Posted By user Posted On

താജ്മഹലിന്റെ ഫോട്ടോ പകർത്തി മലയാളി യുവാവ് നേടിയത് 23 ലക്ഷം രൂപ; യുഎഇയിൽ താരമായി തൃശൂർക്കാരൻ

ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുളളവർ മാറ്റുരച്ച യുഎഇയിലെ ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ മത്സരത്തിലെ പ്രധാന വിഭാഗമായ ‘മോസ്ക്സ് ആൻഡ് മസ്ജിദിലെ’ പുരസ്കാരം മലയാളിക്ക്. അതും ഇന്ത്യയുടെ സ്വന്തം താജ്മഹലിന്റെ ചിത്രം പകർത്തിയാണ് അൻവർ സാദത്ത് ടി എ, ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ പുരസ്കാരം നേടിയത്. ഫലകവും 1,00,000 ദിർഹവുമാണ് (ഏകദേശം 23 ലക്ഷം ഇന്ത്യൻ രൂപയിലധികം) സമ്മാനം.യുഎഇ ആരോഗ്യപ്രതിരോധമന്ത്രിയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസിൽ നിന്നാണ് അൻവർ പുരസ്കാരം ഏറ്റുവാങ്ങിയത്. ലോകമെമ്പാടുമുളള സംസ്കാരങ്ങളും സമൂഹങ്ങളും ആഴത്തിൽ പ്രതിഫലിപ്പിക്കാൻ കഴിയുന്ന സാർവ്വത്രിക ഭാഷയാണ് ഫൊട്ടോഗ്രഫി. ഈ സന്ദേശം നൽകിയാണ് അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററിന്റ ആഭിമുഖ്യത്തിൽ ‘സ്പേസസ് ഓഫ് ലൈറ്റ് ഫൊട്ടോഗ്രഫി’ മത്സരം നടത്തുന്നത്. സമാധാനം എന്ന പ്രമേയത്തിലാണ് പുരസ്കാരത്തിന്റെ എട്ടാം പതിപ്പ് നടന്നത്. നാല് വിഭാഗങ്ങളിലായി ആകെ 8,50,000 ദിർഹം സമ്മാനത്തുകയാണ് നൽകിയത്. ‘മോസ്ക്സ് ആൻഡ് മസ്ജിദ്’ എന്നതാണ് പ്രധാന വിഭാഗം. ഫലകവും 1,00,000 ദിർഹവുമാണ് വിജയിക്ക് സമ്മാനം. കൂടാതെ ടെക്സിനിക്കൽ ആൻഡ് ജനറൽ ഫൊട്ടോഗ്രഫി, ഡിജിറ്റൽ ആർട്ട്, ലൈഫ് അറ്റ് ദ മോസ്ക് എന്നതാണ് മറ്റ് മൂന്ന് വിഭാഗങ്ങൾ. ‘ലൈഫ് അറ്റ് ദ മോസ്ക്’ വിഭാഗത്തിൽ 3 ഉപവിഭാഗങ്ങളിലും സമ്മാനമുണ്ട്. ഒന്നാം സമ്മാനം 70,000 ദിർഹവും രണ്ടാം സമ്മാനം 50,000 ദിർഹവും മൂന്നാം സമ്മാനം 30,000 ദിർഹവുമാണ്. യുഎഇ, ഈജിപ്ത്, പലസ്തീൻ, സുഡാൻ, സ്ലോവേനിയ, മോൾഡോവ, കെനിയ, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുളളവരാണ് അവസാന റൗണ്ടിലെത്തിയത്. 60 രാജ്യങ്ങളിൽ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങൾ മത്സരത്തിൽ മാറ്റുരച്ചു.’മോസ്ക്സ് ആൻഡ് മസ്ജിദ്’ വിഭാഗത്തിൽ അൻവർ സാദത്ത് ടി.എ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഈജിപ്തിലെ വേൽ അൻസിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ‘ലൈഫ് അറ്റ് ദ മോസ്ക്’ കാറ്റഗറിയിലെ ‘നരേറ്റീവ് തീമി’ൽ ഇന്ത്യയിൽ നിന്നുളള ആരോൺ തരകൻ രണ്ടാം സ്ഥാനത്തെത്തി. വിഡിയോ ഫിലിംസ് വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുളള സലാവുദ്ദീൻ അയ്യൂബ് മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version