സൈബർ ആക്രമണങ്ങൾക്ക് സാധ്യത; ഇടപാടുകളിൽ ജാഗ്രത പുലർത്തണമെന്ന് യുഎഇ
ഈദ് അവധിക്കാലത്ത് സൈബർ ആക്രമണം വർധിക്കാൻ സാധ്യതയുണ്ടെന്നും ഇടപാടുകളിൽ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് ജാഗ്രതാ നിർദേശം. വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയെല്ലാം സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. അപരിചിത കേന്ദ്രങ്ങളിൽനിന്നുള്ള ഇ–മെയിൽ, എസ്എംഎസ് സന്ദേശങ്ങൾ തുറക്കുകയോ പ്രതികരിക്കുകയോ ചെയ്യരുത്. സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ ഓൺലൈൻ ഇടപാട് നടത്തരുത്. വ്യക്തിഗത, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറരുത്, ഔദ്യോഗിക ചാനലുകൾ വഴി സ്ഥിരീകരിച്ച ഇടപാടുകളോടു മാത്രമേ പ്രതികരിക്കാവൂ, സ്ഥാപനങ്ങൾ സൈബർ സുരക്ഷ വർധിപ്പിക്കുക, വഞ്ചിക്കപ്പെട്ടാൽ എത്രയും വേഗം പൊലീസിനെയും ബാങ്കിനെയും അറിയിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ. കഴിഞ്ഞ ആഴ്ച 634 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കെതിരായ സൈബർ ആക്രമണം തടഞ്ഞതായും കൗൺസിൽ അറിയിച്ചു. ഇതേ കാലയളവിൽ ആഗോള തലത്തിൽ 1.4 ലക്ഷം സ്ഥാപനങ്ങൾ സൈബർ ആക്രമണത്തിന് ഇരയായി. ഈ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കിയതായി ജനങ്ങളെയും ഓർമിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)