യുഎഇ വീണു, സൗദി അറേബ്യയും പിന്നിൽ; പ്രവാസി പണത്തിൽ മുന്നിൽ മറ്റൊരു രാജ്യം, ഇതാദ്യം
പ്രവാസികളുടെ പണം വരവിൽ എക്കാലത്തും മുന്നിലുണ്ടായിരുന്നത് ജിസിസി രാജ്യങ്ങളായിരുന്നു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ കൂടുതൽ ഇന്ത്യൻ പ്രവാസികൾ ഉള്ളതിനാൽ സ്വാഭാവികമായും പണം വരവും ഇവിടെ നിന്നായിരുന്നു. എന്നാൽ ആർബിഐയുടെ പുതിയ കണക്കിൽ ചിത്രം മാറിയിരിക്കുകയാണ്.കൂടുതൽ പ്രവാസികൾ ജിസിസി രാജ്യങ്ങളിലാണെങ്കിലും അവർ ചെയ്യുന്നത് സാധാരണ ജോലിയാണ്. എന്നാൽ യൂറോപ്പിലും അമേരിക്കയിലുമെല്ലാം ജോലി ചെയ്യുന്ന പ്രവാസികൾ വൈറ്റ് കോളർ ജോലിക്കാരാണ്. ഇതാണ് പണം വരവിന്റെ പ്രധാന കേന്ദ്രം മാറിമറിയാൻ കാരണം എന്നും ആർബിഐ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പ്രവാസികളുടെ പണം വരവിൽ യുഎഇയേക്കാൾ വളരെ മുന്നിലാണ് ഇപ്പോൾ അമേരിക്ക.2023-24 സാമ്പത്തിക വർഷം വിദേശത്ത് നിന്ന് പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ച പണത്തിന്റെ കണക്കാണ് ആർബിഐ പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയിൽ നിന്നാണ് കൂടുതൽ പണം വന്നത്. 27.7 ശതമാനം പണം വന്നു. അതേസമയം, യുഎഇയിൽ നിന്ന് 19.2 ശതമാനമാണ് പണത്തിന്റെ കണക്ക്. ഉയർന്ന യോഗ്യതയുള്ളവർ അമേരിക്കയിലേക്ക് ജോലിക്ക് പോകുന്നു എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.എപ്പോഴും പ്രവാസി പണത്തിൽ മുന്നിലുണ്ടായിരുന്ന ജിസിസി രാജ്യങ്ങൾ പിന്നിലായി എന്നതാണ് ആർബിഐ സർവ്വെയിൽ എടുത്തു പറയേണ്ട കാര്യം. ഇതിന് മുമ്പ് വന്ന 2016-17 സാമ്പത്തിക വർഷത്തെ ആർബിഐ സർവ്വെയിൽ യുഎഇ ആയിരുന്നു മുന്നിൽ. 26.9 ശതമാനമായിരുന്നു യുഎഇയിൽ നിന്ന് വരുന്ന പ്രവാസി പണത്തിന്റെ കണക്ക്. 22.9 ശതമാനവുമായി അമേരിക്ക രണ്ടാം സ്ഥാനത്തായിരുന്നു.അമേരിക്ക, ബ്രിട്ടൻ, സിംഗപ്പൂർ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്ന പ്രവാസി പണമാണ് മൊത്തം വന്ന പണത്തിന്റെ പകുതിയിൽ അധികവും. ആറ് ജിസിസി രാജ്യങ്ങളിൽ നിന്ന് വന്നത് 37.9 ശതമാനം പണമാണ്. 2016-17 സാമ്പത്തിക വർഷം ഇത് 46.7 ശതമാനം ആയിരുന്നു. അതായത്, ഗൾഫിൽ നിന്നുള്ള പണം 9 ശതമാനത്തോളം കുറഞ്ഞു.കൂടുതൽ ഇന്ത്യൻ പ്രവാസികൾ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ആണെങ്കിലും അവിടെ ബ്ലൂ കോളർ ജോലിയിലാണ് മിക്കവരും. കെട്ടിട നിർമാണം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലാണ് ജോലി.അതേസമയം, അമേരിക്കയിൽ ഇന്ത്യൻ പ്രവാസികളിൽ വലിയൊരു ഭാഗം വൈറ്റ് കോളർ ജോലിക്കാരാണ്. അവർക്ക് കൂടുതൽ വരുമാനമുണ്ടാകും. സ്വാഭാവികമായും നാട്ടിലേക്ക് അയക്കുന്ന പണവും ഉയർന്ന അളവിലായിരിക്കും. കേരളം പിന്നിലേക്ക്, മഹാരാഷ്ട്ര മുന്നിൽ 78 ശതമാനം ഇന്ത്യൻ പ്രവാസികളും അമേരിക്കയിൽ ജോലി ചെയ്യുന്നത് ഉയർന്ന ശമ്പളത്തിനാണ്. ബിസിനസ്, ശാസ്ത്രം, കല എന്നീ രംഗത്താണ് ജോലി. പണം കൂടുതൽ വരുന്നത് മഹാരാഷ്ട്രയിലേക്കാണ് എന്ന് ആർബിഐ റിപ്പോർട്ടിൽ പറയുന്നു. കേരളവും തമിഴ്‌നാടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. 2016-17 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിൽ 19 ശതമാനവുമായി കേരളം ആയിരുന്നു മുന്നിൽ. പുതിയ റിപ്പോർട്ടിൽ 20.5 ശതമാനവുമായി മഹാരാഷ്ട്ര മുന്നിലെത്തി.മൂന്നാം സ്ഥാനത്തുള്ള തമിഴ്‌നാട് 8 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയർന്നിട്ടുണ്ട്. 2001ൽ ലോകത്തെ മൊത്തം പ്രവാസി പണത്തിൽ 11 ശതമാനം ആയിരുന്നു ഇന്ത്യയിലേക്ക് എത്തിയത്. 2024ൽ ഇത് 14 ശതമാനമായി ഉയർന്നു എന്നാണ് ലോകബാങ്കിന്റെ കണക്ക്. ഇന്ത്യയിലേക്ക് പണം അയക്കാൻ കൂടുതൽ പേരും ഡിജിറ്റൽ മാർഗമാണ് ആശ്രയിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)