Posted By user Posted On

നിക്ഷേപ സാധ്യതകൾ, സാമ്പത്തിക സഹകരണം; അമീറിന്റെ സന്ദർശനം ഇന്ത്യ–ഖത്തർ ബന്ധം സുദൃഢമാക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി

ദോഹ ∙ ഇന്നും നാളെയുമായി നടക്കുന്ന ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യ സന്ദർശനം ഇന്ത്യ- ഖത്തര്‍ ബന്ധത്തിൽ ചരിത്രമുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ. 2015-ല്‍ നടന്ന ആദ്യ സന്ദര്‍ശനത്തിന് ശേഷം അമീറിന്റെ രണ്ടാമത്തെ ഔദ്യോഗിക സന്ദര്‍ശനം കൂടിയാണിത്. ആദ്യ സന്ദര്‍ശനത്തിന് ശേഷം പ്രാദേശിക തലത്തിലും ആഗോള തലത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അമീറിന്റെ ഇന്ത്യാ സന്ദർശനം ഇന്ത്യ – ഖത്തർ സൗഹൃദബന്ധത്തെ മറ്റൊരു ഉയര്‍ന്ന നിലയിലേക്ക് കൊണ്ടുപോകാനുള്ള സുവര്‍ണാവസരമാണെന്നും അമീറിന്റെ സന്ദര്‍ശനം ചരിത്രമായി അടയാളപ്പെടുത്തപ്പെടുമെന്നും അംബാസഡർ പ്രസ്താവനയിൽ പറഞ്ഞു. അനവധി രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമുണ്ടാക്കുന്നതില്‍ ഖത്തര്‍ സുപ്രധാനമായ രാഷ്ട്രീയ ശബ്ദമായി മാറിയിട്ടുണ്ട്. 2022-ല്‍ ഫിഫ ലോകകപ്പ് നടത്തി വിജയകരമായ ആതിഥേയത്വം വഹിച്ചത് ഇന്ത്യന്‍ സമൂഹത്തിനും വലിയ ആഹ്ളാദം നല്‍കിയിരുന്നു. കോവിഡിന്റെ കടുത്ത കാലഘട്ടത്തില്‍ ഇരുരാജ്യങ്ങളും പരസ്പരം പിന്തുണച്ചതും ശ്രദ്ധേയമാണെന്നും അംബാസഡർ പറഞ്ഞു.
കഴിഞ്ഞ ഒരു ദശാബ്ദമായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടേയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കരുത്തുറ്റ നേതൃത്വത്തില്‍ ഇന്ത്യ- ഖത്തര്‍ രാഷ്ട്രീയ ബന്ധം ശക്തമാണ്. 2016-ലും 2024-ലും പ്രധാനമന്ത്രി മോദി ഖത്തറില്‍ സന്ദര്‍ശനം നടത്തിയിരുന്നു. രാജ്യാന്തര ഉച്ചകോടികളിലും കോവിഡ് കാലത്ത് ഉള്‍പ്പെടെയും ഇരുനേതാക്കളും ശക്തമായ ബന്ധം നിലനിർത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനിയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറും ഉന്നതതല ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രധാന രാജ്യാന്തര വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും കൂടിക്കാഴ്ച നടത്തിയിരുന്നു.
വ്യാപാരം എപ്പോഴും ഇന്ത്യ- ഖത്തര്‍ ബന്ധത്തിന്റെ പ്രധാന പാലമായിട്ടുണ്ട്. പഴയകാലത്ത് മസാലകളും മുത്തുകളും ആയിരുന്നു പ്രധാന കച്ചവട വസ്തുക്കള്‍. ഇന്നത് ഊര്‍ജ്ജ കയറ്റുമതികളടക്കമുള്ള പുതിയ മേഖലകളിലേക്കു വ്യാപിച്ചു. ഇരുരാജ്യങ്ങള്‍ക്കുമിടയിൽ രണ്ടു മില്ല്യൻ ഡോളര്‍ മുതല്‍ 15 മില്ല്യൻ ഡോളര്‍ വരെയുള്ള വാര്‍ഷിക വ്യാപാരം നടക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ഉൽപന്നങ്ങളില്‍ അരി, മസാലകള്‍, ചായ, മാംസം, എഞ്ചിനീയറിങ് ഉൽപന്നങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ സന്ദർശനം ഉപകരിക്കും. ഇന്ത്യന്‍ സര്‍ക്കാര്‍ വിദേശ നിക്ഷേപത്തിന് വാതിലുകള്‍ തുറക്കുകയും നിയമങ്ങള്‍ ലളിതമാക്കുകയും ചെയ്തു. ഇതിലൂടെ രാജ്യത്തേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 1 ട്രില്യൻ ഡോളറിലെത്തി. ഖത്തറിന്റെ ഇന്ത്യയിലെ നിക്ഷേപം 1.5 ബില്ല്യൻ ഡോളര്‍ പിന്നിട്ടു. ഇത് റീട്ടെയില്‍, വൈദ്യുതി, വിദ്യാഭ്യാസം, ഐ ടി, ആരോഗ്യം, കുറഞ്ഞ വരുമാനക്കാരുടെ ഹൗസിംഗ് എന്നീ മേഖലകളിലാണ് വ്യാപിച്ചിരിക്കുന്നത്. ഇന്ത്യ 6- 7 ശതമാനം സാമ്പത്തിക വളര്‍ച്ച നിരക്കില്‍ മുന്നേറുന്നതിനാല്‍ ലാഭകരമായ നിക്ഷേപ സാധ്യതകള്‍ ഏറെയുണ്ട്. ഇതില്‍ അടിസ്ഥാന സൗകര്യങ്ങള്‍, ലോജിസ്റ്റിക്സ്, ഊര്‍ജ്ജം, ഇലക്ട്രിക് വാഹനങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയവയുടെ സാധ്യത ഏറെയാണ്.
ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ചയില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ സാമ്പത്തിക സഹകരണം കൂടുതല്‍ വിപുലീകരിക്കാന്‍ കഴിയും. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് കേന്ദ്രങ്ങളിൽ ഒന്നാണ്. ഖത്തറിലെ വെബ് സമ്മിറ്റുകളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കാറുണ്ട്. ഈ സന്ദര്‍ശനത്തിനിടെയുള്ള ചർച്ചകൾ ഈ മേഖലകളില്‍ കൂടുതല്‍ സഹകരണം ഉറപ്പുവരുത്തുമെന്നും അംബാസഡർ വ്യക്തമാക്കി.
ഖത്തർ – ഇന്ത്യ ഊര്‍ജ്ജ സഹകരണം കരാർ 2024 ഫെബ്രുവരിയില്‍ പുതുക്കിയതോടെ 2028 മുതല്‍ 20 വര്‍ഷത്തേക്ക് ഖത്തറില്‍ നിന്ന് ഇന്ത്യയ്ക്ക് 7.5 മില്ല്യൻ ടണ്‍ എല്‍ എന്‍ ജി നല്‍കുമെന്ന 78 ബില്ല്യൻ ഡോളറിന്റെ കരാറിലാണ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും ഊര്‍ജ്ജ മേഖലയിലും കൂടുതല്‍ സഹകരിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. ഖത്തറിലെ വലിയ ഇന്ത്യന്‍ സമൂഹം ഖത്തര്‍ ഭരണകൂടത്തിന്റെ വലിയ പിന്തുണയോടെയാണ് നിലനില്‍ക്കുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version