റമദാനിൽ വൈജ്ഞാനിക ആഘോഷവുമായി നാഷനൽ ലൈബ്രറി
ദോഹ: റമദാൻ മാസത്തിലുടനീളം വൈവിധ്യമാർന്ന പരിപാടികളുമായി ഖത്തർ നാഷനൽ ലൈബ്രറി (ക്യു.എൻ.എൽ). കുടുംബങ്ങൾക്കും കുട്ടികൾക്കും കലാപ്രേമികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനുള്ള സവിശേഷ അവസരമാണ് ക്യു.എൻ.എൽ ഒരുക്കിയിരിക്കുന്നത്.
ആറു വയസ്സ് മുതൽ 11 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള ‘ഗസ് ദി ലീഡർ’ മത്സരത്തോടെയാണ് തുടക്കം കുറിക്കുന്നത്. മാർച്ച് മൂന്നിന് ആരംഭിച്ച പരിപാടി ഈ മാസം 26 വരെ എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിലും നടക്കും. ഇസ് ലാമിക ചരിത്രത്തിലെ പ്രമുഖരെക്കുറിച്ച് കുട്ടികളുടെ അറിവിനെ പരീക്ഷിക്കുന്ന പരിപാടിയാണ് ഗസ് ദി ലീഡർ.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ക്യു.എൻ.എൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ഇസ് ലാമിക നേതാക്കളെക്കുറിച്ച പ്രശ്നോത്തരിയിലും പങ്കെടുക്കാനും ചിൽഡ്രൻസ് ലൈബ്രറിയിൽ ലഭ്യമായ കൺക്വറിംഗ് ഹീറോസ് പരമ്പരയിലെ പുസ്തക നമ്പറിനൊപ്പം ഉത്തരങ്ങൾ സമർപ്പിക്കാനും സംഘാടകർ അവസരമൊരുക്കിയിട്ടുണ്ട്. ഏപ്രിൽ 13നും 17നും ഇടയിൽ ആകർഷകമായ സമ്മാനങ്ങളോടെ വിജയികളെ പ്രഖ്യാപിക്കും.
നോമ്പെടുക്കുന്ന കുട്ടികളുടെ ആഘോഷമായ ഗരങ്കവോ മാർച്ച് 13ന് ലൈബ്രറി ആഘോഷിക്കും. ഇതോടൊപ്പം നിരവധി പരിപാടികളും കുട്ടികൾക്കായി ലൈബ്രറിയിൽ ഒരുക്കും. മാർച്ച് 15ന് കലാപ്രേമികൾക്ക് ഈദ് ആശംസാ കാർഡുകൾ എങ്ങനെ രൂപകൽപന ചെയ്യാമെന്ന് പഠിക്കാനും കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായി പങ്കിടാനും അവസരമൊരുക്കി ശിൽപശാല ലൈബ്രറിയിൽ നടക്കും. അതോടൊപ്പം ജനപ്രിയവും സൗജന്യവുമായ ഒൺലൈൻ ഗ്രാഫിക് ഡിസൈൻ ടൂളായ കാൻവ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ശിൽപശാലയും ലൈബ്രറി സംഘടിപ്പിക്കും.
മൊറോക്കോയിലെ പുസ്തക നിർമാണവുമായി ബന്ധപ്പെട്ട മഗ്രിബി പാരമ്പര്യത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളെയും പുസ്തക നിർമാണ സാങ്കേതികവിദ്യകളെയും പരിചയപ്പെടുത്തുന്ന പ്രദർശനം ലൈബ്രറിയിൽ തുടരുന്നുണ്ട്. മൊറോക്കോയിൽ രൂപംനൽകിയ ഏറ്റവും മനോഹരമായ കൈയെഴുത്ത് പ്രതികളും അൽ ഷിഫയുടെയും ദലായിൽ അൽ ഖൈറാത്തിന്റെയും പകർപ്പുകളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)