പ്രവാസികളുടെ സ്വാഭാവികമരണം; യുഎഇയില്‍ ഇന്ത്യൻ തൊഴിലാളികൾക്കും ആശ്രിതര്‍ക്കും പുതിയ ഇൻഷുറൻസ് പദ്ധതി
ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുമായി യുഎഇ. ഈ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ രാജ്യത്ത് സ്വാഭാവികമായോ അപകടം മൂലമോ മരണം സംഭവിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആരംഭിച്ച പദ്ധതിയിൽ ദുബായ് നാഷണൽ ഇൻഷുറൻസും (ഡിഎൻഐ) നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്സും കൈകോർക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവനാണ് ഇക്കാര്യം അറിയിച്ചത്. 2024ല്‍ വരുമാനം കുറഞ്ഞ ബ്ലൂ കോളർ തൊഴിലാളികൾക്കായി ആരംഭിച്ച ലൈഫ് പ്രൊട്ടക്ഷൻ പദ്ധതിയുടെ വിപുലീകരണമാണിതെന്നും അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ ഗാർഗേഷ് ഇൻഷുറൻസ് സർവീസ്, ഓറിയന്‍റ് സർവീസ് എന്നീ കമ്പനികളുമായി കൈകോർത്തായിരുന്നു പദ്ധതി ആരംഭിച്ചത്. എന്നാലിപ്പോള്‍, പുതിയ കമ്പനികളുമായി കൈകോർക്കുകയാണ്. മിക്ക കമ്പനികളും തൊഴിലാളികൾക്ക് നൽകുന്ന ആരോഗ്യ ഇൻഷുറൻസുകൾ ജോലിയുമായി ബന്ധപ്പെട്ട് മരണമോ പരിക്കുകളോ സംഭവിച്ചാൽ മാത്രമുള്ളതാണ്. എന്നാൽ, തൊഴിലാളികൾക്ക് സ്വാഭാവികമരണം സംഭവിക്കുന്ന സാഹചര്യങ്ങളിൽ അവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്ന ഇൻഷുറൻസുകളും കമ്പനികൾ നൽകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ലൈഫ് പ്രൊട്ടക്ഷൻ പദ്ധതി കൊണ്ടുവന്നതെന്ന് കോൺസുലേറ്റ് ജനറൽ പറഞ്ഞു. പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഈ ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താം. 18 മുതൽ 69 വയസുവരെ പ്രായമുള്ളവർക്ക് ഇതിൽ അംഗങ്ങളാകാൻ കഴിയും. പ്രതിവർഷം 32 ദിർഹമാണ് പ്രീമിയം. യുഎഇ റസിഡൻസി വിസയുള്ളവർക്ക് ലോകത്ത് എവിടെയും ഇൻഷുറൻസിന്‍റെ പരിരക്ഷ ലഭിക്കുമെന്ന് കോൺസുൽ ജനറൽ പറഞ്ഞു. മരണം സംഭവിക്കുകയോ ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടം സംഭവിക്കുകയോ ചെയ്താൽ 35,000 ദിർഹം വരെ ഇൻഷുറൻസ് ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷുറൻസ് കമ്പനി വഹിക്കുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)