രണ്ടാം സെമസ്റ്റർ പരീക്ഷ ഇന്ന് മുതൽ; കോപ്പിയടിയും കൃത്രിമവും തടയാൻ മാർഗ നിർദേശങ്ങളുമായി യുഎഇ
2024-2025 അധ്യയന വർഷത്തേക്കുള്ള രണ്ടാം സെമസ്റ്റർ പരീക്ഷകൾ ഇന്ന് ആരംഭിക്കാനിരിക്കെ, അച്ചടക്കമുള്ളതും നീതിയുക്തവുമായ പരീക്ഷാ അന്തരീക്ഷം ഉറപ്പാക്കാൻ പൊതു, സ്വകാര്യ സ്‌കൂളുകൾക്ക് കർശനമായ മാർഗനിർദേശങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയം. മാർച്ച് 19 വരെ നടക്കുന്ന പരീക്ഷകളിൽ കോപ്പിയടിയും കൃത്രിമവും തടയുന്നതിനുള്ള ശക്തമായ നടപടികളാണ് അധികൃതർ മുന്നോട്ടുവെച്ചിരിക്കുന്നത്. പരീക്ഷാ ഹാളുകളിൽ ക്രമസമാധാനം നിലനിർത്തുന്നതിനും പരീക്ഷാ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന മോശം പെരുമാറ്റങ്ങൾ തടയുന്നതിനും ഇത് ലക്ഷ്യമിടുന്നു.കോപ്പിയടിക്കുന്നതിനോ മറ്റ് കൃത്രിമങ്ങൾ നടത്തുന്നതിനോ ഉള്ള ശ്രമങ്ങൾ തടയുന്നതിന് മൊബൈൽ ഫോണുകൾ, സ്മാർട്ട് ഉപകരണങ്ങൾ, ഡിജിറ്റൽ വാച്ചുകൾ എന്നിവ പരീക്ഷാ മുറികളിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ, വിദ്യാർഥികൾക്ക് ഉത്തരങ്ങളോ സിഗ്‌നലുകളോ കൈമാറാൻ പാടില്ല. പരീക്ഷാ ഹാളിൽ മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഏതൊരു ശ്രമവും കർശനമായി നിരോധിച്ചിട്ടുണ്ട്.പരീക്ഷയിൽ ഇലക്ട്രോണിക് ടെസ്റ്റിങ് സ്വീകരിച്ചതോടെ, പരീക്ഷാ സമയത്ത് ഉപയോഗിക്കുന്ന ടാബ്ലെറ്റുകളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയ ആപ്പുകളിലോ സുരക്ഷാ സംവിധാനങ്ങളെ മറികടക്കുന്ന പ്രോഗ്രാമുകളിലോ അംഗീകൃതമല്ലാത്ത സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് നിരോധിച്ചതായും അധികൃതർ അറിയിച്ചു. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി പരീക്ഷാ കാലയളവിലുടനീളം ഡിജിറ്റൽ ഉപകരണങ്ങൾ നിരീക്ഷിക്കും.വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിലേക്ക് ബാഗുകൾ കൊണ്ടുവരാൻ അനുവാദമില്ല. പേനകൾ, കാൽക്കുലേറ്ററുകൾ (അക്കാദമിക് നിലവാരം അനുസരിച്ച്) പോലുള്ള അവശ്യ ഉപകരണങ്ങൾ മാത്രമേ അനുവദിക്കൂ. കൂടാതെ, ഇലക്ട്രോണിക് പരീക്ഷാ സംവിധാനത്തിൽ എന്തെങ്കിലും കൃത്രിമം കാണിക്കുന്നത് തടയാൻ, പരീക്ഷയ്ക്കിടെ സ്‌ക്രീൻ സൂമിങ്ങിലെ നിയന്ത്രണങ്ങൾ ഉൾപ്പെടെ ടാബ്ലെറ്റുകളിലെ പ്രീസെറ്റ് കോൺഫിഗറേഷനുകൾ പാലിക്കണമെന്നും നിർദേശമുണ്ട്. പരീക്ഷയ്ക്കിടെ വിദ്യാർഥികൾ സഹപാഠികളിൽനിന്ന് ഉപകരണങ്ങൾ കടം വാങ്ങരുത്. ഹാളിൽ മറ്റുള്ളവരുമായി സംസാരിക്കുന്നത് ഒഴിവാക്കണം. ഏകാഗ്രതയെ സഹായിക്കുന്ന ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ക്രമക്കേടുകൾ നിരീക്ഷിക്കുന്നതിനായി ക്ലാസ്മുറികളിൽ നിരീക്ഷണ കാമറകൾ സജ്ജീകരിക്കും.അതേസമയം, മൊത്തത്തിലുള്ള പരീക്ഷാ തയ്യാറെടുപ്പുകളുടെ ഭാഗമായി, വിദ്യാർഥികളുടെ സന്നദ്ധത വർധിപ്പിക്കുന്നതിനും മികച്ച അക്കാദമിക് പ്രകടനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 10 പ്രധാന ജോലികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്‌കൂളുകൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പാഠ്യപദ്ധതി നിശ്ചിത സമയത്തിനകം പൂർത്തിയാക്കൽ, പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അക്കാദമിക് പിന്തുണാ സെഷനുകൾ നൽകൽ, പരീക്ഷാ ഘടനകൾ വിദ്യാർഥികളെ പരിചയപ്പെടുത്തൽ, സ്‌കൂൾ ഹാജർ മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കൽ, ഹാജരാകാത്ത വിദ്യാർത്ഥികളെ നിരീക്ഷിച്ച് പ്രശ്‌നത്തിന് പരിഹാരം കാണൽ, ആകർഷകമായ പഠന അന്തരീക്ഷം സൃഷ്ടിക്കൽ, വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ, ധാർമികതയിലൂന്നിയ അക്കാദമിക് സംസ്‌കാരം പ്രോത്സാഹിപ്പിക്കൽ, മാതാപിതാക്കളുമായുള്ള ആശയവിനിമയം ശക്തമാക്കൽ, വിദ്യാർഥികളിൽ ആത്മവിശ്വാസവും മാനസിക തയ്യാറെടുപ്പും വർധിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് നിർദേശങ്ങൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)