ഇന്ത്യയിൽ നിന്നും കപ്പലിൽ തുടങ്ങും; ഗൾഫിൽ റെയിൽ, അവസാനം യുഎസിൽ: ഇടനാഴിയിൽ ഇന്ത്യ-യുഎഇ നിർണ്ണായക ചർച്ച
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നത് സംബന്ധിച്ച് നിർണ്ണായക ചർച്ച നടത്തി ഇന്ത്യയും യു എ ഇയും. ഷിപ്പിംഗ് ലൈനുകൾ ഉൾപ്പെടെയുള്ള പങ്കാളികളെക്കുറിച്ച് ഇരു രാജ്യങ്ങളിലേയും പ്രതിനിധി സംഘം ചർച്ചകൾ നടത്തി. തുറമുഖ, റെയിൽ വേ അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ, ഊർജ്ജ, ഡിജിറ്റൽ കണക്റ്റിവിറ്റിയും സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിരിക്കും. സൗരോർജ്ജത്തിനായി യു എ ഇക്കും ഇന്ത്യയ്ക്കും ഇടയിൽ വൈദ്യുത ഗ്രിഡ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കാര്യക്ഷമത സൃഷ്ടിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഫലപ്രദമായ ബദൽ റൂട്ടായി സാമ്പത്തിക ഇടനാഴി മാറുമെന്നാണ് പ്രതീക്ഷ. മുൻ യോഗത്തിലെന്ന പോലെ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നു മറ്റു രാജ്യങ്ങളിലേക്കുമുള്ള ചരക്കു നീക്കം വേഗത്തിലാക്കാനുമുള്ള ചർച്ചകൾക്കാണ് ഈ യോഗത്തിലുമുണ്ടായതെന്നാണ് സൂചന.കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സെക്രട്ടറി ശ്രീ ടി കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം അബുദാബി തുറമുഖ സിഇഒ മുഹമ്മദ് ജുമ അൽ ഷാമിസിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ചർച്ച നടത്തിയത്. യു എ ഇയിലെ ഇന്ത്യൻ അംബാസഡർ എച്ച് ഇ സഞ്ജയ് സുധീർ, റൈറ്റ്സ് ലിമിറ്റഡ് സിഎംഡി ശ്രീ രാഹുൽ മിത്തൽ, ജവഹർലാൽ നെഹ്‌റു തുറമുഖ അതോറിറ്റി (ജെ എൻ പി എ) ചെയർമാൻ ഉന്മേഷ് വാഗ് എന്നിവരായിരുന്നു ഇന്ത്യൻ സംഘത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ. യോഗത്തിന് മുമ്പ്, ടെർമിനൽ ഓപ്പറേറ്റർമാർ, ഷിപ്പിംഗ് ലൈനുകൾ, കസ്റ്റംസ് എന്നിവരുൾപ്പെടെയുള്ള പങ്കാളികളുമായും ഇവർ ചർച്ച നടത്തി.2023 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ട്രാൻസ്കോണ്ടിനെന്റൽ കണക്റ്റിവിറ്റി പദ്ധതിയായ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEEC) നടപ്പിലാക്കാൻ തീരുമാനിക്കുന്നത്. ഇന്ത്യ, യു എ ഇ, യു എസ് എ, യൂറോപ്യൻ യൂണിയൻ, സൗദി അറേബ്യ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ പദ്ധതിയുടെ ഭാഗമാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)