യുഎഇയിൽ ഇനി ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റ് ; എളുപ്പത്തിൽ കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം
പൂർണമായും ഡിജിറ്റൽ സേവനങ്ങളിലൂടെ ജനന സർട്ടിഫിക്കറ്റ് എളുപ്പത്തിൽ ലഭിക്കുന്ന സംവിധാനമൊരുക്കി ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ). സൗകര്യപ്രദമായ രീതിയിൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും സ്മാർട്ട് സേവനങ്ങൾ വ്യാപിപ്പിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
പുതിയ രീതിയിൽ ഉപഭോക്തൃ സേവനകേന്ദ്രം സന്ദർശിക്കാതെതന്നെ അറബി, ഇംഗ്ലീഷ്, ഉർദു എന്നീ മൂന്നു ഭാഷകളിൽ സർട്ടിഫിക്കറ്റ് ലഭിക്കും. ദുബൈയിലെ ആശുപത്രികൾ ജനനവിവരം ആവശ്യമായ രേഖകൾ സഹിതം ഇ-സേവന സംവിധാനത്തിൽ സമർപ്പിക്കുന്നതോടെയാണ് സർട്ടിഫിക്കറ്റിനുള്ള പ്രക്രിയ ആരംഭിക്കുന്നത്. പിന്നീട് രക്ഷിതാക്കൾക്ക് ഡി.എച്ച്.എ വെബ്സൈറ്റ് വഴി അപേക്ഷ പൂർത്തീകരിക്കാം. അതോടൊപ്പം ആവശ്യമായ കോപ്പികളുടെ എണ്ണം തെരഞ്ഞെടുക്കാനും ഇലക്ട്രോണിക്കായി തന്നെ പേമെൻറ് നടത്താനുമുള്ള സൗകര്യവുമുണ്ടാകും.
ക്രെഡിറ്റ് കാർഡുകളും ബാങ്ക് ട്രാൻസ്ഫർ സേവനവും പേമെൻറിനായി ഉപയോഗപ്പെടുത്താം. ജനന സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഡി.എച്ച്.എയുടെ 800 എന്ന ടോൾ ഫ്രീ നമ്പർ സൗകര്യവുമൊരുക്കിയിട്ടുണ്ട്.
സർട്ടിഫിക്കറ്റ് ഒരു പ്രവൃത്തി ദിവസത്തിനകം ഇ-മെയിൽ വഴിയോ മെബൈൽ ഫോൺ വഴിയോ അനുവദിച്ചുകിട്ടും. കൊറിയർ വഴി ഒരു പ്രിൻറ് കോപ്പിക്ക് അപേക്ഷിക്കാനും സൗകര്യമുണ്ട്. അസാധാരണ സന്ദർഭങ്ങളിൽ ഡി.എച്ച്.എയുടെ ഉപഭോക്തൃ സേവനകേന്ദ്രങ്ങളിൽ നേരിട്ടുള്ള സേവനവും ലഭ്യമാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)