അവധിക്കാലം ഖത്തറിൽ ആയാലോ?; വീസ മുതല്‍ താമസസൗകര്യം വരെ അറിയേണ്ടതെല്ലാം
ദോഹ. സ്‌കൂള്‍ അവധി എത്തിക്കഴിഞ്ഞു. അവധിക്കാലം ഖത്തറില്‍ ചെലവിടാന്‍ ആഗ്രഹിക്കുന്നവര്‍ യാത്ര നന്നായി പ്ലാന്‍ ചെയ്തുവേണം പോകാന്‍.
പ്രകൃതിയുടെ അത്യപൂർവ കാഴ്ചയൊരുക്കുന്ന സീലൈൻ, മനുഷ്യനിർമിത ദ്വീപ് ആയ പേൾ ഖത്തർ, പരമ്പരാഗത വിനോദ–വ്യാപാര കേന്ദ്രമായ സൂഖ് വാഖിഫ്, വിനോദ കേന്ദ്രമായ ലുസെയ്ൽ ബൗളെവാർഡ്, കടലിന്റെ മനോഹാരിത വിളിച്ചറിയിക്കുന്ന ദോഹ കോർണിഷ്, സാംസ്കാരിക ഗ്രാമമായ കത്താറ കൾചറൽ വില്ലേജ് തുടങ്ങി കാഴ്ചകൾ ഏറെയുണ്ട് ഖത്തറിൽ. ഖത്തറിലേക്കുള്ള സന്ദർശക വീസകൾ, നടപടിക്രമങ്ങൾ, രേഖകള്‍, പ്രവേശനം എങ്ങനെ എന്നെല്ലാം വിശദമായി അറിയാം.
∙എത്രതരം വീസകൾ?
നിലവിൽ സന്ദർശകർക്ക് രണ്ടു തരത്തിലുള്ള വീസകളാണുള്ളത്. സന്ദര്‍ശക വീസയും കുടുംബ സന്ദര്‍ശക വീസയും. ഇതിനായി ഓൺ അറൈവൽ വീസകളും ഹയ്യാ ഇ-വീസകളുമാണുള്ളത്. ഹ്രസ്വ സന്ദര്‍ശനമെങ്കില്‍ ഓണ്‍ അറൈവല്‍ ആയി വീസ എടുക്കാം. ഒരു മാസത്തില്‍ കൂടുതല്‍ ഖത്തറില്‍ തങ്ങാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഹയ്യാ വീസകൾക്ക് അപേക്ഷിക്കണം.
∙ ഹയ്യാ വീസകൾ
സന്ദർശകർക്ക് 3 തരം ഹയ്യാ വീസകളാണുള്ളത്–എ-1, എ–2, എ–3 വീസകൾ. ഹയ്യാ മൊബൈൽ ആപ് അല്ലെങ്കിൽ പോർട്ടൽ മുഖേന അപേക്ഷിക്കാം.
ടൂറിസ്റ്റ് വീസകളാണ് എ–വൺ വീസ എന്നു പറയുന്നത്. ഇന്ത്യയിൽ നിന്ന് നേരിട്ട് വരുന്ന സന്ദർശകർ എ-വൺ വീസ ആണ് എടുക്കേണ്ടത്.
ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ റസിഡൻസിയുള്ള ഇന്ത്യക്കാർ ആണെങ്കിൽ എ–2 വീസയ്ക്കാണ് അപേക്ഷിക്കേണ്ടത്. ഇവർക്ക് ഓൺ അറൈവൽ വീസയും ലഭിക്കും.
യുകെ, ഷെംഗൻ, യുഎസ് വീസ അല്ലെങ്കിൽ ഇവിടങ്ങളിൽ റസിഡൻസി പെർമിറ്റുള്ള ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോട് (ഇടിഎ) കൂടിയ എ–3 വീസകളാണ് ലഭിക്കുക.
കോൺഫറൻസ്, ഇവന്റ് എന്നിവയിൽ പങ്കെടുക്കാനായി ഖത്തറിലേക്ക് എത്തുന്നവർ എ–വൺ വീസയ്ക്കാണ് അപേക്ഷിക്കേണ്ടത്. എ–2, എ–3 വീസകൾക്ക് 100 റിയാൽ (ഏകദേശം 2,388 ഇന്ത്യൻ രൂപ) നൽകണം.
∙എന്താണ് ഓണ്‍ അറൈവല്‍ വീസ?
വീസ ഫ്രീ എന്‍ട്രി എന്നാണ് ഓണ്‍ അറൈവല്‍ വീസയെ പറയുന്നത്. ഇന്ത്യ ഉള്‍പ്പെടെ 101 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ വീസ ഫ്രീ എന്‍ട്രി അനുവദിക്കും. സൗജന്യ വീസയാണ് ലഭിക്കുന്നത്. മുൻകൂട്ടി അപേക്ഷിക്കുകയോ ഫീസ് നൽകുകയോ വേണ്ട. എന്നാൽ നിശ്ചിത വ്യവസ്ഥകൾ പാലിക്കണം.
ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് ഓണ്‍ അറൈവല്‍ വീസയിലെത്തുന്നവർ എത്ര ദിവസമാണോ ദോഹയിൽ താമസിക്കുന്നത് അത്രയും ദിവസത്തെ ഹോട്ടല്‍ ബുക്കിങ് ഡിസ്‌ക്കവര്‍ ഖത്തര്‍ മുഖേന നടത്തിയിരിക്കണമെന്ന് നിർബന്ധമാണ് . ഒരു വ്യക്തിക്ക് കുറഞ്ഞത് 3 ദിവസവും പരമാവധി 30 ദിവസം വരെയും രാജ്യത്ത് താമസിക്കാം. എന്നാല്‍ വീസ വീണ്ടും നീട്ടാന്‍ അനുമതിയില്ല.
∙സന്ദർശക വീസകളിലെത്തുന്നവരുടെ താമസം എങ്ങനെ?
ഓൺ അറൈവൽ വീസയിലെത്തുന്നവർക്ക് ഡിസ്ക്കവർ ഖത്തർ മുഖേനയുള്ള ഹോട്ടൽ താമസം മാത്രമേ അനുവദിക്കൂ. ഹയ്യാ വീസകളിലെത്തുന്ന സന്ദർശകർക്ക് 2 തരം താമസം തിരഞ്ഞെടുക്കാം. ഖത്തറിലെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്ത് താമസിക്കാം. അല്ലെങ്കിൽ ഡിസ്ക്കവർ ഖത്തർ മുഖേന ഹോട്ടൽ ബുക്ക് ചെയ്തും താമസിക്കാം.
ഹയ്യാ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഏതു തരം താമസമാണെന്ന് വ്യക്തമാക്കണം. ആരുടെ കൂടെയാണോ താമസിക്കുന്നത് ആ വ്യക്തിയുടെ ദോഹയിലെ മേല്‍വിലാസം, ഖത്തര്‍ ഐഡി പകര്‍പ്പ് എന്നിവ സഹിതം വേണം അപേക്ഷിക്കാന്‍. ഒരു റസിഡന്റിന് പരമാവധി 5 പേര്‍ക്ക് ആതിഥേയത്വം നല്‍കാൻ അനുമതിയുണ്ടെന്ന് ഖത്തറിലെ ട്രാവല്‍ ഏജന്‍സിയായ ഗോ മുസാഫര്‍ ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടു പറഞ്ഞു.
∙വീസയ്ക്ക് എന്തൊക്കെ രേഖകള്‍?പ്രായപരിധി
കുറഞ്ഞത് 3 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്കയാത്രയുടെ ടിക്കറ്റ്, ഹയ്യാ എൻട്രി വീസ, ഡിസ്‌ക്കവര്‍ ഖത്തര്‍ മുഖേനയുള്ള ഹോട്ടല്‍ ബുക്കിങ് രേഖ, അല്ലെങ്കില്‍ ദോഹയിലെ ബന്ധു (സുഹൃത്ത്)വിന്റെ മേല്‍വിലാസവും ഖത്തര്‍ ഐഡിയും.
ഖത്തറില്‍ എത്ര ദിവസം താമസിക്കുന്നുണ്ടോ അത്രയും ദിവസത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ആവശ്യമാണ്. സന്ദർശക വീസയ്ക്ക് പ്രായപരിധി ഇല്ല. എല്ലാ പ്രായക്കാർക്കും അർഹരെങ്കിൽ വീസ ലഭിക്കും.
∙ എങ്ങനെ അപേക്ഷിക്കാം?
ഹയ്യാ വീസകൾക്ക് https://hayya.qa/ എന്ന വെബ്സൈറ്റ് മുഖേനയോ അല്ലെങ്കിൽ ഹയ്യാ ആപ്പിലൂടെയോ അപേക്ഷ നൽകാം. ഖത്തർ ടൂറിസത്തിന്റെ https://visitqatar.com/intl-en/plan-your-trip/visas എന്ന വെബ്സൈറ്റ് മുഖേനയും അപേക്ഷ നൽകാം. ഹോട്ടൽ ബുക്കിങ്ങിനായി https://www.discoverqatar.qa/ എന്ന സൈറ്റ് സന്ദർശിക്കണം.
∙ വീസ നീട്ടൽ എങ്ങനെ?
കാലാവധി തീരും മുൻേപ വീസ നീട്ടണമെങ്കിൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ പാസ്പോർട്ട് ഡയറക്ടറേറ്റിൽ നേരിട്ടെത്തി അപേക്ഷ നൽകണം.
Comments (0)