ഊർജ മേഖലയിൽ ഇന്ത്യക്ക് പിന്തുണയുമായി ഖത്തർ
ദോഹ: ഊർജമേഖലയിലെ സഹകരണം ചർച്ചചെയ്ത് ഇന്ത്യയും ഖത്തറും.ന്യൂ ഡൽഹിയിൽ നടന്ന ഇന്ത്യ എനർജി വീക്കിന്റെ ഭാഗമായി ഖത്തർ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സഅദ് ശെരീദ അൽ കഅ്ബിയും ഇന്ത്യൻ പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരിയും നടത്തിയ ചർച്ചയിലാണ് ഊർജ മേഖലയിലെ വിവിധ സഹകരണം സംബന്ധിച്ച് ചർച്ച നടത്തിയത്.
ഭാവിയിലെ വർധിച്ച ഊർജാവശ്യങ്ങൾ നിറവേറ്റുന്നതിലും, ഊർജ മേഖലയിലെ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിലും ഖത്തർ പിന്തുണ വാഗ്ദാനം ചെയ്തു. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഗുജറാത്ത് പെട്രോളിയം, ഗുജറാത്ത് ഗ്യാസ് ലിമിറ്റഡ്, പെട്രോനെറ്റ് തുടങ്ങിയ ഇന്ത്യൻ ഊർജ കമ്പനി മേധാവികളുമായും അൽ കഅബി കൂടിക്കാഴ്ച നടത്തി.
രാജ്യത്തിന്റെ വളർച്ചക്കും മതിയായ ഊർജ വിതരണം ആവശ്യമാണെന്നും, ഇന്ത്യയുടെ ഊർജസ്രോതസ്സുകളുടെ വൈവിധ്യവത്കരണത്തിൽ ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എനർജി വീക്കിൽ പങ്കെടുത്ത മന്ത്രി ഓരോ രാജ്യത്തിന്റെയും സാമ്പത്തിക വളർച്ച പദ്ധതികൾ, ഊർജ ആവശ്യങ്ങൾ, പാരിസ്ഥിതിക ലക്ഷ്യങ്ങൾ എന്നിവ കണക്കിലെടുത്ത് സന്തുലിത ഊർജ മിശ്രിതത്തിലേക്കുള്ള മാറ്റത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)