Posted By user Posted On

ഏകപക്ഷീയമായി തൊഴിൽ കരാർ റദ്ദാക്കൽ: തൊഴിലാളിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന്‌ യുഎഇ

രാജ്യത്തെ തൊഴിൽ നിയമത്തിന്‌ വിരുദ്ധമായി ഏകപക്ഷീയമായി കരാർ റദ്ദാക്കിയാൽ തൊഴിലുടമ, തൊഴിലാളിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് യുഎഇ മാനവവിഭവ ശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. ഏകപക്ഷീയമായി തൊഴിൽ കരാർ റദ്ദാക്കാതെ ഇരുകൂട്ടരും തമ്മിൽ ധാരണയായശേഷമാണ് തൊഴിൽ രേഖകൾ റദ്ദാക്കേണ്ടത്. നിർദിഷ്ട കാലാവധി നിശ്ചയിച്ച് ജോലിയിൽ പ്രവേശിച്ച ഒരാൾ കാലാവധി തീരുംമുമ്പ്‌ തൊഴിൽ ഉപേക്ഷിച്ചാൽ സ്‌പോൺസറെ മുൻകൂട്ടി അറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ കരാറിലെ അടിസ്ഥാന നിയമങ്ങൾ തൊഴിലാളി ലംഘിച്ചാൽ രേഖാമൂലം താക്കീത് നൽകണം. മൂന്നാം തവണയും ലംഘിച്ചാൽ മാത്രമേ കരാർ റദ്ദാക്കാൻ സാധിക്കൂ. നിയമവിരുദ്ധമായി ജോലിയിൽനിന്ന് ഒരാളെ നീക്കിയാൽ നിയമാനുസൃതമായ നഷ്ടപരിഹാരം നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു. പിരിച്ചുവിട്ടത് തെറ്റാണെന്ന് കോടതി വിധിച്ചാൽ തൊഴിലാളിക്ക്‌ നഷ്ടപരിഹാരം നൽകണം. ജോലിയിൽനിന്ന് പിരിച്ചുവിടുമ്പോൾ നൽകിയ അവസാന മാസത്തെ വേതനം കണക്കാക്കി മൂന്നുമാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.

അതേസമയം, തൊഴിലുടമയ്ക്കെതിരെ പരാതി ലഭിച്ചാൽ ഇരുവിഭാഗത്തെയും മന്ത്രാലയത്തിൽ വിളിപ്പിച്ച് കേസ് അനുനയിപ്പിക്കാൻ ശ്രമിക്കും. ഇതു പരാജയപ്പെട്ടാൽ പരാതി സമർപ്പിച്ച തീയതിമുതൽ 14 ദിവസത്തിനകം അന്തിമ തീർപ്പിനായി തൊഴിൽ തർക്ക കേസ് കോടതിയിലേക്ക് മാറ്റും. കേസിൽ ഉൾപ്പെട്ടവർ എത്രയും വേഗം വിസമാറ്റ നടപടികൾക്ക് ശ്രമിക്കണം. തൊഴിൽ തർക്ക കേസ് വിധി വൈകിയാൽ തൊഴിലാളിക്ക് രണ്ടുമാസത്തെ വേതനത്തിന് അവകാശമുണ്ട്. ഇതു നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version