യുഎഇയിലെ ശമ്പള പ്രശ്നങ്ങൾ: രഹസ്യമായി പരാതി നൽകാം, സഹായിക്കാൻ അധികൃതർ ‘റെഡിയാണ്’
യുഎഇയിൽ ചെയ്യുന്ന ജോലിക്ക് ശമ്പളം ലഭിക്കുന്നില്ലേ, അതോ വൈകിയാണോ ലഭിക്കുന്നത്, ശമ്പളവുമായി ബന്ധപ്പെട്ടുളള പ്രശ്നപരിഹാരത്തിന് തൊഴിലുടമ സഹകരിക്കുന്നില്ലേ, അടുത്ത വഴിയെന്താണ്. യുഎഇയിൽ തൊഴിലെടുക്കുന്നവർക്ക് കൃത്യമായ വേതനം നൽകാൻ അതത് തൊഴിലുടമ അല്ലെങ്കിൽ സ്ഥാപനം ബാധ്യസ്ഥരാണ്. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ യുഎഇ തൊഴിൽ നിയമത്തിൻറെ ലംഘനമാകും. ഇത്തരം സന്ദർഭങ്ങളിൽ നിയമ സഹായം തേടുകയെന്നുളളതാണ് ഒരു വഴി.∙ എവിടെയാണ് പരാതി നൽകേണ്ടത്
യുഎഇയിൽ വിവിധ തരത്തിലുളള തൊഴിൽ മേഖലകളുണ്ട്. അതുകൊണ്ടുതന്നെ ഏത് മേഖലയിലാണ് സ്ഥാപനമെന്നത് അനുസരിച്ച് വിവിധ മന്ത്രാലയങ്ങളെയോ അധികാരികളെയോ സമീപിക്കാം.
∙മാനവവിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം
മാനവവിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ റജിസ്ട്രർ ചെയ്തിട്ടുളള സ്ഥാപനങ്ങളിലാണെങ്കിൽ മന്ത്രാലയത്തിൽ ഇത് സംബന്ധിച്ച പരാതി നൽകാം. പരാതിക്കാരൻറെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ജീവനക്കാരൻറെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാനാണ് ഇത്.
∙ ദുബായ് പൊലീസ്
ദുബായ് പൊലീസിലും പരാതി നൽകാൻ കഴിയും. ഒരു സ്ഥാപനത്തിലെ ജീവനക്കാർക്ക് ഒരുമിച്ചോ വ്യക്തിപരമായോ പരാതി നൽകാൻ കഴിയും. ശമ്പളവുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങൾ മാത്രമല്ല, സ്ഥാപനത്തിലെ ജോലി സാഹചര്യം,തൊഴിലാളി താമസ മേഖലയിലെ പ്രശ്നങ്ങൾ എന്നിവയ്ക്കും ദുബായ് പൊലീസിൽ പരാതി നൽകാം. ജീവനക്കാരൻറെ സുരക്ഷയും സ്വകാര്യതയും മാനിച്ച് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
യുഎഇയിലെ തൊഴിൽ നിയമം അനുസരിച്ച് തൊഴിൽ കരാറിൽ വ്യക്തമാക്കിയിരിക്കുന്ന വേതന കാലയളവ് അവസാനിച്ചതിന് ശേഷമുള്ള മാസത്തിലെ ആദ്യ ദിവസം മുതൽ ജീവനക്കാരൻറെ വേതനം കുടിശ്ശികയാകും. കരാറിൽ വേതന കാലയളവ് പരാമർശിച്ചിട്ടില്ലെങ്കിൽ മാസത്തിലൊരിക്കൽ ശമ്പളം നൽകണം. അതേസമയം തന്നെ കരാറിൽ 15 ദിവസത്തിൽ കുറഞ്ഞ കാലയളവ് പരാമർശിച്ചിട്ടില്ലെങ്കിൽ ഈ കാലയളവ് കഴിഞ്ഞും ശമ്പളം നൽകുന്നില്ലെങ്കിൽ തൊഴിലുടമകൾക്ക് വീഴ്ച വന്നതായി കണക്കാക്കും.
∙വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യൂപിഎസ്)
യുഎഇയിലെ സ്വകാര്യമേഖല വേതന സംരക്ഷണ സംവിധാനം (ഡബ്ല്യൂപിഎസ് അഥവാ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം) നടപ്പിലാക്കിയിട്ടുണ്ട്. മാനവവിഭവശേഷി സ്വദേശി വൽക്കരണ മന്ത്രാലയത്തിൽ റജിസ്ട്രർ ചെയ്തിട്ടുളള തൊഴിലുടമകൾ വേതന സംരക്ഷണ സംവിധാനം (വേജ് പ്രൊട്ടക്ഷൻ സിസ്റ്റം) മുഖേന യുഎഇ സെൻട്രൽ ബാങ്കിൻറെ മേൽനോട്ടത്തിലുളള അംഗീകൃത ബാങ്കുകൾ വഴിയോ ധനകാര്യ സ്ഥാപനങ്ങൾ വഴിയോ ശമ്പളം കൃത്യമായി നൽകുകയും വേണം. വീഴ്ചവരുത്തിയാൽ പിഴയും പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കാതിരിക്കുന്നത് ഉൾപ്പടെയുളള നിയമനടപടികളും നേരിടേണ്ടിവരും.
∙മാനവവിഭവശേഷി മന്ത്രാലയത്തിലൂടെ പരാതി നൽകേണ്ടത് ഇങ്ങനെ
മാനവവിഭവശേഷി മന്ത്രാലയത്തിൻറെ ആപ്പ്(MOHRE app) ഡൗൺലോഡ് ചെയ്യുക.ഐഒഎസിലും ആൻഡ്രോയിഡിലും ഇത് ലഭ്യമാണ്. യുഎഇ പാസ് ഉപയോഗിച്ചോ എംഒഎച്ചആർഇ അക്കൗണ്ട് ഉപയോഗിച്ചോ ലോഗിൻ ചെയ്യുക. അക്കൗണ്ടില്ലെങ്കിൽ സൈൻ അപ് ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കാവുന്നതാണ്. അക്കൗണ്ടുണ്ടാക്കാൻ എമിറേറ്റ്സ് ഐഡി, പാസ്പോർട്ട് നമ്പർ അല്ലെങ്കിൽ ലേബർ കാർഡ് നമ്പർ എന്നിവ ആവശ്യമാണ്.
എൻറെ വേതനം ( My Salary)എന്നതിൽ ചെന്ന് ഈ സേവനത്തിനായി അപേക്ഷിക്കുകയെന്നത് (Apply for this Service) തിരഞ്ഞെടുക്കാം. മൊബൈൽ നമ്പർ നൽകുക, വേതനം സംബന്ധിച്ച പരാതി എന്താണ് എന്നതുനസരിച്ചുളള ഓപ്ഷൻ തിരഞ്ഞെടുക്കുക. പരാതി സമർപ്പിക്കുക
∙ദുബായ് പൊലീസിൽ പരാതി സമർപ്പിക്കുമ്പോൾ
ദുബായ് പൊലീസിൽ പരാതി നൽകുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ഉറപ്പുവരുത്തണം. ലേബർ കോർട്ടിലോ എംഒഎച്ച് ആർ ഇയിലോ പരാതികളൊന്നും നിലവിലില്ലെന്ന് ഉറപ്പിക്കണം. ദുബായ് താമസ വീസയുളളവരായിരിക്കണം.
മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അല്ലെങ്കിൽ ദുബായ് ഫ്രീ സോൺ പോലുള്ള മറ്റ് ഔദ്യോഗിക അധികാരികൾ രേഖപ്പെടുത്തിയതും അംഗീകരിച്ചതുമായ ഒരു സാധുവായ തൊഴിൽ കരാറോ വർക്ക് പെർമിറ്റോ നിങ്ങൾക്ക് ഉണ്ടായിരിക്കണം.പരാതി നൽകുന്നയാളുടെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടായിരിക്കരുത്. അനധികൃതമായി ജോലി ചെയ്തശേഷം പരാതിയുമായി ദുബായ് പൊലീസിനെ സമീപിക്കരുത്.യുഎഇയിൽ അനുവദനീയമായ ജോലിയായിരിക്കണം.
∙ദുബായ് പൊലീസ് ആപിലൂടെ പരാതി നൽകാം.
കമ്മ്യൂണിറ്റി സർവ്വീസ് എന്ന ഓപ്ഷനിൽ ചെന്ന് ഫയൽ എ ലേബർ കംപ്ലയിൻറ് എന്നതിൽ ക്ലിക്ക് ചെയ്യുക. എമിറേറ്റ് ഐഡി നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ അഡ്രസ് എന്നിവ നൽകുക. തൊഴിലുടമയുടെ അല്ലെങ്കിൽ സ്ഥാപനത്തിൻറെ വിവരങ്ങൾ നല്കുക. പരാതിയെന്താണ് എന്നുളളതും വ്യക്തമാക്കണം. അതിന് ശേഷം പരാതി സമർപ്പിക്കാം. എസ്എംഎസ് വഴിയോ മെയിൽ വഴിയോ പരാതിയുടെ റഫറൻസ് നമ്പർ ലഭിക്കും. ഈ നമ്പറിലൂടെ പരാതിയുടെ പുരോഗതി മനസിലാക്കാനാകും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)