Posted By user Posted On

യുഎഇയിൽ ഇന്ത്യൻ നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ, മോദിയുമായി കൂടിക്കാഴ്ച നടത്തി ദുബൈ കിരീടാവകാശി

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപരമായ മേഖലകളിലെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഊർജം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലുള്ള സഹകരണവും ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും ചർച്ചയിൽ വിഷയമായി. ഇന്ത്യ-യുഎഇ സമ​ഗ്ര പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ദുബൈ പ്രധാന പങ്കുവഹിക്കുന്നതായി മോദി സാമൂഹിക മാധ്യങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറ‍ഞ്ഞു. ശൈഖ് ഹംദാന്റെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സൗഹൃദത്തെ വീണ്ടും ഉറപ്പിക്കുന്നുവെന്നും ഭാവിയിൽ കൂടുതൽ ശക്തമായ സഹകരണത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും ശൈഖ് ഹംദാൻ കൂടിക്കാഴ്ച നടത്തി. കൂടാതെ മുംബൈയിൽ നിരവധി വ്യവസായ പ്രമുഖരുമായും കിരീടാവകാശി ചർച്ച നടത്തി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഘോയലിന്റെ സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ നടന്നത്. ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുന്നതിൽ സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നൽകിയ സംഭാവനകളെക്കുറിച്ച് ചർച്ച ചെയ്തു. ദുബൈയിലെ സാധ്യതകൾ ഇന്ത്യൻ വ്യവസായികൾ കൂടുതൽ ഉപയോ​ഗപ്രദമാക്കണമെന്ന് ചർച്ചയിൽ ചൂണ്ടിക്കാട്ടി. ധാരണാപത്രങ്ങളും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരം രണ്ട് ദിവസത്തേക്കാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. ദുബൈ കിരീടാവകാശി എന്ന നിലയിൽ ശൈഖ് ഹംദാൻ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോ​ഗിക സന്ദർശനമാണ് ഇത്. ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥരും ബിസിനസ് പ്രമുഖരും ഉൾപ്പെടുന്ന സംഘം ശൈഖ് ​ഹംദാനെ അനു​ഗമിച്ച് എത്തിയിരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version