യുഎഇയിലെ ഈ മാളിന് പുതിയ പേര്, 2026ൽ തുറക്കും, പുത്തൻ തൊഴിലവസരങ്ങൾ
ഷാർജയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായിരുന്ന സഫീർ മാൾ ഇനി പുതിയ പേരിൽ പ്രവർത്തനം ആരംഭിക്കും. മാർക്ക് & സേവ് മാൾ എന്നതാണ് പുതിയ പേര്. വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഷാർജയിലെ അൽഖാൻ റോഡിലെ പ്രധാന ലാൻഡ്മാർക്ക് ആയിരുന്ന സഫീർ മാൾ രണ്ടു മാസം മുൻപ് അടച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മാളിന്റെ മുൻവശത്തുള്ള പേരും ലോഗോയും ഉൾപ്പടെയുള്ള ബോർഡുകൾ അഴിച്ചുമാറ്റിയിരുന്നു. ജനുവരിയിൽ മാൾ പ്രവർത്തിച്ചിരുന്ന കെട്ടിടം അതിന്റെ ഉടമയ്ക്ക് കൈമാറിയതായി സഫീർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാർക്കറ്റിങ് മാനേജർ ഓം പ്രകാശ് പറഞ്ഞിരുന്നു. പിന്നീട് മാൾ വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ഏറ്റെടുത്തതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.മാളിന്റെ മാനേജ്മെന്റ് മാറുകയാണെന്നും വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പാണ് കമ്പനിയുടെ സ്വത്ത് ഏറ്റെടുത്തിരിക്കുന്നതെന്നും വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്ടർ നവാസ് ബഷീറാണ് അറിയിച്ചത്. ഇപ്പോൾ ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇത് 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാളിന്റെ ഉൾഭാഗം, പുറം ഭാഗം, മാളിലും പരിസരത്തുമുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ വലിയ നവീകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്. നിലവിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായും ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും നവാസ് ബഷീർ അറിയിച്ചു. മാൾ പ്രവർത്തിച്ചിരുന്ന കെട്ടിടം പൂർണമായി പൊളിക്കില്ലെന്നും എന്നാൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കെട്ടിടത്തിൽ ഇപ്പോഴും പ്രവർത്തിക്കുന്ന കടകളെ താൽക്കാലികമായി ഒഴിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി എല്ലാ കടകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ‘മാർക്ക് & സേവ്’ എന്ന ബ്രാൻഡിൽ മാൾ പ്രവർത്തനം ആരംഭിക്കും. പുതിയ മാൾ തുറക്കുന്നതോടെ, ഒന്നിലധികം മേഖലകളിലായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)