യുഎഇയിലെ സ്വകാര്യ സ്കൂളുകൾക്ക് പുതിയ ട്യൂഷൻ ഫീസ് നയം
2025-26 അധ്യയന വർഷം മുതൽ എമിറേറ്റിലെ മുഴുവൻ സ്വകാര്യ സ്കൂളുകളും പുതിയ ട്യൂഷൻ ഫീസ് നയം പാലിക്കണമെന്ന് അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ്. കുട്ടികളുടെ പഠനോപകരണങ്ങൾ, പാഠപുസ്തകങ്ങൾ, സ്കൂൾ യൂനിഫോമുകൾ തുടങ്ങിയവയുടെ ചെലവുകൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾക്ക് അനുവാദം നൽകുന്ന നയം ട്യൂഷൻ ഫീസ് 10 തവണകളായി വരെ ശേഖരിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകുന്നുമുണ്ട്.
സ്കൂൾ ഫീസ് നിയന്ത്രിക്കുന്നതിന് വ്യക്തവും സുതാര്യവുമായ ചട്ടക്കൂട് സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന പുതിയ നയം എമിറേറ്റിലെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ബാധകമാണ്.
ഫീസ് ഇളവുകൾ
പഠനോപകരണങ്ങൾ, പാഠപുസ്തകങ്ങൾ, യൂനിഫോമുകൾ എന്നിവ വാങ്ങുന്നതിൽ രക്ഷിതാക്കളെ ഒഴിവാക്കാം. പഴയതോ ദാനമായി ലഭിച്ചതോ ആയ പാഠപുസ്തകങ്ങൾ ഉപയോഗിക്കാൻ വിദ്യാർഥികളെ അനുവദിക്കണം. എന്നാൽ ഇത്തരം വസ്തുക്കൾ നിലവിലുള്ള സിലബസ്, യൂനിഫോം മുതലായവ അനുസരിച്ചുള്ളതാവണം.
ഫീസ് സുതാര്യത
സ്കൂളുകൾ അഡെക് അംഗീകരിച്ചിട്ടുള്ള ഫീസ് ഘടന സ്വന്തം വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം. അഡെക് അംഗീകരിച്ചിട്ടുള്ള ഫീസ് നിരക്കുകൾ സ്കൂളുകൾ നിർബന്ധമായും പാലിക്കുകയും ട്യൂഷൻ പേമെൻറ് ഷെഡ്യൂളുകൾ ഓൺലൈൻ വിശദമായി നൽകുകയും വേണം.
മാതാപിതാക്കളുമായുള്ള കരാർ
ട്യൂഷൻ പേമെൻറ് ഷെഡ്യൂളുകൾ സംബന്ധമായി മാതാപിതാക്കളുമായി സ്കൂളുകൾക്ക് കരാറിൽ ഒപ്പിടാം. കുറഞ്ഞത് മൂന്നു തുല്യ തവണകളോ പരമാവധി 10 വരെ തവണകളോ ആയി മാതാപിതാക്കൾക്ക് ഫീസ് അടയ്ക്കാം. അധ്യയന വർഷം ആരംഭിച്ച് ആദ്യത്തെ ഒരു മാസത്തിനുള്ളിൽ ആദ്യ ഗഡു സ്കൂളുകൾക്ക് വാങ്ങാം.
റീ രജിസ്ട്രേഷൻ ഫീസ്
നിലവിലുള്ള വിദ്യാർഥികളിൽനിന്ന് സ്കൂളുകൾക്ക് അംഗീകൃത ട്യൂഷൻ ഫീസിൻറെ അഞ്ച് ശതമാനം റീ രജിസ്ട്രേഷൻ ഫീസായി വാങ്ങാം. പുതിയ അധ്യയന വർഷം തുടങ്ങുന്നതിൻറെ നാലു മാസം മുമ്പ് വരെ ഈ ഫീസ് സ്കൂളുകൾക്ക് വാങ്ങാം.
അതേസമയം റീ രജിസ്ട്രേഷൻ ഫീസായി വാങ്ങുന്ന തുക വിദ്യാർഥിയുടെ അവസാന ട്യൂഷൻ ഫീസിൽനിന്ന് കുറക്കണം. ട്യൂഷൻ ഫീസ് അടക്കുന്നതിന് പകരമായി അധികമായി പണം ആവശ്യപ്പെടാൻ സ്കൂളുകൾക്കാവില്ല.
വൈകി അടക്കൽ നയം
ട്യൂഷൻ ഫീസ് അടക്കാൻ വൈകുകയോ നൽകാതിരിക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിൽ സ്കൂളുകൾ പാലിക്കേണ്ട നടപടികളും നയത്തിൽ പറയുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മാതാപിതാക്കളുടെ അവകാശങ്ങളെ മാനിക്കുകയും പിഴകൾ കൂടാതെ ഇവർക്ക് ഘടനാപരമായ ഫീസടക്കൽ പ്ലാനുകൾ അനുവദിക്കുകയും വേണം.
ഇത്തരം സാഹചര്യങ്ങളിൽ വിദ്യാർഥികൾ അപമാനിതരാകാതിരിക്കാൻ സ്കൂളുകൾ ഇവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം.ഫീസ് അടക്കാതിരിക്കുന്നതു മൂലം അടുത്ത അധ്യയന വർഷം ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സ്കൂളുകൾ അധ്യയന വർഷം അവസാനിക്കുന്നതിന് മൂന്നു മാസം മുമ്പ് മാതാപിതാക്കളെ രേഖാമൂലം അറിയിക്കണമെന്നും നയത്തിൽ പറയുന്നു. ഫീസ് അടക്കാത്തതു മൂലം വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽനിന്ന് തടയാൻ പാടില്ല.
ഫീസ് അടക്കാത്തതിനുള്ള പിഴകൾ
ഫീസ് അടക്കുന്നതിൽ വീഴ്ച വരുത്തുന്ന സാഹചര്യങ്ങളിൽ ഒരാഴ്ച ഇടവേളകളിൽ സ്കൂളുകൾക്ക് മൂന്ന് മുന്നറിയിപ്പുകൾ മാതാപിതാക്കൾക്ക് നൽകാം. മൂന്നാമത്തെ താക്കീതിനു ശേഷവും ഫീസ് അടച്ചില്ലെങ്കിൽ വിദ്യാർഥി പ്രവേശനം മൂന്നുദിവസം വരെ റദ്ദാക്കാം. ഈ സസ്പെൻഷൻ ഒരു അക്കാദമിക ടേമിൽ ഒരു തവണ മാത്രമെ ചെയ്യാൻ അനുവാദമുള്ളൂ.
ഇതിനു പുറമെ പരീക്ഷാ ഫലം, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ട്രോണിക് സ്റ്റുഡൻറ് ഇൻഫർമേഷൻ സിസ്റ്റം(ഇസിസ്)എന്നിവ ഫീസ് കുടിശ്ശിക അടച്ചുതീർക്കുന്നതു വരെ തടഞ്ഞുവെക്കാനാവും. എന്നാൽ ഫീസ് അടക്കാത്തതു മൂലം വിദ്യാർഥികളെ ക്ലാസിൽ ഇരിക്കുന്നതിനു തടയാനോ പരീക്ഷ എഴുതിക്കാതിരിക്കാനോ ആവില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)