‘പ്രായം കൂടും തോറും ഇൻഷുറൻസ് പ്രീമിയവും കൂടും’; വിദഗ്ധ ചികിത്സയ്ക്ക് നാട് തന്നെ ശരണം: യുഎഇയിൽ പ്രവാസികളെ വലയ്ക്കുന്ന ഫീസ്
ഇൻഷുറൻസ് പ്രീമിയം തുക താങ്ങാനാവാതെ 60 വയസ്സ് കഴിഞ്ഞ പ്രവാസികൾ. വിരമിക്കുന്നതോടെ പലരും നാട്ടിലേക്കു മടങ്ങുമെങ്കിലും സ്വന്തം ബിസിനസുള്ളവരും കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇവിടെതുടരും.എന്നാൽ, പ്രായം കൂടും തോറും ഇൻഷുറൻസ് പ്രീമിയം വർധിക്കുന്നതിനാൽ, ചികിത്സയ്ക്ക് പലർക്കും നാടുകളിലേക്കു തന്നെ പോകേണ്ട സ്ഥിതിയാണ്. പ്രായം കൂടും തോറും രോഗങ്ങളും ഡോക്ടറെ കാണുന്നതിന്റെ എണ്ണവും വർധിക്കും. മരുന്നും ഡോക്ടറുടെ ഫീസും നല്ലൊരു തുകയാകും. ഇതിനൊപ്പം രക്തപരിശോധനയോ ശസ്ത്രക്രിയയോ വേണ്ടി വന്നാൽ, സമ്പാദ്യം മുഴുവൻ കൂട്ടിവച്ചാലും മതിയാകാതെ വരും. ഇതിനാൽ വിദഗ്ധ ചികിത്സ വേണ്ടവർ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാൻ നിർബന്ധിതരാവുകയാണ്.
മുതിർന്ന പൗരന്മാർക്ക് എല്ലാ ചികിത്സയും ഉൾപ്പെടുന്ന ഇൻഷുറൻസിനു കുറഞ്ഞത് 11000 ദിർഹമെങ്കിലും വേണം. ശസ്ത്രക്രിയ അടക്കമുള്ള ചികിൽസയ്ക്ക് ഒരുലക്ഷം ദിർഹത്തിൽ കുറയാത്ത പ്രീമിയം നൽകേണ്ടി വരും.
ഇടത്തരം വരുമാനക്കാരായ വയോജനങ്ങൾക്ക് കുറഞ്ഞ പ്രീമിയം ഇൻഷുറൻസ് ഉണ്ടെങ്കിലും അതിന്റെ പരിരക്ഷ പരിമിതമാണ്. വീസ നടപടിക്രമങ്ങൾക്ക് എല്ലാ എമിറേറ്റുകളിലും ഇൻഷുറൻസ് നിർബന്ധമാക്കിയതോടെ തൊഴിലിൽ നിന്ന് വിരമിച്ച് രാജ്യത്ത് തങ്ങുന്നവർക്ക് ഇൻഷുറൻസ് അനിവാര്യമായി.
65 വയസ്സ് കഴിഞ്ഞവർക്ക് മരുന്നിനു തന്നെ മാസംതോറും നല്ലൊരു തുക വേണം. പണം നൽകി വാങ്ങാനാണെങ്കിൽ ബജറ്റ് താളംതെറ്റും. ഇൻഷുറൻസിനെ ആശ്രയിച്ചാൽ വൻ തുക പ്രീമിയം നൽകേണ്ടി വരും.
പ്രായം അനുസരിച്ചു വിവിധ സ്ലാബുകളിലാണ് പ്രീമിയം തുക തീരുമാനിക്കുന്നത്. മാത്രമല്ല, ഗുരുതര രോഗമുള്ളവർക്ക് ഉയർന്ന പ്രീമിയം നൽകേണ്ടി വരും. പ്രീമിയം തീരുമാനിക്കും മുൻപ് അപേക്ഷകന്റെ ആരോഗ്യ സ്ഥിതിയും ഇൻഷുറൻസ് കമ്പനി പരിശോധിക്കും. ചില സാഹചര്യങ്ങളിൽ മെഡിക്കൽ റിപ്പോർട്ടും ഇൻഷുറൻസ് കമ്പനി ആവശ്യപ്പെടാറുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)