Posted By user Posted On

വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതില്‍ കണ്ണുവെച്ച് യുഎഇ; നേട്ടം ഈ മേഖലകളിലുള്ളവര്‍ക്ക്

യുഎഇയില്‍ മികച്ച ഒരു തൊഴില്‍ നേടണമെന്ന സ്വപ്നത്തോടെയാമോ നിങ്ങള്‍ മുന്നോട്ട് പോവുന്നത്? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഈ സന്തോഷ വാര്‍ത്തയാണ്. അടുത്ത 6 വര്‍ഷങ്ങള്‍ക്കുള്ളില്‍ 128 ബില്യണ്‍ ദിര്‍ഹത്തിന്‍റെ നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നീക്കമാണ് യുഎഇ നടത്തുന്നത്. ഇതോടെ ഉൽപ്പാദനം, സാങ്കേതികവിദ്യ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, ധനകാര്യം, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്സ്, റെന്യൂവബിള്‍ എനര്‍ജി തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ക്ലൗഡ് കമ്പ്യൂട്ടിങ്, AI, സൈബർ സെക്യൂരിറ്റി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്‍റ്, ഡാറ്റ അനാലിറ്റിക്സ്, റെന്യൂവബിള്‍ എനര്‍ജി, എഞ്ചിനീയറിങ് തുടങ്ങിയ മേഖലയിലെ വിദഗ്ദര്‍ക്ക് ഡിമാന്‍റ് വര്‍ധിക്കും. വെല്‍ത്ത് മാനേജര്‍, ക്രെഡിറ്റ് റിസ്ക് അനലിസ്റ്റ്, 3D പ്രിന്റിംഗ്, ഓട്ടോമേഷൻ എന്നീ മേഖലയിലെ വിദഗ്ധർ തുടങ്ങിയവരെയും അടുത്ത 6 വർഷങ്ങള്‍ക്കുള്ളില്‍ യുഎഇ കമ്പനികള്‍ക്ക് ആവശ്യമായി വരും. വിദേശ നിക്ഷേപത്തിന്‍റെ വരവ് തന്നെയായിരിക്കും ഇതിലേക്ക് നയിക്കുന്ന പ്രധാന ഘടകം. 2023-ലെ 112 ബില്യൺ ദിർഹത്തിൽ നിന്ന് അടുത്ത ആറ് വർഷങ്ങള്‍ക്കുള്ളില്‍ 240 ബില്യൺ ദിർഹമായി വാർഷിക വിദേശ നിക്ഷേപ ഒഴുക്ക് വര്‍ധിപ്പിക്കാനുള്ള നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജിക്ക് കഴിഞ്ഞ ദിവസം യുഎഇ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. വിദേശ നിക്ഷേപം 2031-ഓടെ ഇരട്ടിയാക്കുന്നതിനാണ് യുഎഇ നീക്കങ്ങള്‍ നടത്തുന്നത്. പുതിയ ബിസിനസുകള്‍ യുഎഇ വിപണിയിലേക്ക് പ്രവേശിക്കുകയും കമ്പനികള്‍ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തെ തൊഴില്‍ മേഖലലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് സാക്സോ ബാങ്ക് മെന ട്രേഡിംഗ് ആൻഡ് പ്രൈസിംഗ് മേധാവി ഹംസ ദ്വീക് പറയുന്നത്. നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വിദേശ നിക്ഷേപത്തിന്‍റെ വരവ് സഹായിക്കും. സാങ്കേതികവിദ്യ, ധനകാര്യം, ലോജിസ്റ്റിക്സ്, റെന്യൂവബിള്‍ എനര്‍ജി തുടങ്ങിയ പ്രധാന മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ഡിമാന്‍റ് ഉയരുമെന്നും വളര്‍ച്ച കൈവരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ പ്രാദേശിക തൊഴിലാളികള്‍ക്കും ആഗോള പ്രൊഫഷണലുകൾക്കും മുന്നില്‍ പുതിയ വാതിലുകൾ തുറക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ തോതിലുള്ള പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമെല്ലാം വരുന്നതോടെ വിദഗ്ദരായ പ്രൊഫഷണലുകളുടെ ആവശ്യകത വര്‍ധിക്കും. ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ വര്‍ധനവ് ഉണ്ടാകുന്നതോടെ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി, പ്രൊഫഷണല്‍ സേവനങ്ങള്‍ തുടങ്ങിയ മറ്റ് മേഖലകളിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിര്‍മ്മാണം, വ്യാവസായിക നവീകരണം തുടങ്ങിയ മേഖലയിലും നിക്ഷേപം വര്‍ധിക്കും. ഇതോടെ എഞ്ചിനീയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, സപ്ലെെ ചെയിന്‍ പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കുള്ള ഡിമാന്‍റ് കൂടും. 3D പ്രിന്‍റിങ്, ഓട്ടോമേഷന്‍ തുടങ്ങിയ നൂതന ഉല്‍പ്പാദന മാര്‍ഗങ്ങളിലൂടെയും തൊഴിലവസരങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത ഏറെയാണ്. ഐടി മേഖലയുടെ വളര്‍ച്ചയിലും വിദേശ നിക്ഷേപത്തിന്‍റെ വരവ് നിര്‍ണായക ഘടകമായി മാറും. ഇതോടെ എഐ, സൈബര്‍ സുരക്ഷ, സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. രാജ്യത്ത് കൂടുതല്‍ വൈവിധ്യപൂര്‍ണ്ണവും കരുത്തുറ്റതുമായ തൊഴില്‍ വിപണി സൃഷ്ടിക്കാന്‍ 2031 നാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് സ്ട്രാറ്റജി സഹായിക്കുമെന്ന് ഗിവ്ട്രേഡ് ചെയര്‍മാനും സ്ഥാപകനുമായ ഹസ്സന്‍ ഫവാസ് പറഞ്ഞു. പരമ്പരഗാത മേഖലകളെ ആശ്രയിക്കുന്നത് കുറക്കാനാകുമെന്നും ടെക്നോളജി മേഖലയും ഐടി മേഖലയുമാണ് തൊഴില്‍ സൃഷ്ടിയെ നയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ നിക്ഷേപ പദ്ധതികള്‍ വഴി ഒരു രാ‍ജ്യത്ത് പുതിയ ബിസിനസുകള്‍ സ്ഥാപിക്കപ്പെടുമെന്നും അത് നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നും സെഞ്ചുറി ഫിനാന്‍ഷ്യലിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ വിജയ് വലേച്ച പറഞ്ഞു. വ്യവസായം, ഗതാഗതം, ലോജിസ്റ്റിക്‌സ്, സാമ്പത്തിക സേവനങ്ങൾ, പുനരുപയോഗ ഊർജ്ജം, ടെലികമ്മ്യൂണിക്കേഷൻസ്, വിവരസാങ്കേതികവിദ്യ തുടങ്ങിയ പ്രധാന മേഖലകളെ വികസിപ്പിക്കുക എന്നതാണ് ദേശീയ നിക്ഷേപ തന്ത്രം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ജിഡിപിയിലേക്കുള്ള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന 9.7 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി ഉയർത്തുന്നതിന് വേണ്ടി ആരംഭിച്ച 2031 നാഷണൽ ഡിജിറ്റൽ ഇക്കണോമി സ്ട്രാറ്റജിയുടെ പുരോഗതിയും യുഎഇ മന്ത്രിസഭ അവലോകനം ചെയ്തിരുന്നു. എണ്ണ ഇതര സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ടാണ് യുഎഇ മുന്നോട്ട് പോകുന്നത്. ചുരുക്കിപ്പറ‍ഞ്ഞാല്‍ വിദേശ നിക്ഷേപത്തിന്‍റെ വരവ് വര്‍ധിപ്പിക്കാനുള്ള യുഎഇയുടെ നീക്കങ്ങള്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version