കാറ്റും തണുപ്പും; അതിശൈത്യത്തിൽ വിറച്ച് ഖത്തർ
ദോഹ: അഴിച്ചുവെച്ച തണുപ്പു കുപ്പായങ്ങളും കമ്പളിപ്പുതപ്പുമെല്ലാം വീണ്ടും വാരിയെടുത്ത് ശരീരമാസകലം മൂടുന്ന തിരക്കിലാണിപ്പോൾ ഖത്തറിലെ പ്രവാസികളും സ്വദേശികളും.
തണുപ്പ് പതിയെ കുറഞ്ഞ്, അന്തരീക്ഷം ചൂടുപിടിച്ചു തുടങ്ങിയതിനു പിന്നാലെ രണ്ടു ദിവസംകൊണ്ട് കാലാവസ്ഥ അടിമുടി മാറി.
ചുഴറ്റിവീശുന്ന കാറ്റിനൊപ്പമെത്തിയ തണുപ്പിൽ വീണ്ടും കിടുകിടാ വിറക്കുകയായി. പൈപ്പ് വെള്ളത്തിന് പൊള്ളുന്ന തണുപ്പ്. രാത്രിയിൽ ചൂടുകുപ്പായമില്ലാതെ പുറത്തിറങ്ങിയാൽ തണുത്ത് വിറച്ചുതീരുന്ന അവസ്ഥ.
സമീപ ആഴ്ചകളിലെ ഏറ്റവും ശക്തമായ തണുപ്പിനാണ് കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ സാക്ഷ്യംവഹിച്ചത്. ദോഹ ഉൾപ്പെടെ നഗര മേഖലകളിൽ 12 ഡിഗ്രിയിലേക്ക് വരെ അന്തരീക്ഷ താപനില കുറഞ്ഞപ്പോൾ, മരുപ്രദേശങ്ങളും കടൽത്തീരങ്ങളും ഉൾപ്പെടെ മേഖലകളിൽ ഇത് നാല് ഡിഗ്രി വരെ താഴ്ന്നതായി ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു.
ചൊവ്വാഴ്ചയിലെ ശരാശരി താപനില 15ഡിഗ്രിക്കും 18 ഡിഗ്രിക്കുമിടയിലായിരുന്നു രേഖപ്പെടുത്തിയത്.
ബുധനാഴ്ചയും സമാനമായ കാലാവസ്ഥ തന്നെ വിവിധ ഇടങ്ങളിൽ രേഖപ്പെടുത്തി. നാല് മുതൽ അഞ്ച് വരെ ഡിഗ്രി ചില മേഖലകളിൽ കുറഞ്ഞതായാണ് റിപ്പോർട്ട്. 13-14 ഡിഗ്രിയായിരുന്നു ശരാശരി താപനില. അബുസംബറയിൽ 10 ഡിഗ്രിയും ദോഹയിൽ 12ഉം, ദുഖാനിൽ 13ഉം ഡിഗ്രി രേഖപ്പെടുത്തി. എന്നാൽ, കാറ്റുകൂടി വീശിയടിക്കുന്നതോടെ അനുഭവപ്പെടുന്ന തണുപ്പിന്റെ കാഠിന്യവും കൂടുന്നു.
ഫെബ്രുവരി അവസാന വാരത്തിലും മാർച്ച് ആദ്യത്തിലുമായി തണുപ്പ് ശക്തമാവുമെന്ന് കാലാവസ്ഥാ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് മേഖലയിൽ അതിശൈത്യതരംഗം വർധിച്ചതിന്റെ ഭാഗമായാണ് തണുപ്പ് കൂടിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)