Posted By user Posted On

വീട്ടുജോലിക്കാർക്കും വേതനസുരക്ഷ; നിയമലംഘനത്തിന് കടുത്ത നടപടി: യുഎഇ ഡബ്ല്യുപിഎസ് വ്യാപിപ്പിച്ച് സർക്കാർ

യുഎഇയിൽ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന വേതന സുരക്ഷാ സംവിധാനം (ഡബ്ല്യുപിഎസ്) ഗാർഹിക ജീവനക്കാർക്കുകൂടി നിർബന്ധമാക്കി. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനവുമായി നേരിട്ട് ബന്ധിപ്പിച്ചാണ് വീട്ടുജോലിക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത്. നിയമം ലംഘിക്കുന്ന തൊഴിലുടമയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.വർഷങ്ങൾക്കു മുൻപ് നിർമാണ മേഖലാ തൊഴിലാളികളുടെ ശമ്പളകുടിശിക പ്രശ്നത്തിനു പരിഹാരം കാണാനാണ് ഡബ്ല്യുപിഎസ് കൊണ്ടുവന്നത്. പിന്നീട് മറ്റു സ്വകാര്യ തൊഴിൽ മേഖലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. 2022 മുതൽ വീട്ടുജോലിക്കാരെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് നിർദേശം ഉണ്ടായിരുന്നുവെങ്കിലും കർശനമായി നടപ്പിലാക്കിയിരുന്നില്ല. വീട്ടുജോലിക്കാരുടെ തൊഴിൽ തർക്കങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ശമ്പള കുടിശികയായതിനാൽ നിയമം കർശനമാക്കുകയായിരുന്നു.വീട്ടുജോലിക്കാരുടെ ശമ്പളം ബാങ്ക് വഴിയാക്കുന്നതോടെ രാജ്യത്തെ എല്ലാവർക്കും കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് നടപടി. ഇത് ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും. വീട്ടുജോലിക്കാർ, ആയമാർ, പാചകജോലിക്കാർ, ഹൗസ് ഡ്രൈവർമാർ, പൂന്തോട്ടക്കാർ, സ്വകാര്യ അധ്യാപകർ എന്നിവരെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടും.
തൊഴിൽ തർക്കങ്ങൾ കുറഞ്ഞു
2009 മുതലാണ് യുഎഇയിൽ വേതന സുരക്ഷാ പദ്ധതി നിലവിൽ വന്നത്. ഇതോടെ കഴിഞ്ഞ 16 വർഷത്തിനിടെ യുഎഇയിൽ സ്വകാര്യമേഖലാ തൊഴിലാളികളുടെ ശമ്പളകുടിശിക പരാതികൾ ഗണ്യമായി കുറഞ്ഞു. 2021 മുതൽ വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് പ്രത്യേക വകുപ്പായ തദ്ബീറിനു കീഴിലാക്കിയതോടെ റിക്രൂട്ടിങ് തട്ടിപ്പും കുറഞ്ഞിട്ടുണ്ട്.യുഎഇ സെൻട്രൽ ബാങ്ക് അംഗീകരിച്ച ബാങ്ക്, എക്സ്ചേഞ്ച്, ധനകാര്യ സ്ഥാപനം എന്നിവ മുഖേനയാണ് ജീവനക്കാരുടെ ശമ്പളം നൽകേണ്ടത്. ശമ്പളം ജീവനക്കാരന്റെ അക്കൗണ്ടിൽ വരവു വയ്ക്കുന്നതോടൊപ്പം തന്നെ അറിയിപ്പ് മന്ത്രാലയത്തിനും തൊഴിലാളിക്കും ലഭിക്കും. എടിഎം കാർഡ് ഉപയോഗിച്ച് തൊഴിലാളിക്ക് ഏതു സമയത്തും പണം പിൻവലിക്കാം. നിശ്ചിത തീയതി കഴിഞ്ഞ് 10 ദിവസത്തിനകം ശമ്പളം നൽകിയിരിക്കണം. 2 മാസം ശമ്പളം നൽകാത്ത തൊഴിലുടമയുടെ ഫയൽ സസ്പെൻഡ് ചെയ്യും. നിയമലംഘനം തുടർന്നാൽ കടുത്ത നടപടിയിലേക്കു നീങ്ങും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version