Posted By user Posted On

അറി‍‍ഞ്ഞോ? വാട്‌സ്ആപ്പ് പേയ്‌മെന്‍റില്‍ പുത്തന്‍ ഫീച്ചര്‍ വരുന്നു; യുപിഐ ലൈറ്റ് ഉടന്‍

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് വളരെക്കാലമായി ഉപയോക്താക്കൾക്ക് പേയ്‌മെന്‍റ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഇതിനായി യുപിഐ ഉപയോഗിക്കാം. ഇപ്പോഴിതാ യുപിഐ ലൈറ്റ് ഫീച്ചർ ഉടൻ തന്നെ ആപ്പിൽ ചേർക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ഉപയോക്താക്കൾക്ക് വേഗത്തിലും എളുപ്പത്തിലും പേയ്‌മെന്‍റുകൾ നടത്താനുള്ള ഓപ്ഷൻ നൽകും. വാട്‌സ്ആപ്പ് പേയ്‌മെന്‍റ് സിസ്റ്റത്തിൽ ഈ പുതിയ സവിശേഷത ചേർക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായിട്ടാണ് റിപ്പോർട്ടുകൾ. വാട്‌സ്ആപ്പ് യുപിഐ ലൈറ്റ് പരീക്ഷിക്കുകയാണെന്നും ചെറുതും ഇടയ്ക്കിടെയുള്ളതുമായ ഇടപാടുകൾ വേഗത്തിലും സൗകര്യപ്രദവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സവിശേഷതയാണിതെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഈ നീക്കം വാട്‌സ്ആപ്പിനെ ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങിയ പേയ്‌മെന്‍റ് ആപ്പുകളുമായി മത്സരിക്കാൻ സഹായിക്കും. പ്രത്യേകിച്ച് ഡിജിറ്റൽ പേയ്‌മെന്‍റുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യ പോലുള്ള വിപണികളിൽ വാട്‌സ്ആപ്പിന് ഏറെ ഗുണം ചെയ്യും.

വാട്‌സ്ആപ്പ് v2.25.5.17 ബീറ്റ പതിപ്പിന്‍റെ പരിശോധനയിൽ അടുത്തിടെ യുപിഐ ലൈറ്റുമായി ബന്ധപ്പെട്ട കോഡുകളുടെ സ്ട്രിംഗുകൾ കണ്ടെത്തി. വാട്‌സ്ആപ്പ് ഈ ഫീച്ചർ സജീവമായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഈ സ്ട്രിംഗുകൾ സൂചിപ്പിക്കുന്നത്. ഇത് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ബീറ്റ പതിപ്പിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ എന്നതിനാൽ, എല്ലാ ഉപയോക്താക്കൾക്കും ഇത് എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമല്ല. യുപിഐ ലൈറ്റ് പേയ്‌മെന്‍റുകൾ പ്രധാന ഡിവൈസിലേക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും സ്ട്രിംഗുകൾ സൂചിപ്പിക്കുന്നു. അതായത് ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ഇത് ഉപയോഗിക്കാൻ കഴിയില്ല.

ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് സിസ്റ്റത്തിന്റെ ഒരു വിപുലീകരണമാണ് യുപിഐ ലൈറ്റ്. തത്സമയ സ്ഥിരീകരണം ആവശ്യമുള്ളതും ബാങ്കിംഗ് സംവിധാനം ഉൾപ്പെടുന്നതുമായ പതിവ് യുപിഐ ഇടപാടുകളിൽ നിന്ന് വ്യത്യസ്‍തമായി, യുപിഐ ലൈറ്റ് ഉപയോക്താക്കളെ ഒരു വാലറ്റിലേക്ക് ചെറിയ തുക ലോഡ് ചെയ്യാൻ അനുവദിക്കുന്നു. ആവർത്തിച്ചുള്ള സ്ഥീരീകരണത്തിന്റെ ആവശ്യമില്ലാതെ തന്നെ വേഗത്തിലുള്ളതും കുറഞ്ഞ തുകയ്ക്കുള്ളതുമായ ഇടപാടുകൾക്കായി ഈ വാലറ്റ് പിന്നീട് ഉപയോഗിക്കാൻ സാധിക്കും.

ചെറിയ പേയ്‌മെന്‍റുകൾ വേഗത്തിലും കാര്യക്ഷമമായും നടത്തുക എന്നതാണ് യുപിഐ ലൈറ്റിന് പിന്നിലെ ആശയം. ഉദാഹരണത്തിന്, നിങ്ങൾ ഒരു വഴിയോര ചായക്കടയിൽ നിന്നും ഒരു കപ്പ് കാപ്പി വാങ്ങുകയോ ബസ് യാത്രയ്ക്ക് പണം നൽകുകയോ ചെയ്യുകയാണെങ്കിൽ, ഇടപാട് പൂർത്തിയാക്കാൻ നിങ്ങൾ ഒന്നിലധികം ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. പകരം, നിങ്ങളുടെ യുപിഐ വാലറ്റിൽ നിന്ന് നേരിട്ട് പണം നൽകാം. ഇത് പീക്ക് ഇടപാട് സമയങ്ങളിൽ പേമെന്‍റ് ഫെയിൽ ആകാനുള്ള സാധ്യത കുറയ്ക്കും. യുപിഐ ലൈറ്റ് പേയ്‌മെന്‍റ് സിസ്റ്റം മറ്റ് പ്ലാറ്റ്‌ഫോമുകളിൽ പ്രവർത്തിക്കുന്നതിന് സമാനമായി, വാട്‌സ്ആപ്പിന്‍റെ യുപിഐ ലൈറ്റ് ഫീച്ചർ പിൻ-ഫ്രീ പേയ്‌മെന്‍റ് ഓപ്ഷനും വാഗ്ദാനം ചെയ്യുമെന്ന് ബീറ്റ പതിപ്പിൽ കാണുന്ന സ്ട്രിംഗ് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ വാട്‌സ്ആപ്പ് ഇതിനകം തന്നെ യുപിഐ പേയ്‌മെന്‍റുകളെ പിന്തുണയ്ക്കുന്നുണ്ട്. എന്നാൽ യുപിഐ ലൈറ്റ് കൂടി ചേർക്കുന്നത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കും. യുപിഐ ലൈറ്റിന് പുറമേ, വാട്‌സ്ആപ്പ് അതിന്‍റെ പ്ലാറ്റ്‌ഫോമിൽ ബിൽ പേയ്‌മെന്‍റ് ഓപ്ഷനുകൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. ഇത് ആപ്പിനുള്ളിൽ തന്നെ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കുന്നതും മൊബൈൽ പ്ലാനുകൾ റീചാർജ് ചെയ്യുന്നതും മറ്റും സാധ്യമാക്കും. അതേസമയം ഈ സവിശേഷതകൾ എല്ലാ ഉപയോക്താക്കൾക്കും എപ്പോൾ ലഭ്യമാകുമെന്ന് വാട്‍സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. നിലവിൽ, ഇത് ആദ്യം ബീറ്റ പതിപ്പിൽ പരീക്ഷിക്കും. അതിനുശേഷം മാത്രമേ ഇത് സാധാരണ പതിപ്പിന്‍റെ ഭാഗമാക്കൂ. അത്തരമൊരു സാഹചര്യത്തിൽ, ഉപയോക്താക്കൾക്ക് കുറച്ചുനാളുകൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കാം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version