Posted By user Posted On

യുഎഇയിൽ ആഘോഷരാവ്; എങ്ങും അലങ്കാരങ്ങൾ, സജീവമായി മാർക്കറ്റുകൾ

റമദാൻ ആരംഭിച്ചതോടെ യുഎഇയിൽ എവിടെയും ആഘോഷങ്ങളാണ്. നിരത്തുകളെല്ലാം അലങ്കാര വിളക്കുകളാൽ നിബിഡം. റമദാൻ പ്രത്യേക സൂഖുകളും മാർക്കറ്റുകളും സജീവമായിരിക്കുകയാണ്. ഷോപ്പിങ്ങിനും മറ്റുമായി തെരുവുകളിൽ എത്തുന്നത് ദിവസവും നിരവധി പേരാണ്. ഇമാറാത്തിന്റെ എല്ലാ മേഖലകളിലും റമദാനിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആഴ്ചകൾക്ക് മുൻപേ തന്നെ ആരംഭിച്ചിരുന്നു. അബുദാബി, ദുബൈ, ഷാർജ, അജ്മാൻ തുടങ്ങി എല്ലാ ന​ഗരങ്ങളിലും റമദാൻ ആഘോഷത്തിന്റെ സുന്ദര കാഴ്ചകൾ കാണാം.അയ്യായിരത്തോളം വരുന്ന ലൈറ്റ് ബോർഡുകളാണ് അബുദബിയിൽ ഒരുക്കിയിരിക്കുന്നത്. അബുദാബി കോർണിഷ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, ശൈഖ് സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പ്രധാനമായും അലങ്കാര വിളക്കുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമേ പ്രധാനപ്പെട്ട ബ്രിഡ്ജുകളിലും ഇട റോഡുകളിലുമെല്ലാം ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. റമദാൻ പ്രമേയത്തിലുള്ള അലങ്കാര ലൈറ്റുകളാണ് ഇവയൊക്കെ. പ്രധാന റോ‍‍ഡുകളെക്കൂടാതെ ഉൾപ്രദേശങ്ങളിലും ദ്വീപുകളിലും അലങ്കാര വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതോടെ അബുദാബിയുടെ രാത്രികാല കാഴ്ചകൾ അതി മനോഹരമായിരിക്കുകയാണ്. വിവിധ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും മുൻകൈയെടുത്താണ് നഗരത്തിന് പുത്തൻ മുഖം സമ്മാനിച്ചിരിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ലൈറ്റുകളും മറ്റും ഒരുക്കിയിരിക്കുന്നതെന്നതും മറ്റൊരു പ്രത്രേകതയാണ്. രാത്രികാലങ്ങളിൽ നിരവധി വിനോദ പരിപാടികൾ നഗരത്തെ സജീവമാക്കുന്നുണ്ട്. പ്രധാനപ്പെട്ട മാളുകളെല്ലാം തന്നെ സമയ ക്രമം പുനക്രമീകരിച്ച് രാത്രി വൈകിയും തുറന്നു പ്രവർത്തിക്കുന്നുണ്ട്. താമസക്കാർക്കും സന്ദർശകർക്കുമായി വിവിധങ്ങളായ സാംസ്കാരിക പരിപാടികൾ, ഇഫ്താർ, സുഹൂർ ഒത്തുചേരലുകൾ, ആകർഷകമായ ഓഫറുകൾ, വെടിക്കെട്ട് പ്രദർശനങ്ങൾ എന്നിങ്ങനെ നിരവധി പരിപാടികളാണ് ദുബൈയിലുള്ളത്. അൽ സീഫ്, ബ്ലൂ വാട്ടേഴ്സ് ഐലൻഡ്, ഫെസ്റ്റിവൽ സിറ്റി, ദ ബീച്ച് എന്നിവിടങ്ങളിലെല്ലാം തന്നെ കരിമരുന്ന് പ്രദർശനങ്ങളുമുണ്ടാകും. വസ്ത്രങ്ങൾ, ആഭരണങ്ങൾ, ബാഗുകൾ തുടങ്ങി ഗംഭീര ഷോപ്പിങ് നടത്താനായി നിരവധി സൂഖുകളും റമദാൻ പ്രത്യേക മാർക്കറ്റുകളും സജ്ജമാണ്. ഈ മാസം 27 വരെ ദുബൈ എക്സ്പോ സിറ്റിയിൽ ഹായ് റംസാൻ പരിപാടിയും നടക്കും. ഒട്ടക സവാരിയും ആഘോഷങ്ങളിലെ പ്രധാന ആകർഷണമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version