യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ്
ദോഹ: യാത്രാ സമയത്ത് കൈവശം വയ്ക്കാവുന്ന പണത്തില്‍ വ്യക്തത വരുത്തി ഖത്തര്‍ കസ്റ്റംസ് അതോറിറ്റി. 50000 റിയാലില്‍ കൂടുതല്‍ പണമോ സമാനമൂല്യമുള്ള വസ്തുക്കളോ ഉണ്ടെങ്കില്‍ ഡിക്ലറേഷന്‍ നല്‍കണമെന്ന് കസ്റ്റംസ് ഓര്‍മിപ്പിച്ചു.
വലിയ തുകയുടെ കറൻസിയും സ്വർണവും മറ്റു വിലപിടിപ്പുള്ള രേഖകളുമായി രാജ്യത്തേക്ക് വരുന്നവര്‍ക്കും പുറത്തേക്ക് പോകുന്നവര്‍ക്കുമാണ് കസ്റ്റംസ് മുന്നറയിപ്പ് നല്‍കിയത്. 50,000 റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണമോ വിലപിടിപ്പുള്ള രേഖകളോ, സ്വർണമോ, മൂല്യമേറിയ രത്നങ്ങളോ കൈവശം വെക്കുന്നവർ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കണം. വിമാനത്താവളത്തിലോ കര അതിർത്തിയിലോ സമുദ്ര തുറമുഖങ്ങളിലോ നേരിട്ടോ അല്ലെങ്കിൽ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴിയോ കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിച്ചിരിക്കണം. ഇതേ മൂല്യമുള്ള ഇതര കറന്‍സികള്‍ ആണെങ്കിലും ഡിക്ലറേഷന്‍ ഇല്ലാതെ കൈവശം വയ്ക്കാന്‍ പാടില്ല. ഡോക്യുമെന്റ് രൂപത്തിലുള്ള സാമ്പത്തിക ഇടപാടുകൾ, ചെക്കുകൾ, പ്രോമിസറി നോട്ടുകൾ, പണമിടപാട് ഓർഡറുകൾ എന്നിവയും ഇതിലുൾപ്പെടും. ലോഹങ്ങളുടെ വിഭാഗത്തിൽ സ്വർണം, വെള്ളി, പ്ലാറ്റിനം പോലുള്ളവയും വജ്രം, മരതകം, മാണിക്യം, മുത്തുകൾ തുടങ്ങിയ കല്ലുകള്‍ക്കും നിയമം ബാധകമാണ്. കസ്റ്റംസ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. പിടികൂടിയ മൂല്യമേറിയ വസ്തുവിന് പുറമേ പിടിച്ചെടുത്തതിന്റെ ഇരട്ടി മൂല്യമുള്ള തുകയും പിഴ ചുമത്താന്‍ സാധ്യതയുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)