Posted By user Posted On

ആവശ്യപ്പെട്ട സ്ത്രീധനം നൽകാത്തതിന് ഭർതൃവീട്ടുകാർ യുവതിക്ക് എച്ച്ഐവി കുത്തിവെച്ചെന്ന് പരാതി

ലഖ്നൗ: ആവശ്യപ്പെട്ട സ്ത്രീധനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ യുവതിക്ക് എച്ച്ഐവി കുത്തിവച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ സഹാറൻപൂരിലാണ് സംഭവം. പ്രാദേശിക കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
2023 ഫെബ്രുവരി 15 ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നിന്നുള്ള നാതിറാം സൈനിയുടെ മകൻ അഭിഷേക് എന്ന സച്ചിനുമായി തന്റെ മകൾ സോണാൽ സൈനിയുടെ വിവാഹം നടത്തിയത്. വിവാഹത്തിൽ വരന്റെ കുടുംബത്തിന് സ്ത്രീധനമായി ഒരു കാറും 15 ലക്ഷം രൂപയും നൽകി. എന്നാൽ, ഭർതൃവീട്ടുകാർ സന്തുഷ്ടരായിരുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ അവർ ഒരു സ്കോർപിയോ കാറും 25 ലക്ഷം രൂപയും ആവശ്യപ്പെടാൻ തുടങ്ങി.
ഇതിന് വഴങ്ങാത്തതിനാൽ ഭർതൃവീട്ടുകാർ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് ഹരിദ്വാറിലെ ജസ്വാവാല ഗ്രാമത്തിലെ പഞ്ചായത്ത് ഇടപെട്ട് സ്ത്രീയെ ഭർതൃവീട്ടിലേക്ക് തിരിച്ചയച്ചു. തുടർന്നും തന്റെ മകൾക്ക് ശരീരികവും മാനസികവുമായ പീഡനം സഹിക്കേണ്ടി വന്നതായി പിതാവ് പരാതിയിൽ പറഞ്ഞു. ഇതിന് പിന്നാലെ എച്ച്ഐവി കുത്തിവച്ച് യുവതിയെ കൊല്ലാൻ ഭർതൃവീട്ടുകാർ ഗൂഢാലോചന നടത്തിയെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ യുവതിയുടെ ആരോഗ്യം വഷളാകാൻ തുടങ്ങി. തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ യുവതിക്ക് എച്ച്ഐവി ബാധയുണ്ടെന്ന്സ്ഥിരീകരിക്കുകയായിരുന്നു.
ഭർത്താവ് അഭിഷേകിനെ പരിശോധിച്ചപ്പോൾ എച്ച്ഐവി നെഗറ്റീവ് ആണെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിക്കെതിരെ നടപടി സ്വീകരിച്ചില്ല. തുടർന്നാണ് പെൺകുട്ടിയുടെ പിതാവ് പ്രാദേശിക കോടതിയെ സമീപിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച്, ഗംഗോ കോട്‌വാലി പൊലീസ് സ്ത്രീധന പീഡനം, ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ പ്രകാരം അഭിഷേക് എന്ന സച്ചിനും മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version