങാനും പദ്ധതിയുണ്ടെന്ന് വൈസ് ചെയർമാൻ അയ്യൂബ് കല്ലട അറിയിച്ചു. ദക്ഷിണ, മധ്യ ഇന്ത്യയിലെ ചെറുകിട നഗരങ്ങളെ മെട്രോ നഗരങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും എയർ കേരള സർവിസുകൾ നടത്തുന്നതെന്ന് സി.ഇ.ഒ ഹരീഷ് കുട്ടി അറിയിച്ചു. 76 സീറ്റുകളുള്ള എ.ടി.ആർ വിമാനങ്ങളാണ് സർവിസിന് ഉപയോഗിക്കുന്നത്. എല്ലാം ഇക്കോണമി ക്ലാസ് സീറ്റുകളായിരിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)