Posted By user Posted On

വിമാനയാത്രയ്ക്കിടെ മലയാളി വനിതകൾക്ക് ഹൃദയാഘാതം: ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയിട്ടും ചലനമറ്റ നിലയിൽ, രക്ഷകരായെത്തി ഡോക്ടർ സംഘം

വിമാനയാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായ 2 വനിതകൾക്ക് രക്ഷകരായെത്തി ഉംറ തീർഥാടക സംഘത്തിലെ 4 ഡോക്ടർമാർ. എടവണ്ണ വെസ്റ്റ് ചാത്തല്ലൂരിലെ മണ്ടത്തൊടിക പള്ളിക്കുത്ത് ആയിഷ (76), ഫറോക്ക് സ്വദേശി പാത്തൈ എന്നിവരെയാണ് ആകാശത്തു ചികിത്സ നൽകി ഡോക്ടർമാർ രക്ഷപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടർന്നു ശരീരം തളർന്ന ഇവർ ചലനമറ്റ നിലയിലായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിലെ ജനറൽ സർജൻ ബാസിം മേലേതൊടി, ഭാര്യ വണ്ടൂർ നിംസ് ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് മർജാൻ അബ്ദുൽ നസീർ, മർജാന്റെ സഹോദരി തൊട്ടിൽപാലം ഇഖ്റ ആശുപത്രിയിലെ ഇഎൻടി സ്പെഷലിസ്റ്റ് ഹഫീഫ അബ്ദുൽ നസീർ, ഹഫീഫയുടെ ഭർത്താവ് കോഴിക്കോട് മെഡിക്കൽ കോളജിലെ ശിശുരോഗ വിദഗ്ധൻ സബീൽ അബ്ദുല്ല എന്നിവരാണ് 2 യാത്രക്കാർക്ക് ആകാശത്തു രക്ഷകരായത്.

കെഎൻഎമ്മിന്റെ നേതൃത്വത്തിലുള്ള ഉംറ തീർഥാടക സംഘത്തിലായിരുന്നു ഡോക്ടർമാരും ആയിഷയും. സൗദി സമയം ഞായറാഴ്ച പുലർച്ചെയാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്കു തിരിച്ചത്. കരിപ്പൂരിൽ വിമാനമിറങ്ങുന്നതിന്റെ 2 മണിക്കൂർ മുൻപായിരുന്നു സംഭവം. ആദ്യം ആയിഷയാണ് തളർന്നത്. ഏറെനേരം പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ചലനമറ്റ നിലയിലായിരുന്നു.
വിമാന ജീവനക്കാരെത്തി ചികിത്സാ ഉപകരണങ്ങൾ നൽകി. ഡോക്ടർമാരുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണു ജീവൻ തിരിച്ചു കിട്ടിയത്. മറ്റൊരു ഉംറ സംഘത്തിലുണ്ടായിരുന്ന ഫറോക്ക് സ്വദേശിനി പാത്തൈ എന്ന തീർഥാടകയും തളർന്നുവീണു. ഇവർക്കും ചികിത്സ നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version