യുഎഇയിൽ ഇനി ബാൽക്കണി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; പിഴ അടയ്ക്കേണ്ടിവരും
പൊതുഭംഗിക്കു കോട്ടംതട്ടും വിധം കെട്ടിടത്തിൻറെ മേൽക്കൂരകളിലും ബാൽക്കണികളിലും സാധനങ്ങൾ സൂക്ഷിക്കുകയോ ശേഖരിക്കുകയോ ചെയ്താൽ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി അബൂദബി. നിയമലംഘകർക്ക് 500 ദിർഹമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴത്തുക 1000 ദിർഹമായി ഉയർത്തും. മൂന്നാം തവണ മുതലുള്ള നിയമലംഘനങ്ങൾക്ക് 2000 ദിർഹം വീതമായിരിക്കും പിഴ.
നഗരഭംഗി മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി അബൂദബി വിവിധ നിയമലംഘനങ്ങളും അവക്കെതിരായ പിഴത്തുകകളും അടുത്തിടെ അവതരിപ്പിച്ചിരുന്നു. അംഗീകാരമില്ലാതെ കെട്ടിടങ്ങൾക്കു നടത്തുന്ന പരിഷ്കാരങ്ങൾക്ക് 4000 ദിർഹം വരെയാണ് പിഴ. വൃത്തിഹീനമായതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വാഹനങ്ങൾ പൊതുനിരത്തുകളിൽ നിർത്തിയിട്ടു പോവുന്നതും 4000 ദിർഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
പൊതുഭംഗിക്കു കോട്ടം വരുത്തും വിധം വാഹനഭാഗങ്ങൾ ഉപേക്ഷിച്ചുപോവുന്നതിന് 1000 ദിർഹമാണ് പിഴ. കുറ്റം ആവർത്തിച്ചാൽ പിഴത്തുക 2000 ദിർഹമായി ഉയരും. മൂന്നാം തവണത്തെ നിയമലംഘനത്തിന് നാലായിരം ദിർഹമാണ് പിഴ ചുമത്തുക. വാഹനങ്ങൾ നിരത്തുകളിൽ ഉപേക്ഷിക്കുന്ന പ്രവണതക്കെതിരെ അധികൃതർ നേരത്തേ ബോധവത്കരണ കാമ്പയിനുകൾ നടത്തിയിരുന്നു. വേനൽക്കാലങ്ങളിൽ നിർത്തിയിട്ട കാറുകൾക്കു മുകളിൽ പൊടിപിടിച്ചുകിടക്കാനുള്ള സാധ്യത കൂടുതലാണെന്നും ആയതിനാൽ താമസക്കാർ തങ്ങളുടെ വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)