കുറഞ്ഞ വിമാനനിരക്കിൽ നാട്ടിൽ പോകാൻ ‘സുവർണാവസരം’; വൈകിയാൽ നിരക്ക് ‘നാലിരട്ടി’
അബുദാബി/ ദുബായ് ∙ കുറഞ്ഞ വിമാനനിരക്കിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ സുവർണാവസരം. ഈ മാസം പകുതിയോടെ ഒരാൾക്ക് ദുബായിൽനിന്ന് കൊച്ചിയിലെത്തി മാർച്ച് 15ഓടെ തിരിച്ചുവരാൻ ശരാശരി 700 ദിർഹം മതി. നാലംഗ കുടുംബത്തോടൊപ്പമാണ് യാത്രയെങ്കിൽ 2800 ദിർഹത്തിന് ടിക്കറ്റ് കിട്ടും.
ഇതേ സെക്ടറിൽ മാർച്ചിൽ പോയി ഏപ്രിലിൽ തിരിച്ചുവരാൻ ഇരട്ടി തുകയും യുഎഇയിൽ വേനൽ അവധിക്കാലമായ ജൂലൈയിൽ പോയി ഓഗസ്റ്റ് അവസാനത്തോടെ തിരിച്ചുവരാൻ നാലിരട്ടിയും വിമാനക്കമ്പനിക്കാർ ഈടാക്കും. ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകുകയും ആവശ്യക്കാരുടെ എണ്ണം കൂടുകയും ചെയ്താൽ നിരക്ക് അഞ്ചും പത്തും ഇരട്ടിയായി വർധിക്കും.
∙ മാർച്ച്-ഏപ്രിലിൽ നിരക്ക് ഇരട്ടി
കെ.ജി മുതൽ 9 വരെയുള്ള കുട്ടികൾക്ക് മാർച്ചിലെ വാർഷിക പരീക്ഷ കഴിഞ്ഞ് യുഎഇയിൽ 3 ആഴ്ചത്തെ അവധിയുണ്ട്. മാർച്ച് 14ന് ഇവരുടെ പരീക്ഷ തീരും. ഇതോടെ നാട്ടിലേക്കു പോകുന്നവരുടെ എണ്ണം കൂടുമെന്ന് മുൻകൂട്ടി കണ്ട് ടിക്കറ്റ് നിരക്ക് രണ്ടിരട്ടി ഉയർത്തിയിരിക്കുകയാണ് എയർലൈനുകൾ. മാർച്ച് 15ന് നാട്ടിൽ പോയി ഏപ്രിൽ 5ന് തിരിച്ചുവരാൻ ഒരാൾക്ക് 1300 ദിർഹവും നാലംഗ കുടുംബത്തിന് 5200 ദിർഹവുമായി വർധിക്കും. ഇന്നലെ ബുക്ക് ചെയ്യുമ്പോഴത്തെ നിരക്കാണിത്. ഇന്നും നാളെയുമൊക്കെ പരിശോധിക്കുമ്പോൾ നിരക്കിൽ വ്യത്യാസമുണ്ടാകും.
∙ ജൂലൈ-ഓഗസ്റ്റ് നാലിരട്ടി
മധ്യവേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് കൂടുതൽ പ്രവാസി കുടുംബങ്ങൾ നാട്ടിലേക്ക് തിരിക്കുക. ഇതു മനസ്സിലാക്കി ഇപ്പോൾ തന്നെ എയർലൈനുകൾ നിരക്ക് കൂട്ടിത്തുടങ്ങി. നിരക്കുവർധനയിൽ സ്വദേശി-വിദേശി എയർലൈനുകൾ മത്സരത്തിലാണ്.
5 മാസം മുൻപ് ബുക്ക് ചെയ്യുമ്പോൾ പോലും ഒരാൾക്ക് 2500 ദിർഹമും നാലംഗ കുടുംബത്തിന് 10,000 ദിർഹമും വേണ്ടിവരുന്നു. ബുക്ക് ചെയ്യാൻ വൈകുന്നതിന് അനുസരിച്ച് നിരക്കിന്റെ ഗ്രാഫ് കുതിക്കുകയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)