Posted By user Posted On

കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന കേസ്: ഇന്ത്യൻ യുവതിയുടെ വധശിക്ഷ യുഎഇ നടപ്പാക്കി

ഇന്ത്യൻ യുവതിയുടെ വധശിക്ഷ യുഎഇ നടപ്പാക്കിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഉത്തർ പ്രദേശ് ബാന്ദ സ്വദേശിയായ ഷഹ്സാദി ഖാൻ്റെ (33) വധശിക്ഷ ആണ് യുഎഇ നടപ്പാക്കിയത്. ഡൽഹി ഹൈക്കോടതിയിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. നാല് മാസം പ്രായമുള്ള കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്നു ഷഹ്സാദി ഖാൻ.യുഎഇ നിയമപ്രകാരം ഫെബ്രുവരി 15നാണ് ഷഹ്സാദി ഖാൻ്റെ വധശിക്ഷ നടപ്പാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഫെബ്രുവരി 28ന് യുഎഇയിലെ ഇന്ത്യൻ എംബസിക്ക് ലഭിച്ചതായി അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ കോടതിയിൽ വ്യക്തമാക്കി. മാർച്ച് അഞ്ചിന് ഷഹ്സാദി ഖാൻ്റെ സംസ്കാരം നടക്കുമെന്നും ചേതൻ ശർമ കോടതിയെ അറിയിച്ചു. ഷഹ്സാദി ഖാൻ്റെ നിലവിലെ അവസ്ഥ ആരാഞ്ഞ് പിതാവ് ഷബ്ബീർ ഖാൻ കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിശദീകരണം.ഷഹ്സാദി ഖാൻ പരിചരിച്ചിരുന്ന കുട്ടി മരണപ്പെട്ട കേസിലാണ് യുവതിക്ക് വധശിക്ഷയ്ക്ക് വധിച്ചത്. തുടർന്ന് അബുദാബിയിലെ അൽ വത്ബ ജയിലിൽ കഴിഞ്ഞുവരികയായിരുന്നു ഷഹ്സാദി ഖാൻ. 2021 ഡിസംബറിലാണ് വീട്ടുജോലിക്കായി ഷഹ്സാദി ഖാൻ യുഎഇയിലേക്ക് പോയത്. 2022 ഓഗസ്റ്റിൽ തൊഴിലുടമ ആൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ, പതിവ് വാക്സിനേഷനുകൾക്ക് ശേഷം 2022 ഡിസംബർ ഏഴിന് കുട്ടി മരണപ്പെട്ടു. 2023 ഡിസംബറിൽ ഷഹ്സാദി ഖാൻ്റെ കുറ്റസമ്മത വീഡീയോ പുറത്തുവന്നു.അതേസമയം തൊഴിലുടമയുടെയും കുടുംബത്തിൻ്റെയും പീഡനം മൂലമാണ് യുവതി കുറ്റസമ്മതം നടത്തിയതെന്നാണ് പിതാവ് ഷബ്ബീർ ഖാൻ്റെ ഹർജിയിലെ ആരോപണം. കുട്ടിയുടെ പോസ്റ്റ് മോർട്ടത്തിന് കുടുംബം അനുമതി നൽകാതിരുന്നതും തുടരന്വേഷണം വേണ്ടെന്നുവെച്ചതും സംശയകരമാണെന്നും പിതാവ് ഹർജിയിൽ ആരോപിച്ചിരുന്നു. 2023 സെപ്റ്റംബറിൽ ഷഹ്സാദി ഖാൻ്റെ അപ്പീൽ തള്ളിയ അബുദാബി കോടതി 2024 ഫെബ്രുവരി 28ന് വധശിക്ഷ ശരിവെക്കുകയായിരുന്നു. 2024 മെയ് മാസം ഷബ്ബീർ ഖാൻ പുതിയ ദയാഹർജി സമർപ്പിച്ചിരുന്നു.ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് മകളുടെ ഫോൺകോൾ ഷബ്ബീർ ഖാന് ലഭിച്ചിരുന്നു. വധശിക്ഷ ഉടൻ നടപ്പിലാക്കുമെന്നായിരുന്നു അറിയിച്ചത്. ഇതേ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാലാണ് ഷബ്ബീർ ഖാൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version