യുഎഇ പ്രവാസികള്‍ നെട്ടോട്ടമോടുമോ? വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരും, നാട്ടിലേക്ക് വരാന്‍ എളുപ്പമല്ല
യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളെ സംബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവ് ഏറെ ആശങ്ക പകരുന്ന കാര്യമാണ്. വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്ന തരത്തിലുള്ള ഒരു ട്രെന്‍ഡാണ് യുഎഇയില്‍ ട്രാവല്‍ രംഗത്ത് നിന്നുള്ള വിദഗ്ദര്‍ ഇനിയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നത്. ബിസിനസ് യാത്രകളില്‍ കുറവുണ്ടെങ്കിലും പെരുന്നാള്‍ അവധിയും സ്കൂളുകളിലെ വസന്ത കാല അവധിയും ഒരുമിച്ച് വരുന്നതാണ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നത്. ഈ സമയത്ത് വിമാന ടിക്കറ്റ് നിരക്കില്‍ 20 ശതമാനം മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.ഈ വര്‍ഷത്തെ പെരുന്നാള്‍ മാര്‍ച്ച് 31-ന് ആയിരിക്കുമെന്നാണ് പ്രതീക്ഷ. സ്കൂളുകളിലെ സ്പ്രിങ് ബ്രേക്ക് ആകട്ടെ, മാര്‍ച്ച് 18-ന് ആരംഭിക്കും. പെരുന്നാള്‍ അവധിയും സ്കൂള്‍ അവധിയും ഒരുമിച്ച് വരുന്നത് പോലെയുള്ള സാഹചര്യങ്ങളില്‍ ഹോളിഡേ ബുക്കിങുകളുടെ കാര്യത്തില്‍ 30 ശതമാനം വരെ വര്‍ധനവ് കാണാറുണ്ടെന്നാണ് മുസാഫിര്‍.കോം സിഒഒ റഹീഷ് ബാബു പറയുന്നത്. യുഎഇയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.അവധിക്കാല യാത്രകള്‍ക്കായി സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ലാത്വിയ, വിയറ്റ്നാം, തായ്ലന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ, ജോര്‍ജിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യുഎഇ താമസക്കാര്‍ കൂടുതലായും പോകുന്നത്. അതേ സമയം, അവധി ആഘോഷിക്കുന്നതിനായി സ്വന്തം നാടുകളിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളുടെ എണ്ണവും ഈ കാലയളവില്‍ വര്‍ധിച്ചേക്കാം. അവധിക്കാലത്ത് നാട്ടില്‍ പോകാതെ കുടുംബത്തെ യുഎഇയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്ന താമസക്കാരുമുണ്ട്.കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇതിനകം തന്നെ 15 മുതല്‍ 20 ശതമാനം വരെ വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് റഹീഷ് ബാബു കൂട്ടിച്ചേര്‍ത്തു. ആളുകള്‍ യാത്രക്ക് തൊട്ടു മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതും വര്‍ധനവിലേക്ക് നയിക്കുന്നുണ്ട്. ഡിമാന്‍റ് വര്‍ധിക്കുന്നതോടെ വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വിമാനക്കമ്പനികള്‍.പെരുന്നാള്‍ അവധിക്കാലത്തും സ്കൂള്‍ അവധിക്കാലത്തും സാധാരണയായി യുഎഇയിലെ വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിക്കാറുണ്ട്. എന്നാല്‍ സ്കൂള്‍ അവധിയും പെരുന്നാള്‍ അവധിയും ഒരുമിച്ച് വരാറില്ല. ഇത്തവണ ഇവ രണ്ടും ഒരുമിച്ച് വന്നതിനാലാണ് ടിക്കറ്റ് നിരക്കില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ വര്‍ധനവുണ്ടാകുന്നതെന്ന് എയര്‍ ട്രാവല്‍ എന്‍റര്‍പ്രൈസസ് ആന്‍റ് ടൂറിസം എല്‍എല്‍സിയിലെ ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ റീന ഫിലിപ്പ് ഖലീജ് ടൈംസിനോട് പറഞ്ഞു. നാട്ടിലേക്ക് പോകാന്‍ ഈ സമയം തെരഞ്ഞെടുക്കുന്ന നിരവധി പ്രവാസികളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)