മുന്നിൽ മുങ്ങിത്താഴുന്ന എസ്‍യുവി, ജീവൻ പണയംവെച്ച് പ്രവാസി ഇന്ത്യക്കാരൻ 5 പേരെ രക്ഷിച്ചു, ആദരിച്ച് യുഎഇ പൊലീസ്
യുഎഇയിൽ കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്ത്യക്കാരുടെയടക്കം അഞ്ച് പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ പ്രവാസിക്ക് ദുബൈ പോലീസിന്റെ ആദരവ്. ദുബൈയിൽ ട്രെയിനി ഓഡിറ്ററായ 28കാരൻ ഷാവേസ് ഖാനാണ് ആദരവ് ഏറ്റുവാങ്ങിയത്. മുങ്ങിക്കൊണ്ടിരുന്ന എസ് യു വിയിൽ നിന്ന് സ്വന്തം ജീവൻ പണയം വെച്ച് അഞ്ച് പേരുടെ ജീവൻ രക്ഷിച്ച് മാതൃകയായ ഷാവേസ് ഖാനെ മെഡലും 1000ദിർഹം കാഷ് അവാർഡും നൽകിയാണ് ആദരിച്ചത്. ദുബൈ പോലീസ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ കമ്മ്യൂണിറ്റി ഹാപ്പിനസ് ആക്ടിങ് ഡയറക്ടർ കേണൽ അലി ഖൽഫാൻ അൽ മൻസൂരിയാണ് അവാർഡ് സമ്മാനിച്ചത്.
ഇത്തരമൊരു അംഗീകാരം വിശ്വസിക്കാനാകുന്നില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് ഷാവേസ് ഖാൻ പറഞ്ഞു. അങ്ങനെയൊരു സന്ദർഭത്തിൽ ഏതൊരാളും ചെയ്യുന്ന കാര്യം മാത്രമാണ് താനും ചെയ്തത്. പക്ഷേ ദുബൈ പോലീസിൽ നിന്ന് കാൾ വന്നപ്പോൾ ശരിക്കും ഞെട്ടിപ്പോയി. അവിടെ നിൽക്കുന്നതും മെഡൽ വാങ്ങിയതും എല്ലാം ഒരു സ്വപ്നം പോലെയായിരുന്നെന്നും ഷാവേസ് പറഞ്ഞു. ഉത്തർ പ്രദേശിലെ മീററ്റിലെ ചെറിയ പട്ടണമായ ഫലൗഡ സ്വദേശിയാണ് ഷാവേസ് ഖാൻ. ദുബൈ പോലീസിൽ നിന്നുമുള്ള ആദരവിന്റെ വാർത്ത ആദ്യം വിളിച്ചുപറഞ്ഞത് വീട്ടിലേക്കായിരുന്നു. അവിടെ എല്ലാവരും വളരെ സന്തോഷത്തിലാണ്. `അന്നത്തെ ദിവസം നീ ഞങ്ങളെ ഏറെ ഭയപ്പെടുത്തി, എന്നാൽ ഇന്ന് അഭിമാനമാണ് നിന്നെയോർത്ത്’ – ആദരവിന്റെ വാർത്തയറിഞ്ഞപ്പോൾ അമ്മയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)