ഭാര്യ വിദേശത്ത്, പണമെല്ലാം ധൂർത്തടിച്ചു, തിരികെ വരാറായപ്പോൾ മോഷണം; വൻ കവർച്ചയുടെ കാരണം പൊലീസിനോട് വിശദീകരിച്ച് പ്രതി
വിദേശത്ത് നിന്ന് ഭാര്യ അയച്ച പണമെല്ലാം ധൂർത്തടിച്ച് തീർത്തു. ഒടുവിൽ ഭാര്യ നാട്ടിലേക്ക് വരുമെന്നായപ്പോൾ മോഷണത്തിറങ്ങി. ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ നടന്ന വൻ കവർച്ചക്ക് പിന്നിലെ കാരണം പൊലീസിനോട് വിശദീകരിച്ച് പ്രതി. ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പൊലീസിൻ്റെ പിടിയിലായത്. ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുമെന്നറിഞ്ഞതോടെ ഇയാൾ ധൂർത്തടിച്ച പണം തിരികെവെക്കാനാണ് മോഷണം നടത്താൻ പദ്ധതിയിട്ടത്. 15 ലക്ഷം രൂപയിൽ 5 ലക്ഷം ഇയാൾ ചെലവാക്കിയെന്നാണ് വിവരം. ബാക്കി 10 ലക്ഷമാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതിയെ പിടികൂടാൻ ശാസ്ത്രീയ മാർഗങ്ങൾ പലതും പൊലീസ് പ്രയോഗിച്ചു. ബാങ്കിലെ അക്കൗണ്ടുകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചു. ഒടുവിൽ പ്രതി പ്രദേശവാസി തന്നെയെന്ന നിഗമനത്തിലെത്തുകയായിരുന്നു. സ്വന്തം സ്കൂട്ടറിലാണ് ഇയാൾ മോഷണത്തിനെത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു വാഹനം ഓടിച്ചത്. സംഭവത്തിൽ ബാങ്ക് ജീവനക്കാരെ കേന്ദ്രീകരിച്ചും സിസിടിവി ക്യാമറകൾ പരിശോധിച്ചും ഇടപാടുകാരെ നിരീക്ഷിച്ചുമൊക്കെയാണ് അന്വേഷണം പുരോഗമിച്ചത്. സംഭവ ദിവസം രാത്രി 11 വരെ ജീവനക്കാരെ പുറത്തുപോകാൻ പൊലീസ് അനുവദിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്നും അവധിയിലായിരുന്ന ഒരാളിൽ നിന്നും പലവട്ടം മൊഴിയെടുത്തു. മുഴുവൻ ജീവനക്കാരുടെയും മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. സംഭവം നടന്ന് 52-ാം മണിക്കൂറിലാണ് പ്രതി പൊലീസ് പിടിയിലാകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)