ഹജ് തീർഥാടകർക്ക് ഇളവ് ആവശ്യപ്പെട്ട് കെഎംസിസി ഖത്തർ
ദോഹ ∙ ഹജ് തീർഥാടനത്തിന് കേന്ദ്ര ഹജ് കമ്മിറ്റി മുഖേന അനുമതി ലഭിച്ച പ്രവാസി തീർഥാടകർക്ക് അവരുടെ ഒറിജിനൽ പാസ്പോർട്ട് മുൻകൂട്ടി സമർപ്പിക്കണമെന്ന നിബന്ധനയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ജനപ്രതിനിധികൾ മുഖേന മന്ത്രാലയങ്ങൾക്കും ഇന്ത്യൻ അംബാസഡർക്കും കെഎംസിസി ഖത്തർ നിവേദനം നൽകി. വിദേശത്ത് നിന്ന് ഹജ് യാത്രക്കൊരുങ്ങുന്നവർ കാലങ്ങളായി നേരിടുന്ന പ്രധാന പ്രശ്നത്തെ ഗൗരവമായി കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. ഒറിജിനൽ പാസ്പോർട്ട് ഹജ് യാത്രയുടെ മാസങ്ങൾക്ക് മുൻപ് ഹജ് കമ്മിറ്റിയിൽ സമർപ്പിക്കണമെന്ന നിയമം പ്രവാസി ഹജ് തീർഥാടകർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് തന്നെ ജോലി ചെയ്യുന്ന രാജ്യത്ത് നിന്ന് വിട്ടുനിൽക്കേണ്ടി വരുന്നതിനാൽ അവരുടെ തൊഴിൽ ബാധ്യതകൾ നിറവേറ്റുന്നതിലും ജോലിയിൽ നഷ്ടം സംഭവിക്കുന്നതിനും അവസരങ്ങൾ നഷ്ടപ്പെടുന്നതിനുമൊക്കെ കാരണമാകുന്നു. എല്ലാം ഡിജിറ്റൽവൽക്കരിക്കപ്പെട്ട ഈ കാലത്ത് ഇത്തരം നിയമങ്ങളിൽ കാലികമായ മാറ്റം വേണമെന്നും പ്രവാസി തീർഥാടകരുടെ ഹജ് നടപടിക്രമങ്ങൾ ലളിതമാക്കണമെന്നും കെഎംസിസി ഖത്തർ അധികൃതരോട് ആവശ്യപ്പെട്ടു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)