ഖത്തറില്‍ മാസപ്പിറ തെളിഞ്ഞു, ഇഫ്താറിനും പ്രാർഥനകൾക്കും വിപുലമായ സൗകര്യങ്ങൾ
ദോഹ: തണുപ്പ്കാലത്തിന് ആവേശമായി നാടൊന്നാകെ ഉത്സവഛായ തീർത്ത ആഘോഷങ്ങൾക്ക് അവധി നൽകി ഖത്തർ ഉൾപ്പെടെ പ്രവാസ ലോകത്തെ വിശ്വാസികൾ റമദാനിന്റെ വിശുദ്ധ നാളുകളിലേക്ക്. നാട്ടിൽ ഞായറാഴ്ചയാണ് നോമ്പിന് തുടക്കമെങ്കിലും ഖത്തറിലെ പ്രവാസികൾ ഒരുദിവസം മുമ്പേ റമദാനിലേക്ക് പ്രവേശിക്കുകയാണ്.
വെള്ളിയാഴ്ച ശഅ്ബാൻ 29 തികഞ്ഞതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചന്ദ്രപ്പിറവി നിരീക്ഷിക്കാൻ ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിന്റെ മാസപ്പിറവി കമ്മിറ്റി സംവിധാനങ്ങൾ ഒരുക്കിയിരുന്നു.
മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച റമദാൻ വ്രതം ആരംഭിക്കുന്നതായി ഔഖാഫ് ആസ്ഥാനത്ത് ചേർന്ന യോഗത്തിനു പിന്നാലെ അധികൃതർ അറിയിച്ചു.
റമദാനെ വരവേൽക്കുന്നതിന്റെ ഭാഗമായി വിപുലമായ സംവിധാനങ്ങളാണ് മന്ത്രാലയങ്ങളുടെയും മറ്റും നേതൃത്വത്തിൽ ഒരുക്കിയത്. 2385 പള്ളികളിൽ തറാവീഹ് നമസ്കാരത്തിന് സൗകര്യമൊരുക്കിയിരുന്നു. മാസപ്പിറവിക്കു പിന്നാലെ വെള്ളിയാഴ്ച രാത്രിയോടെ തറാവീഹ് നമസ്കാരവും ആരംഭിച്ചു.
ഔഖാഫിനു കീഴിൽ 24 ഇടങ്ങളിൽ ഇഫ്താർ ടെന്റുകൾ ഇത്തവണ സജ്ജമാണ്. ഖത്തർ ചാരിറ്റി ഉൾപ്പെടെ സംവിധാനങ്ങളുടെ നേതൃത്വത്തിലും ഇഫ്താർ സൗകര്യങ്ങളുണ്ട്. പ്രതിദിനം 30,000ത്തോളം പേരെ വരെ ഔഖാഫിനു കീഴിൽ നോമ്പ് തുറപ്പിക്കാനാണ് അധികൃതർ സജ്ജീകരണങ്ങൾ ഒരുക്കുന്നത്.
പള്ളികളും കമ്യൂണിറ്റി സെന്ററുകളും കേന്ദ്രീകരിച്ച് റമദാൻ പ്രഭാഷണങ്ങളും മത്സരങ്ങളും മറ്റുമായും ഒരുമാസക്കാലം സജീവമാക്കുകയാണ് അധികൃതർ.
Comments (0)