വർണാഭമായ ആഘോഷങ്ങളോടെ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പുതു അധ്യയനവർഷത്തിന് തുടക്കം
ദോഹ: വാർഷിക പരീക്ഷകളും ഹ്രസ്വകാല അവധിയും കഴിഞ്ഞ് ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയനവർഷത്തിന് ചൊവ്വാഴ്ച തുടക്കം കുറിച്ചു. ജൂണിൽ ആരംഭിക്കുന്ന വേനലവധിക്ക് മുമ്പായി, പാഠഭാഗങ്ങൾ പൂർത്തിയാക്കാനുള്ള ലക്ഷ്യവുമായാണ് ഖത്തറിലെ മുഴുവൻ ഇന്ത്യൻ സ്കൂളുകളിലും 2025-26 അധ്യയന വർഷത്തെ ക്ലാസുകൾ ആരംഭിച്ചത്. എൽ.കെ.ജി ക്ലാസുകളിൽ പ്രവേശനം നേടി സ്കൂളുകളിലെത്തിയ പുതുമുഖക്കാരെ മധുരവും സമ്മാനങ്ങളും നൽകി ഉത്സവാന്തരീക്ഷത്തോടെ തന്നെ സ്കൂളുകളെല്ലാം വരവേറ്റു. കുട്ടികളെ സ്വാഗതം ചെയ്തുകൊണ്ട് ബലൂണുകളും വർണക്കടലാസും അലങ്കാരങ്ങളുമായി പ്രവേശനോത്സവം വർണാഭമായി. പഠനലോകത്തേക്ക് ആദ്യമായെത്തുന്ന കൂട്ടുകാരെ വരേൽക്കാൻ മുതിർന്ന വിദ്യാർഥികളും അധ്യാപകരും പാട്ടും കളികളുമായും ആദ്യദിനം ഗംഭീരമാക്കി.
കിൻഡർഗർട്ടൻ ക്ലാസുകൾക്കൊപ്പം മുതിർന്ന ക്ലാസുകളിലും ചൊവ്വാഴ്ചതന്നെ പഠനം ആരംഭിച്ചു. സായാഹ്ന സെഷനുകളുള്ള സ്കൂളുകളിലും ഇതേ ദിവസംതന്നെ പഠനപ്രവർത്തനങ്ങൾ ആരംഭിച്ചു. പുതു യൂനിഫോമിലെത്തിയ കുട്ടികൾക്ക് അവധിക്കാലത്തിനുശേഷം കൂട്ടുകാർക്കൊപ്പം ഒന്നിച്ചതിന്റെ സന്തോഷവും പ്രകടമായിരുന്നു. പുതു അധ്യയനവർഷത്തിൽ കൂടുതൽ മികച്ച അധ്യാപകർ, ആധുനികവത്കരിച്ച അടിസ്ഥാന സൗകര്യങ്ങൾ, നൂതനമായ അധ്യാപനരീതികൾ, വിപുലീകരിച്ച പാഠ്യേതര പരിപാടികൾ എന്നിവയുൾപ്പെടെ പഠനാനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി പുതിയ സംരംഭങ്ങൾ സ്കൂൾ അവതരിപ്പിച്ചതായി ഐഡിയൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹബ് പറഞ്ഞു.
പ്രതീക്ഷയും ഉത്സാഹവും നിറഞ്ഞ പുതു അധ്യയനവർഷത്തിന് തുടക്കം കുറിച്ചതായി നോബിൾ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷിബു അബ്ദുൽ റഷീദ് അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)