ഖത്തറിൽ ഇന്നുമുതൽ പൊതുമാപ്പ്
ദോഹ: വിസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവർക്ക് രാജ്യംവിടാൻ അനുവാദം നൽകുന്ന പൊതുമാപ്പുമായി ഖത്തർ. മൂന്നു മാസത്തെ പൊതുമാപ്പ് കാലയളവ് (ഗ്രേസ് പിരിയഡ്) ഫെബ്രുവരി ഒമ്പത് ഞായറാഴ്ച ആരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മതിയായ താമസരേഖകളില്ലാതെ അനധികൃതമായി ഖത്തറിൽ കഴിയുന്നവർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരം ഒരുക്കുന്നതാണ് ഗ്രേസ് പിരിയഡ്. പ്രവാസികളുടെ എൻട്രി, എക്സിറ്റ്, റെസിഡൻസ് എന്നിവ നിയന്ത്രിക്കുന്ന 2015ലെ നിയമം (21) ലംഘിക്കുന്നവർക്ക് ഇളവുകൾ ഉപയോഗപ്പെടുത്തി രാജ്യം വിടാൻ അനുവാദം നൽകുകയാണ് ഇതുവഴി.
നിയമലംഘകർക്ക് ഹമദ് വിമാനത്താവളത്തിൽ നേരിട്ടെത്തിയോ സൽവ റോഡിലെ സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗത്തിലെത്തിയോ ഗ്രേസ് പിരിയഡ് ഉപയോഗപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദിവസവും ഉച്ചക്ക് ഒരു മണി മുതൽ രാത്രി ഒമ്പത് വരെയാണ് സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗം ഓഫിസ് പ്രവർത്തനസമയം. ഞായറാഴ്ച ആരംഭിക്കുന്ന ഗ്രേസ് പിരിയഡ് നിലവിലെ പ്രഖ്യാപന പ്രകാരം മേയ് ഒമ്പത് വരെ തുടരും.
വിസ കാലാവധി കഴിഞ്ഞിട്ടും താമസം തുടരുക, സന്ദർശക, കുടുംബ വിസകളിലെത്തി കാലാവധി കഴിഞ്ഞും തുടരുക തുടങ്ങി വിവിധ വിസ നിയമങ്ങൾ ലംഘിച്ച പ്രവാസികൾക്ക് പാസ്പോർട്ട് ഉൾപ്പെടെ രേഖകളുമായി ഹമദ് വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കി തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണിത്.
റെസിഡന്റ് പെർമിറ്റ് ഇല്ലാത്തവർ, ആർ.പി കാലാവധി കഴിഞ്ഞ് 90 ദിവസത്തിനുള്ളിലും പുതുക്കാതെ രാജ്യത്ത് തുടരുന്നവർ, തൊഴിലുടമയിൽ നിന്നും ഒളിച്ചോടി രാജ്യത്ത് തുടരുന്നവർ തുടങ്ങിയ വിഭാഗക്കാരാണ് സാധാരണയിലെ അനധികൃത താമസക്കാർ. അതേസമയം, പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മറ്റു നിയമപരമായ ബാധ്യതകളോ തടസ്സങ്ങളോ ഉണ്ടാവാൻ പാടില്ല. സാമ്പത്തിക കേസ് ഉൾപ്പെടെയുള്ളവർക്ക് അത് പൂർത്തിയാക്കി മാത്രമേ രാജ്യം വിടാൻ അനുവാദമുണ്ടാകൂ.
ലോകകപ്പ് ഫുട്ബാളിന് മുമ്പായി 2021 ഒക്ടോബർ മുതലായിരുന്നു നേരത്തെ ഖത്തർ ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചത്. ആദ്യം മൂന്നു മാസം പ്രഖ്യാപിച്ച പൊതുമാപ്പ് കാലയളവ്, ശേഷം നാലുമാസം കൂടി ദീർഘിപ്പിച്ചിരുന്നു. 20,000ത്തോളം അനധികൃത താമസക്കാർ ഈ ഇളവ് ഉപയോഗപ്പെടുത്തി നാടണയുകയും ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)