യുഎഇയിലുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക; ഈ നിയമം ലംഘിച്ചാൽ 4000 ദിർഹം വരെ പിഴ അടക്കണം
യുഎഇയിലെ വാഹന ഉടമകൾ ശ്രദ്ധിക്കേണ്ട നിയമങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അബുദാബിയിലെ മുനിസിപ്പാലിറ്റീസ് ആൻറ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻറ്. വാഹനങ്ങൾ വൃത്തികേടായി റോഡിൽ സൂക്ഷിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്താൽ 4000 ദിർഹം വരെ പിഴ അടക്കേണ്ടി വരുമെന്നാണ് ഡിഎംടി അധികൃതർ വ്യക്താക്കിയത്. 2012-ലെ ലോ നമ്പർ 2 അനുസരിച്ച് ഇക്കാര്യം കുറ്റകരമാണെന്ന് ഡിഎംടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. സുസ്ഥിരവും സൗന്ദര്യാത്മകവുമായ നഗര അന്തരീക്ഷം നിലനിർത്താൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിയമം. റോഡിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിന് മൂന്ന് തരത്തിലാണ് അതോറിറ്റി പിഴ ചുമത്തുക. നിയമലംഘനത്തിൻറെ സ്വഭാവമനുസരിച്ചാണ് അതോറിറ്റി പിഴയുടെ കാര്യത്തിൽ തീരുമാനമെടുക്കുക. പൊതുവായ രൂപത്തെ വികലമാക്കുന്ന വിധത്തിൽ വൃത്തിഹീനമായ വാഹനങ്ങൾ പൊതു ഇടങ്ങളിൽ ഉപക്ഷിച്ചാൽ 500 ദിർഹമാണ് പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ആയിരം ദിർഹമായി മാറും. പിന്നീട് ഇതേ നിയമ ലംഘനം ആവർത്തിക്കുകയാണെങ്കിൽ 2000 ദിർഹം പിഴ അടക്കേണ്ടതായി വരും. പൊതുവിടങ്ങളിൽ വാഹനത്തിൻറെ ഫ്രെയിമോ ബോഡിയോ ഉപേക്ഷിച്ചാൽ ആയിരം ദിർഹമാണ് പിഴ. രണ്ടാമത് നിയമലംഘനം ആവർത്തിച്ചാൽ പിഴ 2000 ദിർഹമാണ്. പിന്നീടുള്ള ആവർത്തനങ്ങൾക്ക് പിഴ ശിക്ഷ 4000 ദിർഹമായി മാറും. വാഹനങ്ങളുമായി ബന്ധപ്പെട്ട് മാത്രമല്ല, പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ടും ഡിഎംടി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം നിയമലംഘനങ്ങൾക്ക് അവയുടെ സ്വഭാവം അനുസരിച്ച് 2000 ദിർഹം മുതൽ 4000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സിഗരറ്റ് കുറ്റികൾ പൊതുസ്ഥലത്ത് അലക്ഷ്യമായി വലിച്ചെറിയുക. സ്ഥാപിച്ചിട്ടുള്ള ബിന്നുകളിലല്ലാതെ ചപ്പുചവറുകൾ വലിച്ചെറിയുക, പൊതു ഇടങ്ങളിൽ വെറ്റില മുറുക്കിയോ പാൻ ചവച്ചോ തുപ്പുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയാണ് അധികൃതർ സ്വീകരിക്കുക. ദുബായിൽ വാഹനം റോഡിൽ ഉപേക്ഷിച്ചാൽ 500 ദിർഹമാണ് പിഴ അടക്കേണ്ടത്. ദുബായ് മുനിസിപ്പിലാറ്റിയാണ് പിഴ ചുമത്തുക. വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നത് നഗരത്തിൻറെ അന്തരീക്ഷത്തെയും സൗന്ദര്യാത്മകതയെയും ബാധിക്കുന്നു എന്നാണ് ദുബായിലെ അതോറിറ്റികൾ മുന്നറിയിപ്പ് നൽകുന്നത്. ദുബായിൽ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ, വാഹനത്തിൻറെ നമ്പർ പ്ലേറ്റ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ദുബായ് മുനിസിപ്പാലിറ്റി ഒരു എസ് എം എസ് സന്ദേശം അയക്കും. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളിൽ വാഹനങ്ങൾ നീക്കിയില്ലെങ്കിലാണ് 500 ദിർഹം പിഴ ചുമത്തുക. സാധാരണ 3 മുതൽ 15 ദിവസങ്ങൾ വരെയാണ് വാഹനം നീക്കുന്നതിന് അധികൃതർ സമയം അനുവദിക്കുന്നത്. വാഹനത്തിൻറെ നിലവിലുള്ള അവസ്ഥയും വാഹനം കിടക്കുന്ന സ്ഥലവും അനുസരിച്ചാണ് ഈ സമയത്തിൻറെ കാര്യത്തിൽ തീരുമാനമെടുക്കുക. ദുബായിലെ റോഡുകളിൽ ഒരു വാഹനത്തിൻറെ തൊട്ടുപിന്നിൽ ടെയിൽഗേറ്റ് ചെയ്യുന്നതിനെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ തന്നെ പോലീസ് ഇക്കാര്യം മോണിറ്റർ ചെയ്യുകയും നിയമലംഘകർക്ക് ബോധവൽക്കരണ സന്ദേശം അയക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമലംഘനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇനി മുതൽ പിഴ ഈടാക്കിത്തുടങ്ങാനാണ് അധികൃതരുടെ പദ്ധതി. 400 ദിർഹം പിഴ ശിക്ഷയും നാല് ബ്ലാക്ക് പോയിൻറുകളുമാണ് നിയമലംഘകർക്കെതിരെ പോലീസ് ചുമത്തുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)